കൊവിഡ് കാലവും ജീന്‍സും തമ്മിലൊരു ബന്ധമുണ്ട്; അതെന്താണെന്നല്ലേ...

By Web TeamFirst Published Jul 28, 2020, 8:55 PM IST
Highlights

മിക്കവരും കൊവിഡ് കാലത്ത് വീട്ടിലിരുന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. അതിനാല്‍ ജീന്‍സ് ഉപയോഗപ്പെടുന്നില്ല. പകരം അയഞ്ഞ കോട്ടണ്‍ പാന്റ്‌സോ, യോഗ പാന്റ്‌സോ ഒക്കെയാണത്രേ അധികവും ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതോടെ ആളുകള്‍ക്ക് ജീന്‍സിനോടുള്ള സമീപനവും മാറാന്‍ ഈ സാഹചര്യം ഇടയാക്കുമെന്നാണ് ഫാഷന്‍ വിദഗ്ധരുടെ വിലയിരുത്തല്‍

കൊവിഡ് 19 വ്യാപകമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സര്‍വ മേഖലകളും നേരിട്ടുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമായി, വലിയൊരു വിഭാഗം തൊഴില്‍ പ്രതിസന്ധി നേരിടുന്നു. മറ്റൊരു വിഭാഗം വരുമാനത്തിലെ ഇടിവുമായി പൊരുത്തപ്പെടാന്‍ നെട്ടോട്ടമോടുന്നു. 

അങ്ങനെ ഒരു ആരോഗ്യ പ്രതിസന്ധി എന്നതില്‍ നിന്ന് ആകെ സമൂഹത്തെ സാരമായി ബാധിക്കുന്ന വലിയ വിപത്തായി കൊവിഡ് 19 മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ സ്വാഭാവികമായി ഫാഷന്‍ മേഖലയും ഇടിവ് തന്നെയാണ് കാണാനാകുന്നത്. 

പ്രത്യേകിച്ച് ജീന്‍സ് നിര്‍മ്മാതാക്കളായ കമ്പനികളാണ് ദൂരവ്യാപകമായ ഭീഷണി ഈ പശ്ചാത്തലത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കൊറോണക്കാലത്തിന് മുമ്പ് തന്നെ ഫാഷന്‍ പ്രേമികളുടെ ഇഷ്ടങ്ങളില്‍ നിന്ന് ജീന്‍സ് മങ്ങിത്തുടങ്ങിയിരുന്നത്രേ. 

 

 

കൊവിഡ് കൂടി വന്നതോടെ, മിക്കവരും വീട്ടില്‍ത്തന്നെ തുടരുന്ന സാഹചര്യം കൂടിയായപ്പോള്‍ ജീന്‍സ് ഏറ്റവും പിന്‍നിരയിലേക്ക് തഴയപ്പെടുകയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. 'ലിവൈസ്', 'ട്രൂ റിലീജിയന്‍', 'ലക്കി ബ്രാന്‍ഡ്', 'ജി സ്റ്റാര്‍ റോ' എന്നിങ്ങനെ നിരവധി കമ്പനികളാണ് കൊറോണക്കാലത്ത് തങ്ങള്‍ നേരിടുന്ന നഷ്ടത്തെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിരിക്കുന്നത്. 

മിക്കവരും കൊവിഡ് കാലത്ത് വീട്ടിലിരുന്ന് തന്നെയാണ് ജോലി ചെയ്യുന്നത്. അതിനാല്‍ ജീന്‍സ് ഉപയോഗപ്പെടുന്നില്ല. പകരം അയഞ്ഞ കോട്ടണ്‍ പാന്റ്‌സോ, യോഗ പാന്റ്‌സോ ഒക്കെയാണത്രേ അധികവും ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇതോടെ ആളുകള്‍ക്ക് ജീന്‍സിനോടുള്ള സമീപനവും മാറാന്‍ ഈ സാഹചര്യം ഇടയാക്കുമെന്നാണ് ഫാഷന്‍ വിദഗ്ധരുടെ വിലയിരുത്തല്‍. 

മാത്രമല്ല, ആളുകള്‍ ഇപ്പോള്‍ വളരെ സൂക്ഷിച്ച് മാത്രമാണ് പണം ചിലവിടുന്നത്. നിലവിലോ, സമീപഭാവിയിലോ ഉപയോഗമില്ലാത്ത ജീന്‍സ് വാങ്ങിക്കാന്‍ ആരും തയ്യാറാകുന്നില്ല. മറിച്ച്, പല ഉപയോഗങ്ങള്‍ക്കും ഉപകരിക്കുന്ന 'മള്‍ട്ടി പര്‍പ്പസ്' വസ്ത്രങ്ങള്‍ക്കാണത്രേ പ്രാധാന്യം കൊടുത്തുവരുന്നത്. 

 

 

ഏതായാലും ഫാഷന്‍ മേഖലയെ പിടിച്ചുകുലുക്കിക്കൊണ്ട് വിപ്ലവകരമായി കടന്നുവന്ന ജീന്‍സ് എന്ന ആധുനികരുടെ 'ഔട്ട്ഫിറ്റ്' കൊറോണക്കാലം തീരുന്നതോടെ പഴങ്കഥ ആകുമോയെന്നത് കണ്ടറിയുക തന്നെ വേണം. കമ്പനികളും ഫാഷന്‍ വിദഗ്ധരുമെല്ലാം ചൂണ്ടിക്കാട്ടുന്ന വസ്തുതകളെ അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍, കൊവിഡ് അപഹരിച്ചുകൊണ്ട് പോകുന്ന വിവിധ ശീലങ്ങള്‍ക്കും അഭിരുചികള്‍ക്കുമൊപ്പം ജീന്‍സും കാണുമെന്ന് തന്നെ കണക്കുകൂട്ടേണ്ടിവരും.

Also Read:- ദീപിക മുതല്‍ മലൈക വരെ ഇപ്പോള്‍ 'ബോയ്ഫ്രണ്ടിന്' പുറകെയാണ്...

click me!