'ഡിജിറ്റൽ യുഗത്തിൽ' ജനിച്ചു വളരുന്ന ജെൻ സി തങ്ങളുടെ മുൻഗാമികളേക്കാൾ ബുദ്ധിശക്തിയിൽ പിന്നിലാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്മാർട്ട്ഫോണുകളും എഐ (AI) സാങ്കേതികവിദ്യകളും മനുഷ്യനെ കൂടുതൽ സ്മാർട്ട്…
കാലം മാറുന്നതിനനുസരിച്ച് മനുഷ്യൻ കൂടുതൽ സ്മാർട്ടാവുകയാണ് എന്നായിരുന്നു നമ്മളിൽ ഭൂരിഭാഗം പേരും വിശ്വസിച്ചിരുന്നത്. സാങ്കേതികവിദ്യ കൈപ്പിടിയിലുണ്ട്, വിവരങ്ങൾ വിരൽത്തുമ്പിലുണ്ട്, ലോകത്തെവിടെയും എളുപ്പത്തിൽ എത്താം. എന്നാൽ, കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് പുതിയ പഠനങ്ങൾ നൽകുന്ന സൂചന. ഓരോ പുതിയ തലമുറയും തങ്ങളുടെ മുൻഗാമികളേക്കാൾ ബുദ്ധിശക്തിയുള്ളവരായിരിക്കും എന്ന പതിറ്റാണ്ടുകളായുള്ള ധാരണ തിരുത്തിക്കൊണ്ട്, പുതിയ തലമുറ അഥവാ ജെൻ സികൾ ഐക്യു (IQ) നിലവാരത്തിൽ പിന്നോട്ട് പോവുകയാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, മില്ലേനിയലുകളേക്കാൾ ബുദ്ധിശക്തി കുറഞ്ഞ ആദ്യ തലമുറയായി ജെൻ സി മാറിക്കഴിഞ്ഞു.
എന്താണ് 'ഫ്ലിൻ ഇഫക്റ്റ്' അഥവാ ബുദ്ധിയുടെ വളർച്ച?
നമുക്ക് ചുറ്റുമുള്ള ലോകം മാറുമ്പോൾ അതിനനുസരിച്ച് മനുഷ്യന്റെ യുക്തിചിന്തയും (Reasoning) പ്രശ്നപരിഹാര ശേഷിയും (Problem Solving Skills) വർദ്ധിക്കുന്നതിനെയാണ് മനഃശാസ്ത്രത്തിൽ 'ഫ്ലിൻ ഇഫക്റ്റ്' (Flynn Effect) എന്ന് വിളിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി, അതായത് 1930-കൾ മുതൽ, ഓരോ പത്ത് വർഷം കൂടുമ്പോഴും മനുഷ്യന്റെ ശരാശരി ഐക്യു സ്കോറിൽ കൃത്യമായ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. മികച്ച ഭക്ഷണം, ശാസ്ത്രീയമായ വിദ്യാഭ്യാസ രീതികൾ, ആരോഗ്യപരിരക്ഷ എന്നിവ ഇതിന് വലിയ പിന്തുണ നൽകി.
എന്നാൽ ഈ വളർച്ച ഇപ്പോൾ നിലച്ചിരിക്കുന്നു എന്ന് മാത്രമല്ല, താഴോട്ട് വരാൻ തുടങ്ങുകയും ചെയ്തിരിക്കുന്നു. ഇതിനെയാണ് വിദഗ്ദ്ധർ 'റിവേഴ്സ് ഫ്ലിൻ ഇഫക്റ്റ്' (Reverse Flynn Effect) എന്ന് വിളിക്കുന്നത്. നോർവേ, ഡെന്മാർക്ക്, ബ്രിട്ടൻ തുടങ്ങിയ വികസിത രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ 1990-കൾക്ക് ശേഷം ജനിച്ചവരിൽ ഐക്യു സ്കോറുകൾ കുറയുന്നതായി കണ്ടെത്തി.
സാങ്കേതികവിദ്യ വില്ലനാകുന്നുണ്ടോ?
