മുഖത്തിന് നല്ല ഉണർവ്വ് വേണോ? പാർലറിൽ പോകാനോ, വിലകൂടിയ ഉൽപ്പന്നങ്ങൾ വാങ്ങാനോ പണമില്ലെ? എങ്കിൽ, നിങ്ങളുടെ ഫ്രിഡ്ജിലെ ഐസ് ട്രേ മാത്രം മതി മുഖം തിളങ്ങാൻ. സിനിമ താരങ്ങളും ബ്യൂട്ടി വ്ലോഗർമാരും ഒരുപോലെ പരീക്ഷിക്കുന്ന ഐസ് ഫേഷ്യൽ.
സൗന്ദര്യ സംരക്ഷണത്തിനായി പാർലറുകളിലും വിലകൂടിയ ഉൽപ്പന്നങ്ങളിലും പണം കളയുന്നതിന് മുൻപ്, നിങ്ങളുടെ ഫ്രിഡ്ജിലെ ഐസ് ട്രേയിലേക്ക് ഒന്ന് നോക്കൂ. ഹോളിവുഡ് താരങ്ങൾ മുതൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ വരെ രഹസ്യമായി കൊണ്ടുനടക്കുന്ന ഒരു സൗന്ദര്യ ഹാക്കാണ് ഐസ് ഫേഷ്യൽ അല്ലെങ്കിൽ ഐസിംഗ്. വെറും 2 മിനിറ്റിനുള്ളിൽ മുഖത്തിന് ലഭിക്കുന്ന ഈ "തണുത്ത തെറാപ്പി"യുടെ രഹസ്യങ്ങൾ അറിയാം.
എന്തുകൊണ്ട് ഐസ് ഫേഷ്യൽ?
ഐസിംഗ് ചെയ്യുമ്പോൾ ചർമ്മത്തിലെ രക്തക്കുഴലുകൾ ചുരുങ്ങുകയും, ഇതിൻ്റെ ഫലമായി രക്തയോട്ടം കൂടുകയും ചെയ്യും. ഇത് ചർമ്മ കോശങ്ങൾക്ക് കൂടുതൽ ഓക്സിജനും പോഷകങ്ങളും നൽകുന്നു.
ഫലം;
രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തോ കണ്ണിന് താഴെയോ ഉള്ള തടിപ്പ് നിമിഷങ്ങൾക്കകം കുറയ്ക്കാൻ ഇത് സഹായിക്കും.
മുഖക്കുരുവിന്റെ ചുവപ്പും വീക്കവും കുറയ്ക്കാൻ ഐസിംഗ് ഉത്തമമാണ്.
തുറന്ന ചർമ്മ സുഷിരങ്ങൾ താൽക്കാലികമായി അടയ്ക്കാൻ ഐസ് ഉപയോഗിക്കുന്നത് നല്ലതാണ്,
മേക്കപ്പ് ചെയ്യുന്നതിന് മുമ്പ് ഐസ് ഫേഷ്യൽ ചെയ്യുന്നത് ഒരു പ്രൈമറായി പ്രവർത്തിക്കുവൻ സഹായിക്കും. ഇത് ഉപയോഗിക്കുമ്പോൾ രക്തയോട്ടം കൂടുന്നത് മുഖത്തിന് സ്വാഭാവികമായ 'ഗ്ലോ' നൽകുന്നു.
പരീക്ഷിക്കാം വെറൈറ്റി ഐസ് ക്യൂബുകൾ
സാധാരണ വെള്ളം ഉപയോഗിച്ചുകൊണ്ടുള്ള ഐസ് ക്യൂബ് ഉപയോഗിക്കാം. എന്നാൽ ചർമ്മത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പലതരം കൂട്ടുകൾ ചേർത്ത ഐസ് ക്യൂബുകൾ ഉപയോഗിക്കുന്നത് ഇരട്ടി ഫലം നൽകും:
ഗ്രീൻ ടീ ഐസ് ക്യൂബ് : ആന്റിഓക്സിഡന്റുകൾ നിറഞ്ഞ ഗ്രീൻ ടീ തിളപ്പിച്ച്, തണുത്ത ശേഷം ഐസ് ട്രേയിൽ വെച്ച് കട്ടയാക്കുക. മുഖത്തെ പാടുകൾക്കും വാർദ്ധക്യ ലക്ഷണങ്ങൾക്കും ഇത് നല്ലതാണ്.
റോസ് വാട്ടർ ഐസ് ക്യൂബ് : റോസ് വാട്ടർ വെള്ളത്തിൽ ചേർത്ത് കട്ടയാക്കിയാൽ ചർമ്മത്തിന് ഈർപ്പവും ഉന്മേഷവും നൽകും, ഒപ്പം pH ബാലൻസ് നിലനിർത്താനും സഹായിക്കും.
കറ്റാർ വാഴ ഐസ് ക്യൂബ്: കറ്റാർ വാഴ ജെൽ അല്പം വെള്ളത്തിൽ കലർത്തി കട്ടയാക്കുന്നത് സൂര്യതാപം മാറ്റാനും ചർമ്മത്തിലെ എണ്ണമയം കുറയ്ക്കാനും സഹായിക്കും.
ബീറ്റ്‌റൂട്ട് ജ്യൂസ് ഐസ് ക്യൂബ് : ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സി-യും ചർമ്മത്തിന് ഇരട്ടി ഗുണം നൽകുന്നു. മുഖത്ത് ബീറ്റ്‌റൂട്ട് ഐസ് ക്യൂബ് ഉപയോഗിച്ച് മസാജ് ചെയ്യുന്നത് രക്തയോട്ടം വർദ്ധിപ്പിക്കുകയും, ചർമ്മത്തിന് ഒരു സ്വാഭാവികമായ ചുവപ്പ് കലർന്ന തിളക്കം നൽകുകയും ചെയ്യും.
ചെയ്യേണ്ട വിധം: ഐസ് ക്യൂബ് നേരിട്ട് ചർമ്മത്തിൽ വെക്കാതെ, ഒരു വൃത്തിയുള്ള തുണിയിലോ കോട്ടൺ തുണിയിലോ പൊതിയുക. ഇത് മുഖത്ത് 1-2 മിനിറ്റ് നേരം മൃദുവായി മസാജ് ചെയ്യുക. ഒരു ഭാഗത്ത് തന്നെ കൂടുതൽ നേരം വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.