സംഗീതം മുതൽ സൗന്ദര്യം വരെ; ഇന്ത്യയെ കീഴടക്കുന്ന 'കെ-വേവ്' എന്ന അത്ഭുതം

Published : Feb 14, 2026, 07:27 PM IST
k pop

Synopsis

ഇന്ന് ശരാശരി ഇന്ത്യൻ യുവാക്കളുടെ ഹൃദയം കൊറിയൻ താളത്തിനൊപ്പമാണ്. ഒരു ദശാബ്ദം മുൻപ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ‘കൊറിയൻ തരംഗം’, കോവിഡ് ലോക്ക്ഡൗണിന് ശേഷം ഇന്ത്യയിലാകെ വ്യാപിച്ചിരിക്കുകയാണ്.  

ഇന്ത്യൻ യുവത്വത്തിന്റെ പ്ലേലിസ്റ്റുകളിൽ ഇന്ന് ബി.ടി.എസും, ബ്ലാക്ക് പിങ്കും നിറയുകയാണ്. വീടുകളിലെ ടിവി സ്ക്രീനുകളിൽ കെ-ഡ്രാമകൾ ആധിപത്യം സ്ഥാപിക്കുന്നു. സംഗീതം, സിനിമ, ഭക്ഷണം, ഫാഷൻ, സൗന്ദര്യ സങ്കല്പങ്ങൾ, ഇന്ന് ഇന്ത്യയിലെ വിപണിയെയും സംസ്‌കാരത്തെയും ഭരിച്ചുകൊണ്ടിരിക്കുന്നത് കൊറിയൻ തരംഗമാണ് അഥവാ 'ഹാല്യു'. ഇന്ത്യൻ എക്സ്പ്രസ്സ് പുറത്ത് വിട്ട പഠനങ്ങളെ മുൻനിർത്തി എങ്ങനെയാണ് കൊറിയൻ സംസ്‌കാരം ഇന്ത്യയുടെ സിരകളിലേക്ക് പടർന്നതെന്ന് പരിശോധിക്കാം.

കോവിഡ് കാലത്തെ മാറ്റം

ഇന്ത്യയിൽ കൊറിയൻ തരംഗം നേരത്തെ തന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും, രാജ്യം മുഴുവൻ ഇത് വ്യാപിച്ചത് 2020-ലെ ലോക്ക്ഡൗൺ കാലത്താണ്. വീടുകളിൽ തളച്ചിടപ്പെട്ട ജനത നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിഞ്ഞപ്പോൾ 'ക്രാഷ് ലാൻഡിംഗ് ഓൺ യു', 'സ്ക്വിഡ് ഗെയിം' തുടങ്ങിയ ഡ്രാമകൾ തരംഗമായി. വൈകാരികമായ കഥപറച്ചിലും ഇന്ത്യൻ കുടുംബ സാഹചര്യങ്ങളോട് സാമ്യമുള്ള മൂല്യങ്ങളുമാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ കൊറിയൻ സീരീസുകളിലേക്ക് ആകർഷിച്ചത്.

സംഗീതം അതിരുകൾ ഭേദിക്കുന്നു

ഭാഷയറിയില്ലെങ്കിലും ബി.ടി.എസ് എന്ന ഏഴംഗ സംഘം ഇന്ന് ഇന്ത്യയിലെ ഓരോ വീട്ടിലുമുണ്ട്. പാശ്ചാത്യ സംഗീതത്തേക്കാൾ വേഗത്തിൽ കെ-പോപ്പ് ഇന്ത്യയിൽ വേരോടി. ബി.ടി.എസ് ആർമി എന്നറിയപ്പെടുന്ന ആരാധകക്കൂട്ടം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ കമ്മ്യൂണിറ്റികളിൽ ഒന്നാണ്. പാട്ടുകൾക്കപ്പുറം അവർ നൽകുന്ന മാനസികാരോഗ്യ സന്ദേശങ്ങളും, വിവേചനത്തിനെതിരെയുള്ള നിലപാടുകളും യുവതലമുറയെ ഏറെ സ്വാധീനിച്ചു.

