മിന്നലുള്ളപ്പോള്‍ കെട്ടിടങ്ങളുടെ അകത്ത് നില്‍ക്കാമോ? പ്രതിരോധം എങ്ങനെയെല്ലാമാകാം?

By Web TeamFirst Published Apr 19, 2019, 11:24 PM IST
Highlights

ശക്തമായ മിന്നൽ കൊച്ചിയില്‍ രണ്ട് പേരുടെ ജീവനാണ് കവ‍‍ർന്നത്. വരും ദിവസങ്ങളിലും മിന്നലും ഇടിയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ മിന്നലിനെ എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്ന് മനസിലാക്കാം

വേനല്‍മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലുമാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കൊച്ചിയില്‍ രണ്ട് പേരുടെ ജീവനും മിന്നല്‍ കവര്‍ന്നു. വരും ദിവസങ്ങളിലും ഈ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളറിയിക്കുന്നത്. ഈ സാഹചര്യത്തില്‍ മിന്നലിനെ എങ്ങനെയെല്ലാം പ്രതിരോധിക്കാമെന്ന് മനസിലാക്കാം. 

സംരക്ഷണം ലഭിക്കുന്നയിടങ്ങളില്‍ അഭയം തേടാം...

ഇടിമിന്നലുണ്ടാകുമ്പോള്‍ അതില്‍ നിന്ന് സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങളില്‍ അഭയം നേടാം. മിന്നല്‍ അകത്തേക്കെത്താത്ത ലോഹപ്രതലങ്ങളാല്‍ ചുറ്റപ്പെട്ടയിടങ്ങള്‍ സുരക്ഷിതമാണ്. ഉദാഹരണത്തിന്, സ്റ്റീല്‍ ഫ്രെയിമുള്ള കെട്ടിടങ്ങള്‍, കൂരയും ഭിത്തിയും ലോഹഷീറ്റ് കൊണ്ട് മൂടിയതും ജോയിന്റുകള്‍ ചാലകപ്രതലം ഉറപ്പാക്കുന്ന തരത്തില്‍ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ചതുമായ കെട്ടിടങ്ങള്‍ എന്നിവിടങ്ങള്‍. 

ലോഹ പ്രതലങ്ങളുള്ള വാഹനങ്ങളോ തുറന്ന വാഹനങ്ങളോ ഇതില്‍ പെടില്ലെന്ന് പ്രത്യേകം ഓര്‍മ്മിക്കുക. മിന്നലുള്ളപ്പോള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ അഭയം തേടാവുന്നതാണ്. എന്നാല്‍ ഇതെപ്പോഴും പൂര്‍ണ്ണമായി സുരക്ഷ നല്‍കണമെന്ന് നിര്‍ബന്ധമില്ല. എങ്കിലും തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നതിനെക്കാള്‍ നന്ന്. 

ഒഴിവാക്കേണ്ടയിടങ്ങള്‍...

ഉയരം കൂടിയ സ്ഥലങ്ങളില്‍ നില്‍ക്കാതിരിക്കുക. അവിടെയാണ് മിന്നല്‍ ആദ്യം പതിക്കുക. ലോഹനിര്‍മ്മിതമായ വസ്തുക്കളില്‍, അത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഒന്നും ഒരു കാരണവശാലും നില്‍ക്കരുത്. അതുപോലെ കുന്നിന്‍പുറങ്ങള്‍, തുറസ് പ്രദേശങ്ങള്‍, മരത്തണല്‍, ഒറ്റപ്പെട്ട മരക്കൂട്ടം, വന്‍മരങ്ങളുടെ സമീപസ്ഥലങ്ങള്‍ എന്നിവിടങ്ങളിലൊന്നും അഭയം തേടരുത്. 

വശങ്ങള്‍ തുറന്നുകിടക്കുന്ന തൊഴുത്ത്, കളപ്പുര, തുറസായ സ്ഥലത്ത് ഒറ്റപ്പെട്ട് നില്‍ക്കുന്ന കെട്ടിടം, ടവറുകള്‍, അതിന്റെ സമീപസ്ഥലങ്ങള്‍, ചെറുകുടിലുകള്‍ - ഇവിടങ്ങളിലൊന്നും നില്‍ക്കാതിരിക്കുക.

വൈദ്യുത കമ്പികള്‍, മറ്റ് ലോഹഘടനകള്‍ എന്നിവയുടെ സമീപത്ത് നിന്ന് നിര്‍ബന്ധമായും മാറണം. കുത്തനെയുള്ള ആന്റിനകള്‍, കൊടിമരം, ലോഹ പൈപ്പുകള്‍ എന്നിവയുടെ അടുത്തും നില്‍ക്കരുത്. ലോഹം കൊണ്ടുണ്ടാക്കിയ വേലികള്‍, കൈവരികല്‍ എന്നിവയുടെ സമീപത്തുനിന്നും കരുതലോടെ മാറുക. അതുപോലെ ലോഹനിര്‍മ്മിതമായ ഉപകരണങ്ങള്‍ തൊടുകയോ അടുത്തുവയ്ക്കുകയോ അരുത്. 

പുഴ, തടാകം, കുളം, നീന്തല്‍ക്കുളം, തുറസായ പ്രദേശത്തെ വെള്ളക്കെട്ട് ഇവയില്‍ നിന്നെല്ലാം അകലം പാലിക്കുക. ഇടി മിന്നലുണ്ടാകുമ്പോള്‍ സുരക്ഷ ഉറപ്പിക്കാനാകാത്ത ചെറിയ മുറികളിലോ പുറത്തോ ഒന്നും കൂട്ടമായി നില്‍ക്കരുത്. 

വാഹനങ്ങളുടെ കാര്യമാണെങ്കില്‍ മോട്ടോര്‍ കാറിനകത്തിരിക്കുകയോ അതിനോട് ചേര്‍ന്ന് നില്‍ക്കുകയോ ചെയ്യരുത്. റോഡ് റോളര്‍, റെയില്‍വേ ട്രാക്ക്, ലോഹനിര്‍മ്മിതമായ വാഹനങ്ങള്‍ എന്നിവയുടെയെല്ലാം സമീപത്ത് നിന്ന് മാറണം. സൈക്കിള്‍ ചവിട്ടുകയോ കുതിരയെ തെളിയിക്കുകയോ മോട്ടോര്‍ സൈക്കിളോടിക്കുകയോ ട്രാക്ടര്‍ ഓടിക്കുകയോ ചെയ്യരുത്. 

എവിടെയാണ് അഭയം തേടുന്നതെങ്കിലും, മിന്നലേല്‍ക്കാതിരിക്കാന്‍ കാല്‍പാദങ്ങളും കാല്‍മുട്ടും ചേര്‍ത്തുപിടിച്ച് കൈകള്‍ മുട്ടില്‍ ചുറ്റിവരിഞ്ഞ് താടി മുട്ടിന് മുകളില്‍ ഉറപ്പിച്ച് നിലത്ത് കുത്തിയിരിക്കണം. 

click me!