'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡ്'; വിചിത്രമായ ആഘോഷം ഈ വര്‍ഷവും...

By Web TeamFirst Published Jan 13, 2020, 9:17 PM IST
Highlights

ലണ്ടന്‍ നഗരം ഉള്‍പ്പെടെ ലോകത്തുള്ള അറുപതോളം നഗരങ്ങളില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി പതിവായി ഈ ആഘോഷം നടന്നുവരുന്നു. ആളുകളിലെ നിരാശ ഒഴിവാക്കാനായിട്ടാണത്രേ ഈ ആഘോഷം സംഘടിപ്പിക്കുന്നത്. 2002ല്‍ ഒരുകൂട്ടം യുവാക്കള്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച 'നോ പാന്റ്‌സ് സബ്‍വേ റൈഡ്' എന്ന പരിപാടിയില്‍ നിന്നാണ് 'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡ്' എന്ന പരിപാടി ഉരുത്തിരിഞ്ഞ് വരുന്നത്

ഒരുപറ്റം ആളുകള്‍ മുഴുവന്‍ വസ്ത്രവും ധരിച്ച് ഒരിടത്ത് ഒത്തുകൂടുന്നു. അവിടെ വച്ച്, അരയ്ക്ക് താഴെയുള്ള മേല്‍വസ്ത്രങ്ങള്‍ മാത്രം അഴിച്ചുമാറ്റി, അടിവസ്ത്രത്തില്‍ നഗരം മുഴുവന്‍ യാത്ര ചെയ്യുന്നു. 'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡ്' എന്നാണ് ഈ പരിപാടിയുടെ പേര്. കേള്‍ക്കുമ്പോള്‍ നമുക്കിത് വിചിത്രമായ ഒരാഘോഷമായി തോന്നും.

എന്നാല്‍ ലണ്ടന്‍ നഗരം ഉള്‍പ്പെടെ ലോകത്തുള്ള അറുപതോളം നഗരങ്ങളില്‍ കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി പതിവായി ഈ ആഘോഷം നടന്നുവരുന്നു. ആളുകളിലെ നിരാശ ഒഴിവാക്കാനായിട്ടാണത്രേ ഈ ആഘോഷം സംഘടിപ്പിക്കുന്നത്.

2002ല്‍ ഒരുകൂട്ടം യുവാക്കള്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച 'നോ പാന്റ്‌സ് സബ്‍വേ റൈഡ്' എന്ന പരിപാടിയില്‍ നിന്നാണ് 'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡ്' എന്ന പരിപാടി ഉരുത്തിരിഞ്ഞ് വരുന്നത്. ലണ്ടന്‍, ലിസ്ബണ്‍, ടൊറന്റോ, ബെര്‍ലിന്‍ തുടങ്ങി പ്രമുഖമായ നഗരങ്ങളിലെല്ലാം നൂറുകണക്കിന് പേരുടെ പങ്കാളിത്തത്തോടെയാണ് എല്ലാ വര്‍ഷവും 'നോ ട്രൗസേഴ്‌സ് ട്യൂബ് റൈഡ്' സംഘടിപ്പിക്കുന്നത്.

സ്ത്രീകളും പുരുഷന്മാരും പ്രായമായവരും ചെറുപ്പക്കാരുമെല്ലാം ഇതില്‍ പങ്കാളികളാകുന്നു. സംഭവം സദാചാരവിരുദ്ധമാണെന്ന് തോന്നുമെങ്കിലും കര്‍ശനമായ നിയമങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ടത്. മേല്‍വസ്ത്രങ്ങളഴിച്ചുമാറ്റാം, എന്നാല്‍ അനുവദനീയമായ തരത്തിലുള്ള അടിവസ്ത്രങ്ങളേ ധരിക്കാവൂ. പരസ്പരം കളിയാക്കുകയോ, ലൈംഗികച്ചുവയോടെ നോക്കുകയോ പെരുമാറുകയോ അരുത്. അത്തരത്തിലെന്തെങ്കിലും ഇടപെടലുണ്ടായാല്‍ പൊലീസില്‍ അറിയിക്കപ്പെടുകയും നിയമനടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും.

click me!