നമ്മുടെ കുട്ടികൾ സ്മാർട്ട്ഫോണും ടാബ്‌ലറ്റും ഒക്കെ ഉപയോഗിക്കുന്നത് കാണുമ്പോൾ അവർ ഭയങ്കര ബുദ്ധിശാലികളാണെന്ന് നമുക്ക് തോന്നും. എന്നാൽ സത്യം മറ്റൊന്നാണ്. വിരൽത്തുമ്പിൽ ഗൂഗിൾ ഉള്ളതുകൊണ്ട് തന്നെ, എന്തിനെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാനോ കാര്യങ്ങൾ വിശകലനം ചെയ്യാനോ ഉള്ള ക്ഷമ പുതിയ തലമുറയ്ക്ക് നഷ്ടമാവുകയാണ്. ഇതിനെ 'ഡിജിറ്റൽ അമ്നീഷ്യ' (Digital Amnesia) എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.
സ്കൂളുകളിലും കോളേജുകളിലും പുസ്തകങ്ങൾക്ക് പകരം ലാപ്ടോപ്പുകളും ടാബുകളും എത്തിയതോടെ വായനാശീലം കുറഞ്ഞു. ഒരു പുസ്തകം വായിക്കുമ്പോൾ തലച്ചോറിൽ നടക്കുന്ന സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഒരു സ്ക്രീനിലേക്ക് നോക്കുമ്പോൾ നടക്കുന്നില്ല എന്നിവയാണ് പഠനങ്ങൾ ചൂണ്ടികാട്ടുന്ന കാരണങ്ങൾ.
ജീവിതശൈലിയും ഐക്യു ഇടിവും
കേവലം ഗാഡ്‌ജെറ്റുകൾ മാത്രമല്ല ഇതിന് കാരണം. നമ്മുടെ മാറിയ ജീവിതശൈലിയും വലിയൊരു വില്ലനാണ്. ശാരീരിക അധ്വാനമില്ലായ്മ, അമിതമായ ജങ്ക് ഫുഡ് ഉപയോഗം എന്നിവ മസ്തിഷ്ക വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു. തലച്ചോറിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ പോലുള്ള പോഷകങ്ങളുടെ കുറവ് ഇന്നത്തെ ഭക്ഷണരീതിയിലുണ്ട്. ഇതിന് പുറമെ, ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വായു മലിനീകരണം കുട്ടികളുടെ നാഡീവ്യൂഹത്തെയും ബുദ്ധിവികാസത്തെയും ബാധിക്കുന്നുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം 'അറ്റൻഷൻ സ്പാൻ' (Attention Span) അഥവാ ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം റീൽസുകളും ടിക് ടോക് വീഡിയോകളും കാണുന്നതിലൂടെ ലഭിക്കുന്ന ഡോപ്പമിൻ (Dopamine) കുട്ടികളെ അതിന് അടിമകളാക്കുന്നു. ഇത് പഠനത്തിലോ സങ്കീർണ്ണമായ ജോലികളിലോ ഏർപ്പെടുമ്പോൾ അവർക്ക് പെട്ടെന്ന് മടുപ്പ് അനുഭവപ്പെടാൻ കാരണമാകുന്നു.
നാളെയുടെ ആശങ്ക
ഒരു തലമുറയുടെ ബുദ്ധിശക്തി കുറയുന്നു എന്നത് കേവലം അക്കാദമിക് വിഷയമല്ല. അത് ആ സമൂഹത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ ബാധിക്കും. പുതിയ കണ്ടുപിടുത്തങ്ങൾ നടത്താനും, ആഗോള പ്രതിസന്ധികൾ പരിഹരിക്കാനും മനുഷ്യന്റെ സ്വാഭാവിക ബുദ്ധി അനിവാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ കാര്യങ്ങളും ചെയ്തുതരുമെന്ന് നമ്മൾ കരുതുമ്പോഴും, ആ എഐയെ നിയന്ത്രിക്കാനും കൃത്യമായി ഉപയോഗിക്കാനും മനുഷ്യന് ബുദ്ധി ആവശ്യമാണ്.
ജെൻ സി തലമുറ വളരെ ക്രിയാത്മകവും ലോകത്തെക്കുറിച്ച് ബോധവാന്മാരുമാണ് എന്നത് മറക്കുന്നില്ല. എന്നാൽ ഐക്യു ടെസ്റ്റുകളിൽ അവർ നേരിടുന്ന ഈ പിന്നോക്കാവസ്ഥ ഗൗരവമായി കാണേണ്ടതുണ്ട്. വിദ്യാഭ്യാസ രീതികളിൽ കാതലായ മാറ്റം വരുത്തുകയും, പുസ്തക വായനയും നേരിട്ടുള്ള സംവാദങ്ങളും തിരികെ കൊണ്ടുവരുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമെന്നാണ് പഠനങ്ങൾ പറയുന്നത്.


