ആ വിസ്കിയാണെന്ന് പറഞ്ഞ് ഈ വിസ്കി തന്ന് ഇനി പറ്റിക്കാന്‍ നോക്കേണ്ട !

By Web TeamFirst Published Sep 14, 2019, 4:19 PM IST
Highlights

ലോകത്തേറ്റവുമധികം വിസ്‌കി ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വിസ്കിയില്‍ തന്നെ ഐറിഷ് വിസ്‌കിയോട് ഇന്ത്യക്കാര്‍ക്ക് ഒരു പ്രത്യേക പ്രിയമാണ്. 

ലോകത്തേറ്റവുമധികം വിസ്‌കി ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. വിസ്കിയില്‍ തന്നെ ഐറിഷ് വിസ്‌കിയോട് ഇന്ത്യക്കാര്‍ക്ക് ഒരു പ്രത്യേക പ്രിയമാണ്. എന്നുകരുതി ഐറിഷ് വിസ്‌കിയാണെന്ന് പറഞ്ഞ് ഇനി ഇന്ത്യന്‍ നിര്‍മ്മിത മദ്യം വില്‍ക്കാന്‍ ഇന്ത്യയില്‍ കഴിയില്ല. ഐര്‍ലന്‍റില്‍ നിര്‍മ്മിച്ച വിക്സിയ്ക്ക് മാത്രമേ ഇനി 'ഐറിഷ് വിസ്‌കി' എന്ന നാമം ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഉത്തരവ്. 

ഈ ജിഐ ടാഗിലൂടെ (geographical Indication tag) വിസ്കിയിലെ വ്യാജനെ കണ്ടെത്താന്‍ കഴിയും. കൂടാതെ ഐറിഷ് വിസ്‌കിയുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്കും  ഇത് സഹായകമാവുകയും ചെയ്യും. ഓരോ വര്‍ഷവും കോടിക്കണക്കിന് ലിറ്റര്‍ വിസ്‌കിയാണത്രേ ഇന്ത്യയിലൊഴുകുന്നത്. 230 കോടി ബോട്ടില്‍ വിസ്കിയാണ് 2018ല്‍ ഇന്ത്യയില്‍ നിന്ന് വിറ്റുപോയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

സ്‌കോട്ട്ലന്‍ഡില്‍ വാറ്റി മൂന്ന് വര്‍ഷം പഴകിച്ച് ഓക് വീപ്പയില്‍ സൂക്ഷിച്ച വിസ്‌കിയാണ് സ്‌കോച്ച് വിസ്‌കി. ഇത് രണ്ടു തവണ വാറ്റിയെടുത്തതാണ്. മൂന്ന് തവണ വാറ്റിയതും ഐര്‍ലന്റില്‍ നിര്‍മ്മിച്ചതുമായ വിസ്‌കിയാണ് ഐറിഷ് വിസ്‌കി.

'ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ച്' നടത്തിയ പഠനപ്രകാരം സമ്പന്നരാജ്യമായ അമേരിക്ക പോലും പിന്നിലാക്കിയാണ് വിസ്‌കി ഉപയോഗത്തില്‍ ഇന്ത്യ മുന്നിലെത്തിയത്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം വിസ്‌കി ഉപയോഗിക്കുന്നത് അമേരിക്ക, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണത്രേ. എന്നാല്‍ ഇവരെല്ലാം ലക്ഷക്കണക്കിന് ലിറ്ററിലൊതുങ്ങുമ്പോള്‍ നമ്മള്‍ കോടിക്കണക്കിന് ലിറ്ററില്‍ മുങ്ങിപ്പോകുന്നുവെന്ന് പഠനം അവകാശപ്പെടുന്നു. 


 

click me!