കരി പിടിച്ച പാത്രം വെളുപ്പിക്കാൻ ഇതാ നാല് ഈസി ടിപ്സ്

By Web TeamFirst Published Feb 14, 2020, 3:31 PM IST
Highlights

പല വീട്ടമ്മമാരും അനുഭവിക്കുന്ന പ്രശ്‌നമാണ് പാത്രം കരിഞ്ഞ് അടിയില്‍ പിടിക്കുന്നത്. കരിഞ്ഞ പാത്രത്തിലെ കറ മാറണമെങ്കിൽ അൽപം പ്രയാസമാണ്. കുറേനേരം വെള്ളത്തിൽ കുതിർത്തിട്ട് നന്നായി ഉരച്ചു കഴുകിയാലും കരി പൂർണ്ണമായും പോവില്ല.

പാചകത്തിനിടെ ചെറിയൊരു ശ്രദ്ധക്കുറവ് മതി അടുപ്പിൽ വച്ച പാത്രങ്ങൾ കരി പിടിക്കാൻ. പിന്നീടത് വൃത്തിയാക്കണമെങ്കിൽ അൽപം പ്രയാസമാണ്. കുറേനേരം വെള്ളത്തിൽ കുതിർത്തിട്ട് നന്നായി ഉരച്ചു കഴുകിയാലും കരി പൂർണ്ണമായും പോവില്ല. പാത്രത്തിലെ കരിഞ്ഞ കറ മാറാൻ നിങ്ങൾ ചെയ്യേണ്ടത് എന്താണെന്നോ...?

വിനാഗിരി...

ഒന്നാമതായി വിനാഗിരി കൊണ്ട് വൃത്തിയാക്കാം. ആദ്യമായി കരിഞ്ഞ പാത്രത്തില്‍ പകുതി വെള്ളമെടുക്കുക. അതിലേക്ക് വിനാഗിരി ചേര്‍ക്കുക. എന്നിട്ട് അടുപ്പത്ത് വച്ച്‌ ചൂടാക്കുക. വിനാഗിരിയും വെള്ളവും തിളച്ച്‌ തുടങ്ങുമ്പോൾ അടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഇളകി മാറുന്നതായി കാണാം. 

വാഷിങ് പൗഡര്‍...

മറ്റൊന്നാണ് വാഷിങ്‌ പൗഡര്‍, അടിക്കരിഞ്ഞ പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് 3 സ്പൂണ്‍ വാഷിങ്‌പൗഡര്‍ ഇട്ടു തിളപ്പിക്കുക. അപ്പോള്‍ പാത്രത്തിലെ കരിഞ്ഞഭാഗം ഇളകിപ്പോരുന്നത് കാണാം. വിനാഗിരിയും, വാഷിങ്‌പൗഡറും ഉപയോഗിച്ച്‌ കരിഞ്ഞ പാത്രം ചൂടാക്കി കഴിഞ്ഞതിനു ശേഷം പാത്രം ഒന്നുകൂടി സോപ്പോ, വാഷിങ്‌പൗഡറോ ഇട്ടു കഴുകണം. എങ്കില്‍ മാത്രമേ മുഴുവനായും വൃത്തിയാവുകയുള്ളൂ. അതുപോലെ വെള്ളം തീയില്‍ വയ്ക്കുമ്പോള്‍ 15 മിനിറ്റോളം വയ്ക്കേണ്ടതാണ്. ഇത് പാത്രം വെട്ടിത്തിളങ്ങാന്‍ സഹായിക്കുന്നു.

നാരങ്ങ നീര്....

കരിഞ്ഞ പാത്രം 10 മിനിറ്റ് വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം അൽപം നാരങ്ങ നീരും ഉപ്പും ചേർത്ത് നല്ല പോലെ പാത്രത്തിൽ തേച്ച് പിടിപ്പിക്കുക. ശേഷം സോപ്പ് ഉപയോ​ഗിച്ച് കഴുകാവുന്നതാണ്. കരിഞ്ഞ കറ മാറുക മാത്രമല്ല പാത്രം നല്ല പോലെ വെട്ടിത്തിളങ്ങാനും സഹായിക്കും. 

ചൂടുവെള്ളം....

ആദ്യം നല്ല ചൂടു വെള്ളത്തിൽ അൽപം ഉപ്പിട്ട് വയ്ക്കുക. കുറച്ചൊന്ന് തണുത്തതിന് ശേഷം കരി പിടിച്ച പാത്രം ഈ വെള്ളം ഉപയോ​ഗിച്ച് കഴുകുക. കറ മാറാൻ മാത്രമല്ല വെട്ടിത്തിളങ്ങാനും നല്ലതാണ്. 
 

click me!