ജനിച്ചു വീഴുന്ന ചോരക്കുഞ്ഞിനെ അമ്മയുടെ വാത്സല്യത്തോടെ തങ്ങളുടെ കൈകളിലേക്ക് ഏറ്റു വാങ്ങുന്നത് മുതൽ, മനുഷ്യന്റെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും നഴ്‌സുമാരുടെ സാന്നിധ്യമുണ്ട്.
മെയ് 12 ലോക നഴ്സസ് ദിനം. ഭൂമിയിലെ മാലാഖാമാർക്കായി ഒരു ദിനം, കരുതലിന്റെയും സമർപ്പണത്തിന്റെയും പ്രതീകങ്ങളായ നഴ്‌സുമാരെ ആദരിക്കുന്ന ദിവസം. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലോകമെമ്പാടും അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിക്കുന്നത്. ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരു നഴ്‌സിന്റെ കരുതലും പരിചരണവും അനുഭവിക്കാത്തവർ വളരെ കുറവായിരിക്കും. രോഗത്തിന്റെ വേദനക്കിടയിലും ഒരു പുഞ്ചിരിയോടെ ആശ്വാസം നൽകുന്ന നഴ്സുമാരുടെ സാന്നിധ്യം പലപ്പോഴും നമ്മുക്ക് ആത്മവിശ്വാസവും സമാധാനവും നൽകിയിട്ടുണ്ടാകും.

രോഗിയുടെ വേദനയെ സ്വന്തം വേദനയായി കാണുകയും സ്നേഹവും സഹാനുഭൂതിയും കൊണ്ട് ആശ്വാസം പകരുകയും ചെയ്യുകയും ചെയ്യുന്നതോടൊപ്പം സ്വന്തം സുരക്ഷ പോലും അവഗണിച്ച് രാവും പകലുമില്ലാതെ രോഗികളെ പരിചരിക്കുന്ന നഴ്‌സുമാർ ആരോഗ്യരംഗത്തിന്റെ നെടുംതൂണാണ്.
ജനിച്ചു വീഴുന്ന ചോരക്കുഞ്ഞിനെ അമ്മയുടെ വാത്സല്യത്തോടെ തങ്ങളുടെ കൈകളിലേക്ക് ഏറ്റു വാങ്ങുന്നത് മുതൽ, മനുഷ്യന്റെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും നഴ്‌സുമാരുടെ സാന്നിധ്യമുണ്ട്. പ്രത്യേകിച്ച് ഐസിയു, സിസിയു പോലുള്ള അതീവ ഗുരുതര വിഭാഗങ്ങളിൽ ശെരിക്കും ഓരോനഴ്‌സുമാരുടെയും സാന്നിദ്ധ്യം പലപ്പോഴും ദൈവതുല്യമാണ്. പ്രതീക്ഷയോടെ തങ്ങളുടെ പ്രിയപ്പെട്ടവരെവയും കാത്ത് ഐസിയുവിന്റയും ക്രിട്ടിക്കൽ കെയർ യൂണിറ്റുകളുടെയും പുറത്തു കാത്തുനിൽക്കുന്ന കുടുംബങ്ങൾക്ക് ആത്മവിശ്വാസവും ആശ്വാസവും പകരുന്ന കരുതലിന്റെ മുഖങ്ങളാണ് അവർ.
ഹൃദയാഘാതം, ആൻജിയോപ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയകൾ എന്നിവയ്ക്കുശേഷം രോഗിയുടെ ഓരോ നിമിഷവും അതീവ നിർണായകമാണ്. കാർഡിയാക് യൂണിറ്റുകളിൽ രോഗിയുടെ ഹൃദയമിടിപ്പിലും ആരോഗ്യനിലയിലും ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിച്ച് സമയബന്ധിതമായി ഇടപെടുന്നത് നഴ്‌സുമാരാണ്.
പലപ്പോഴും ഒരു നിമിഷത്തെ കൃത്യമായ ഇടപെടൽ പോലും ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാകാറുണ്ട്. വെന്റിലേറ്റർ മാനേജ്മെന്റ് മുതൽ ക്രിട്ടിക്കൽ മോണിറ്ററിംഗ് വരെയും അടിയന്തര മരുന്നുകളുടെ കൃത്യമായ നിയന്ത്രിത ഉപയോഗം വരെയും ഉയർന്ന സാങ്കേതിക വൈദഗ്ധ്യത്തോടെ പ്രവർത്തിക്കുന്ന നഴ്‌സുമാർ ഇന്ന് ചികിത്സാ സംവിധാനത്തിന്റെ അനിവാര്യ ശക്തിയായി മാറിക്കഴിഞ്ഞു.
