രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടം വാങ്ങുമ്പോൾ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണേ...

By Web TeamFirst Published Aug 4, 2019, 2:40 PM IST
Highlights

കുഞ്ഞിന് താൽപര്യമുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ രക്ഷിതാക്കൾ ശ്രമിക്കുക. കുഞ്ഞുങ്ങൾ ഏറെ നേരം സമയം ചിലവഴിക്കുന്ന ചില കളിപ്പാട്ടങ്ങൾ ഉണ്ടാകും. അതുപോലെ താല്പര്യമില്ലാത്തവയും. ഇക്കാര്യം മാതാപിതാക്കൾ വളരെ കൃത്യമായി മനസ്സിലാക്കണം. 

ഒരു കുഞ്ഞ് ഉണ്ടാകുന്നവെന്ന് അറിയുമ്പോൾ പൊന്നോമനയെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരിക്കും ഓരോ മാതാപിതാക്കളും. ഭൂമിയിലേക്ക് പിറന്നു വീഴുന്നതിനു മുൻപ് തന്നെ കുഞ്ഞിനായി വലിയ ഒരുക്കങ്ങൾ നടത്തുന്നവരുമുണ്ട്. മനോഹരമായി മുറിയൊരുക്കുക, കളിപ്പാട്ടങ്ങൾ വാങ്ങി നിറയ്ക്കുക എന്നിങ്ങനെയുള്ള ഒരുക്കങ്ങൾ. 

രക്ഷിതാക്കൾ തുടക്കത്തിൽ നിരവധി കളിപ്പാട്ടങ്ങൾ വാങ്ങിക്കും. എന്നാൽ, അത് കുഞ്ഞിന് ആവശ്യമുള്ളതാണോ ഉപയോ​ഗപ്പെടുമോ എന്നൊന്നും ചിന്തിക്കാറില്ല.  കുഞ്ഞിന് വേണ്ടി കളിപ്പാട്ടങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ഒന്ന്..

കളിപ്പാട്ടം വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് സുരക്ഷിതമാണോ എന്നതാണ്. കയ്യിൽ എന്തുകിട്ടിയാലും നേരെ വായിലേക്ക് കൊണ്ടുപോകുന്ന പ്രായമാണ് കുഞ്ഞിനെന്ന ഓർമ്മ വേണം. അതുകൊണ്ടുതന്നെ മൂർച്ചയുള്ള വശങ്ങൾ ഉള്ളതോ, കെമിക്കൽ കണ്ടന്റ് അടങ്ങിയതോ, അലർജിയുണ്ടാക്കുന്ന രോമത്തൂവൽ ഉള്ളതോ ആയ കളിപ്പാട്ടങ്ങൾ വാങ്ങാതിരിക്കുക. എത്ര ഭംഗിയുള്ള കളിപ്പാട്ടം ആയാലും ഇത്തരം പ്രശ്നങ്ങൾ കണ്ടാൽ ഒഴിവാക്കുക. 

രണ്ട്...

കുഞ്ഞിന്റെ കഴിവ് വളർത്താൻ സഹായിക്കുന്ന തരത്തിലുള്ള കളിപ്പാട്ടങ്ങളാകണം വാങ്ങേണ്ടത്. കൈയുടെ ചലനം കൂട്ടുന്നതും കേൾവിശക്തി ഷാർപ്പ് ആക്കുന്നതും കണ്ണിന് ദോഷം ഇല്ലാത്തതുമായ കളിപ്പാട്ടങ്ങൾ വാങ്ങുക.

മൂന്ന്...

ആദ്യത്തെ മൂന്ന് മാസം കഴിയുന്നതോടെ കുഞ്ഞിന്റെ തല ഉറയ്ക്കും. ഈ സമയം കുഞ്ഞിനെ ചെറിയ ആക്റ്റിവിറ്റികൾ അവനെക്കൊണ്ട് ചെയ്യിപ്പിക്കണം. കൈക്കും കാലിനും ചലനമുണ്ടാക്കാൻ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങി നൽകാം. ശാരീരിക ചലനങ്ങൾ പെട്ടെന്ന് ഭക്ഷണം ദഹിക്കാൻ സഹായിക്കുന്നു. കുഞ്ഞിന്റെ ഉറക്കവും കൃത്യമാവുകയും ചെയ്യുന്നു. 

നാല്...

ഓരോ കുഞ്ഞും ജനിച്ച് വീഴുമ്പോൾ തന്നെ അറിയാനും മനസ്സിലാക്കാനുമുള്ള കഴിവ് കുഞ്ഞിനുണ്ടായിരിക്കും. അതുകൊണ്ടാണ് ആദ്യം ദിനം തൊട്ട് അവൻ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു തുടങ്ങുന്നത്. കൈ കൊട്ടാനും തലയാട്ടാനും ചിരിക്കാനും വാക്കുകൾ അനുകരിക്കാനുമെല്ലാം വളരെ എളുപ്പത്തിൽ സാധിക്കുന്നത്. ഇങ്ങനെ ഓരോ കാര്യങ്ങളും എളുപ്പത്തിൽ പഠിച്ചെടുക്കാനുള്ള കുഞ്ഞിന്റെ കഴിവിനെ വളർത്തുന്ന കളിപ്പാട്ടങ്ങൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.

അഞ്ച്...

 കുഞ്ഞിന് താൽപര്യമുള്ള കളിപ്പാട്ടങ്ങൾ വാങ്ങാൻ രക്ഷിതാക്കൾ ശ്രമിക്കുക. കുഞ്ഞുങ്ങൾ ഏറെ നേരം സമയം ചിലവഴിക്കുന്ന ചില കളിപ്പാട്ടങ്ങൾ ഉണ്ടാകും. അതുപോലെ താല്പര്യമില്ലാത്തവയും. ഇക്കാര്യം മാതാപിതാക്കൾ വളരെ കൃത്യമായി മനസ്സിലാക്കണം. കുഞ്ഞുങ്ങളുടെ ഇഷ്ടം, അഭിരുചി എന്നിവ മനസ്സിലാക്കാൻ ഇതുകൊണ്ട് ഉപകരിക്കും. പിന്നീട് കുഞ്ഞുങ്ങൾക്ക് താല്പര്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാം. 


 

click me!