അടുക്കളയിലെ കിംചി തരംഗം

കൊറിയൻ ഡ്രാമകൾ കണ്ടുതുടങ്ങിയതോടെ ഇന്ത്യൻ അടുക്കളകളിൽ 'രാമൻ' (Ramen) നൂഡിൽസിനും 'കിംചി'ക്കും പ്രിയമേറി. കൊറിയൻ ഭക്ഷണശാലകൾ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ മാത്രമല്ല, കൊച്ചി പോലുള്ള നഗരങ്ങളിലും സജീവമായി. ഇന്ന് സൂപ്പർ മാർക്കറ്റുകളിൽ കൊറിയൻ സോസുകളും നൂഡിൽസുകളും വിറ്റഴിയുന്നത് റെക്കോർഡ് വേഗതയിലാണ്. ഭക്ഷണത്തിലൂടെ മറ്റൊരു രാജ്യത്തെ അനുഭവിക്കുക എന്ന രീതിയിലേക്ക് ഇന്ത്യൻ ഉപഭോക്താക്കൾ മാറി.

ബ്യൂട്ടി ആൻഡ് ലൈഫ്‌സ്‌റ്റൈൽ

ജെൻ സികൾ ഇന്ന് ബ്യൂട്ടി പാർലറുകളിലും കോസ്മെറ്റിക് കടകളിലും തിരയുന്നത് 'കൊറിയൻ ഗ്ലാസ് സ്കിൻ' ഹാക്കുകളാണ്. ഷീറ്റ് മാസ്കുകൾ, സെറം എന്നിവയ്ക്ക് ഇന്ത്യയിൽ വലിയ മാർക്കറ്റ് സൃഷ്ടിക്കാൻ കൊറിയൻ തരംഗത്തിന് കഴിഞ്ഞു. സ്വാഭാവികമായ സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന കെ-ബ്യൂട്ടി ഉൽപ്പന്നങ്ങൾ ഇന്ന് ഇന്ത്യൻ ചർമ്മസംരക്ഷണ വിപണിയുടെ അവിഭാജ്യ ഘടകമാണ്.

സാമ്പത്തിക പ്രത്യാഘാതങ്ങൾ

ഇതൊരു വെറും സാംസ്‌കാരിക മാറ്റം മാത്രമല്ല, വലിയൊരു ബിസിനസ്സ് വിപ്ലവം കൂടിയാണ്. സാമ്സങ്, എൽജി, ഹ്യൂണ്ടായ് തുടങ്ങിയ കമ്പനികൾ നേരത്തെ തന്നെ ഇന്ത്യയിൽ ഉണ്ടെങ്കിലും, പുതിയ 'കെ-വേവ്' വഴി കൊറിയൻ ഭാഷാ പഠന ആപ്പുകൾക്കും കൊറിയൻ ടൂറിസത്തിനും വലിയ ഡിമാൻഡ് ഉണ്ടായിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ ഭാഷകളിൽ ഒന്നായി 'കൊറിയൻ' മാറിയിരിക്കുന്നു.

90-കളിലെ കുട്ടികൾക്ക് പ്രിയം പാശ്ചാത്യ പോപ്പ് സംഗീതമായിരുന്നെങ്കിൽ, ഇന്നത്തെ ജെൻ സി പൂർണ്ണമായും കൊറിയൻ വൈബിന് ഒപ്പമാണ്. അവർക്ക് ഇതൊരു ട്രെൻഡ് മാത്രമല്ല, അവരുടെ ഐഡന്റിറ്റിയുടെ ഭാഗമാണ്. കൊറിയൻ താരങ്ങളുടെ ഫാഷനും ഹെയർസ്റ്റൈലും പിന്തുടരുന്നതിൽ അവർ അഭിമാനം കൊള്ളുന്നു.

ഭാഷയുടെ അതിരുകൾ പ്രസക്തമല്ലെന്ന് തെളിയിക്കുന്നതാണ് ഇന്ത്യൻ മണ്ണിലെ കൊറിയൻ വിപ്ലവം. വൈകാരികമായ ബന്ധവും ഗുണനിലവാരമുള്ള ഉള്ളടക്കവും ഉണ്ടെങ്കിൽ ലോകത്തെ ഏത് സംസ്‌കാരത്തെയും മനുഷ്യർ ഏറ്റെടുക്കുമെന്ന് ഹാല്യു തരംഗം അടിവരയിടുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