കാഴ്ചയില്ലാത്ത ഭാര്യക്ക് വേണ്ടി പൂക്കള്‍ കൊണ്ട് സാമ്രാജ്യമൊരുക്കിയ ഭര്‍ത്താവ്; എന്തിനെന്നോ?

By Web TeamFirst Published Jun 28, 2019, 10:50 PM IST
Highlights

ജപ്പാനിലാണ് ഈ കഥ നടക്കുന്നത്. തോഷിയൂഖിയെന്ന കര്‍ഷകനും അദ്ദേഹത്തിന്റെ ഭാര്യ യസൂകോയും തങ്ങളുടെ ഫാമില്‍ കൃഷിയും പശുവളര്‍ത്തലുമൊക്കെയായി ജീവിക്കുകയായിരുന്നു

കാഴ്ചയില്ലാത്ത ഒരാളെ എങ്ങനെയാണ് ഒരു പൂന്തോട്ടം ആകര്‍ഷിക്കുക? ആര്‍ക്കും പെട്ടെന്ന് മനസില്‍ തോന്നിയേക്കാവുന്ന ഒരു ചോദ്യമാണിത്. ഇതിന്റെ ഉത്തരം വളരം ലളിതമാണ്. ഒരുപക്ഷേ ഇപ്പോള്‍ത്തന്നെ നിങ്ങളുടെ ഉള്ളില്‍ സൂചന വന്നിരിക്കാം. എങ്കിലും ആ കഥയൊന്ന് പറയാതെ വയ്യ!

ജപ്പാനിലാണ് ഈ കഥ നടക്കുന്നത്. തോഷിയൂഖിയെന്ന കര്‍ഷകനും അദ്ദേഹത്തിന്റെ ഭാര്യ യസൂകോയും തങ്ങളുടെ ഫാമില്‍ കൃഷിയും പശുവളര്‍ത്തലുമൊക്കെയായി ജീവിക്കുകയായിരുന്നു. ഇതിനിടെ ഒരുനാള്‍ യസൂകോയ്ക്ക് പ്രമേഹമുള്ളതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി. 

വര്‍ഷങ്ങള്‍ ഓരോന്നും കടന്നുപോകും തോറും യസൂകോയുടെ അസുഖം പ്രശ്‌നമായി വളര്‍ന്നു. പതിയെ കാഴ്ച മങ്ങാന്‍ തുടങ്ങി. കാഴ്ച നഷ്ടപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. ക്രമേണ യസൂകോയുടെ മുഴുവന്‍ കാഴ്ചയും നഷ്ടമായി. 

അതോടെ യസൂകോ വീട്ടില്‍, മുറിയടച്ചിരിപ്പായി. ഭര്‍ത്താവിനോട് പോലും സംസാരമില്ല. യസൂകോയെ എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന ആലോചനയിലായി തുടര്‍ന്ന് തോഷിയൂഖി. ഇതിനായി പല വഴികളും അന്വേഷിച്ചു. 

അങ്ങനെയിരിക്കെയാണ് വീടിന് സമീപം പുതിയൊരു പൂവ് വിരിഞ്ഞുനില്‍ക്കുന്നതായി കണ്ടത്. പിങ്ക് നിറത്തില്‍ മനോഹരിയായി കാണപ്പെട്ട പൂവിന്റെ സുഗന്ധമായിരുന്നു തോഷിയൂഖിയില്‍ ഏറെ കൗതുകമുണര്‍ത്തിയത്. ആ സുഗന്ധം തന്റെ ഭാര്യയുടെ നിരാശ നിറഞ്ഞ ജിവിതത്തിലേക്ക് പടര്‍ത്തിയാലോയെന്ന ആലോചന വന്നു. 

പിന്നെ ഒന്നും നോക്കിയില്ല. വിടിന് ചുറ്റും, പറമ്പിലും, ഫാമിലുമെല്ലാം തോഷിയൂഖി പൂക്കൃഷി തുടങ്ങി. അടുത്ത വസന്തം മുതല്‍ വീടിന് ചുറ്റും പിങ്ക് പരവതാനി വിരിച്ച പോലെയായി. പൂക്കളുടെ ഗന്ധം തോഷിയൂഖി ചിന്തിച്ച പോലെ തന്നെ, ഭാര്യയെ ഉണര്‍ത്തി. അവര്‍ മുറി തുറന്ന് പുറത്തിറങ്ങി. 

സ്‌നേഹത്തിന്റെ സൗരഭ്യത്തില്‍ അവര്‍ ഇരുട്ടും വേദനകളും മറന്നു. തോഷിയൂഖിയുടെ വലിയ ഉദ്യാനം കാണാന്‍ പതിയെ വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങി. ഇപ്പോള്‍ ഓരോ സീസണിലും ആറായിരം- ഏഴായിരം ടൂറിസ്റ്റുകള്‍ വരെ ഫാമിലെത്താറുണ്ട്. സന്ദര്‍ശകരോട് സംസാരിക്കുന്നതാണ് യസൂകോയുടെ പുതിയ ഹോബി. ജീവിതം മാറ്റിമറിച്ച പൂക്കളോട് ജീവിതത്തോടുള്ളയത്രയും തന്നെ സ്‌നേഹമാണെന്നും, പ്രായത്തിന്റെ എല്ലാ അവശതകളും ഉദ്യാനത്തിലൂടെയുള്ള ഒരു നടപ്പില്‍ മറന്നുപോകുമെന്നും വൃദ്ധ ദമ്പതികള്‍ പറയുന്നു.

click me!