
തൊഴിലന്വേഷിച്ച് നടക്കുന്നവര്‍ക്കറിയാം, അത് എത്രമാത്രം പ്രയാസമുള്ളൊരു കാര്യമാണെന്ന്. പ്രത്യേകിച്ച് തൊഴിലില്ലായ്മ പ്രശ്നം നേരിടുന്ന സ്ഥലങ്ങളിലുള്ളവര്‍ക്കാണ് ഇതിന്‍റെ പ്രയാസങ്ങള്‍ ഏറ്റവുമധികം നേരിടേണ്ടിവരിക. ഡിഗ്രിയുണ്ടെങ്കിലും ഉയര്‍ന്ന മാര്‍ക്കുണ്ടെങ്കിലും, തൊഴില്‍ പരിചയമുണ്ടെങ്കിലും ഒന്നും മാന്യമായ ജോലിയോ ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കാത്ത എത്രയോ പേരെ നമ്മുടെ ചുറ്റുപാടുകളില്‍ തന്നെ കാണാം.
ഇങ്ങനെയൊരു സാഹചര്യത്തില്‍ എണ്ണമറ്റ ആനുകൂല്യങ്ങളുമായി ഒരു തൊഴില്‍ അവസരം മുന്നില്‍ വന്നാലോ? പറയാനുണ്ടോ, ചാടിക്കൊത്തും എന്നായിരിക്കും മിക്കവരുടെയും മറുപടി.
ഇങ്ങനെ സ്വപ്നതുല്യമായ ഒരു തൊഴിലവസരത്തെ കുറിച്ചുള്ള പരസ്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സംഗതി, ഇന്ത്യയില്‍ അല്ല കെട്ടോ. സിംഗപ്പൂരിലെ ഒരു പ്രമുഖ റെസ്റ്റോറന്‍റ് ആണ് ഇങ്ങനെയൊരു പരസ്യം നല്‍കിയിരിക്കുന്നത്.
റെസ്റ്റോറന്‍റിന്‍റെ പുറത്ത് ഒട്ടിച്ച പരസ്യത്തിന്‍റെ ഫോട്ടോ ആരോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സംഗതി വൈറലാവുകയായിരുന്നു. എന്താണിതില്‍ ഇത്രമാത്രം ആളുകളെ ആകര്‍ഷിക്കാൻ എന്ന് ചിന്തിച്ച് വിഷമിക്കേണ്ട, അതിലേക്ക് വരാം.
റെസ്റ്റോറന്‍റില്‍ അടുക്കളയിലേക്കും സര്‍വിംഗിനും ആണത്രേ ആളുകളെ വേണ്ടത്. മണിക്കൂര്‍ ജോലിക്കാണെങ്കില്‍ മണിക്കൂറിന് 800 ചില്ലറ മുതല്‍ 1240 രൂപ വരെ നല്‍കും.
ഇനി മുഴുവൻ സമയ ജോലിക്കാണെങ്കില്‍ 2.27 ലക്ഷം മുതല്‍ 2.72 ലക്ഷം രൂപ വരെയാക്കെ ശമ്പളമായി നല്‍കുമത്രേ. ഇതിന് പുറമെ സ്റ്റാഫ് അലോവൻസ്, ആനുവല്‍ ഇൻക്രിമെന്‍റ് (പ്രതിവര്‍ഷ ശമ്പള വര്‍ധനവ്), അവധികള്‍, മെഡിക്കല്‍ ഇൻഷൂറൻസ്, ആരോഗ്യ പരിരക്ഷ, ആരോഗ്യപരിശോധനകള്‍ക്ക് സബ്സിഡി, വര്‍ഷത്തില്‍ രണ്ട് തവണ ബോണസ്, വര്‍ഷത്തിലൊരിക്കല്‍ ഡെന്‍റല്‍ പരിശോധന, മാസം റെവന്യൂ ഇൻസെന്‍റീവ് ബോണസ്, അഡീഷണല്‍ ഇൻഷൂറൻസ് കവറേജ്, റെഫറല്‍ ബോണസ്, ഭക്ഷണത്തിനുള്ള സൗകര്യം, തൊഴിലാളികള്‍ക്കുള്ള തുടര്‍പഠനത്തിനുള്ള സ്പോണ്‍സര്‍ഷിപ്പ്... എന്നിങ്ങനെ ഒരു പറ്റം ആനുകൂല്യങ്ങള്‍ എന്നുതന്നെ പറയാം.
എന്തായാലും നിരവധി ആനുകൂല്യങ്ങളോടെയുള്ള തൊഴില്‍ പരസ്യം ഹിറ്റായി. ഇങ്ങനെയൊരു ജോലിയാണ് തപ്പിനടന്നിരുന്നത് എന്നും, ഈ ജോലിയാണെങ്കില്‍ കുറച്ചുകാലം ചെയ്താല്‍ മതിയല്ലോ എന്നും തുടങ്ങി രസകരമായ ധാരാളം കമന്‍റുകള്‍ പരസ്യത്തിന് കിട്ടിയിരിക്കുന്നു. ചിലരെങ്കിലും തമാശയ്ക്കല്ലാതെ ഈ ജോലിയെ കുറിച്ച് അന്വേഷിച്ചുനോക്കാൻ തീരുമാനിച്ചതായും കമന്‍റുകളില്‍ പറയുന്നു.
Also Read:- ഇൻസ്റ്റഗ്രാമില്‍ ലൈക്കിന് വേണ്ടി ചെയ്തത്; കൗമാരക്കാരനെതിരെ കേസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-