രോഗിയുടെ ഹൃദയമിടിപ്പിലോ രക്തസമ്മർദ്ദത്തിലോ ഓക്സിജൻ നിലയിലോ ഉണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിച്ച് അതിവേഗം പ്രതികരിക്കുന്നത് നഴ്‌സുമാരാണ്. പലപ്പോഴും രോഗിയുടെ ആരോഗ്യനില വഷളാകുന്നതിന്റെ ആദ്യ സൂചനകൾ തിരിച്ചറിയുന്നതും അവർ തന്നെയാണ്. അതുകൊണ്ടുതന്നെ ഇന്ന് ചികിത്സാ സംവിധാനത്തിലെ ഏറ്റവും വിശ്വസ്തവും നിർണായകവുമായ പങ്കാളികളായി ഈ മാലാഖമാർ മാറിയിരിക്കുകയാണ്.
സാങ്കേതിക വിദ്യയുടെ വളർച്ച നഴ്സിംഗ് മേഖലയെയും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഡിജിറ്റൽ മോണിറ്ററിംഗ് സംവിധാനങ്ങൾ, അഡ്വാൻസ്ഡ് മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ നഴ്സുമാർക്ക് കൂടുതൽ വൈദഗ്ധ്യം ആവശ്യമായി വരുന്നു. ചികിത്സയുടെ ഗുണമേന്മ ഉയർത്തുന്നതിനൊപ്പം രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ഈ സാങ്കേതിക അറിവ് അനിവാര്യമാണ്.
അതേസമയം, സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം മാനുഷിക സമീപനവും നഴ്സിംഗ് രംഗത്തിന്റെ മുഖമുദ്രയായി തുടരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആത്മവിശ്വാസവും മാനസിക പിന്തുണയും നൽകുന്നതിൽ ഭൂമിയിലെ മാലാഖമാർ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും ഒരു നഴ്സിന്റെ ഏറ്റവും വലിയ സംഭാവന.
നഴ്സുമാരുടെ സേവനത്തിന്റെ പ്രാധാന്യം സമൂഹം കൂടുതൽ അടുത്തറിഞ്ഞു തുടങ്ങിയത് കോവിഡ് മഹാമാരിക്കുശേഷമായിരുന്നു. ദീർഘനേരം ജോലി ചെയ്ത് രോഗികളുടെ ജീവൻ രക്ഷിക്കാൻ അവർ നടത്തിയ സമർപ്പിത സേവനം ആരോഗ്യരംഗത്തിന്റെ യഥാർത്ഥ കരുത്ത് ലോകത്തിന് മുന്നിൽ തെളിയിച്ചു നൽകുകയായിരുന്നു. എന്നാൽ ആഗോളതലത്തിൽ തന്നെ പരിചയസമ്പന്നരായ നഴ്സുമാരുടെ കുറവ് ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ്.
ഈ ലോക നഴ്സസ് ദിനത്തിൽ, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തായി നിലകൊള്ളുന്ന എല്ലാ നഴ്സുമാർക്കും ആദരവും ഹൃദയം നിറഞ്ഞ നന്ദിയും അർപ്പിക്കാം. എന്നാൽ ഈ ദിനം ഒരൊറ്റ ദിവസത്തെ ആശംസകളിലും ആഘോഷങ്ങളിലും മാത്രം ഒതുങ്ങരുത്.
“നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി: ശാക്തീകരിക്കപ്പെട്ട നഴ്സുമാർ ജീവൻ രക്ഷിക്കുന്നു” എന്നതാണ് ഈ വർഷത്തെ ലോക നഴ്സസ് ദിന പ്രമേയം. നഴ്‌സുമാരുടെ സേവനത്തെ അംഗീകരിക്കുകയും അതോടൊപ്പം ചികിത്സയിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ ഉള്ള പങ്കാളിത്തം ഉറപ്പാക്കുകയും അവരെ നിർണായക തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യേണ്ടതുണ്ട് എന്നതാണ് ഈ സന്ദേശത്തിന്റെ പ്രധാന ലക്ഷ്യം.
ലേഖനം തയ്യാറാക്കിയത്:
ഡോ. ഗീവർഗീസ് കെ. മാത്യു
(MBBS, MS, MCh, FRCS – കാർഡിയോത്തോറാസിക് സർജറി)
മെഡിക്കൽ സൂപ്രണ്ട്,
കൺസൾട്ടന്റ് കാർഡിയോത്തോറാസിക് & വാസ്കുലാർ സർജൻ,
ഡോ കെ എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചെങ്ങന്നൂർ


