
ഇടയ്ക്ക് ഒന്നോ രണ്ടോ നേരമൊക്കെ നമ്മൾ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ടുണ്ടാവും. എന്നാൽ ഭക്ഷണം കഴിക്കാൻ ഭയക്കുന്ന അവസ്ഥ ഉണ്ടായാലോ? അങ്ങനെ വളരെ അപകടകരമായ അവസ്ഥയാണ് അനോറെക്സിയ നെർവോസ എന്ന ഈറ്റിംഗ് ഡിസോർഡർ. അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. പക്ഷേ ശരീരഭാരം കൂടുമോ എന്ന് പേടിച്ചു ഭക്ഷണം തീരെ കഴിക്കാതിരിക്കുന്ന അവസ്ഥ മരണത്തിലേക്കു പോലും നയിക്കാവുന്ന അവസ്ഥയാണ്. ഈ അവസ്ഥയുള്ള ചെറുപ്പക്കാരെ ബാധിക്കാൻ സാധ്യതയുള്ള ചില ഉത്കണ്ഠകൾ പരിശോധിക്കാം:
1. ഇനിയും ശരീരഭാരം കുറച്ചാൽ മാത്രമേ ഞാൻ പെർഫെക്റ്റ് ലുക്കിൽ ആകൂ എന്ന ചിന്ത- ആവശ്യമായ ശരീര ഭാരത്തെക്കാളും വളരെ കുറവായിരിക്കും ഇവർക്ക് എങ്കിൽപോലും അതിനെ അമിതവണ്ണമാണ് എന്നു തോന്നിപ്പോകുന്ന അവസ്ഥ. കണ്ണാടിയിൽ നോക്കുമ്പോൾ അവരുടെ മെലിഞ്ഞ ശരീരം അമിത വണ്ണമുള്ളതാണ് എന്ന തെറ്റിദ്ധാരണ ഉണ്ടാകുന്ന അവസ്ഥ.
2. ശരീരഭാരം ഒരു കാരണത്താലും കൂടാൻ പാടില്ല എന്ന അമിത നിർബന്ധം - എപ്പോഴും ശരീര ഭാരത്തെക്കുറിച്ചു മാത്രം ചിന്തിച്ചു ഉത്കണ്ഠപ്പെടുക. ഭക്ഷണം കഴിക്കാൻ തന്നെ വളരെ പേടി തോന്നുന്ന അവസ്ഥ.
3. ശരീരഭാരം കൂടിയാൽ ആളുകൾ എന്നെ കളിയാക്കുമോ എന്ന് ഭയപ്പെടുക - മറ്റുള്ളവർ കളിയാക്കുമോ, കൂട്ടുകാർ എന്തു പറയും, സോഷ്യൽ മീഡിയയിൽ കാണുന്ന ശരീര ഭാരത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങളെ അനുകരിക്കുക.
4. ഭക്ഷണം ഒഴിവാക്കുന്നത് ഞാൻ ചെയ്തേ മതിയാവൂ എന്ന ചിന്ത- അപകടകരമായ ഡയറ്റിങ് രീതികൾ പിന്തുടരുക, ദിവസങ്ങളോളം ഭക്ഷണമേ കഴിക്കാതെ ഇരിക്കുക എന്ന അവസ്ഥ. അമിതമായി വ്യായാമം ചെയ്യുക.
5. ഭക്ഷണം കഴിക്കുമ്പോൾ അമിതമായ കുറ്റബോധം ഉണ്ടാവുക- ഭക്ഷണം കുറച്ചുപോലും കഴിച്ചുപോയാൽ അമിതമായ സ്വയം വെറുപ്പും സ്വയം കുറ്റപ്പെടുത്തലും നടത്തുക.
അനോറെക്സിയ നെർവോസയുടെ കാരണങ്ങൾ
സോഷ്യൽ മീഡിയയുടെ സ്വാധീനം- സോഷ്യൽ മീഡിയ, പരസ്യങ്ങൾ, സിനിമകൾ എല്ലാം വളരെ മെലിഞ്ഞ ശരീരമാണ് സൗന്ദര്യത്തിന്റെ ലക്ഷണം എന്ന് പ്രകടമാക്കുമ്പോൾ ഉത്കണ്ഠയുള്ള ഒരു വ്യക്തി, പ്രത്യേകിച്ചു കൗമാരക്കാർക്ക് ഇത് ഒരു ഭയത്തിനു കാരണമായിത്തീരും. അവർ ഭക്ഷണം കഴിക്കാൻ ഭയം കാണിക്കും. ഡയറ്റിങ്, വെയിറ്റ് ലോസ് എന്നിവയെക്കുറിച്ചുള്ള പേജുകൾ ഇവർ അമിതമായി കാണാറുണ്ടാവും. അപകടകരമായ രീതികൾപോലും വണ്ണം കുറയ്ക്കാൻ പരീക്ഷണങ്ങൾ നടത്തിയെന്നു വരാം.
ബോഡി ഷെയിമിംഗ് : മുൻപ് ബോഡി ഷേമിങ്ങിന് ഇരയായിട്ടുള്ളവർ അവരുടെ ശരീരഭാരത്തെയും രൂപത്തെയുംപ്പറ്റി വളരെ ഉത്കണ്ഠയുള്ളവർ ആയിരിക്കും.
ആത്മവിശ്വാസക്കുറവ് : അനോറെക്സിയ നെർവോസ ഉള്ള കൗമാരക്കാരിൽ ആത്മവിശ്വാസം വളരെ കുറവായിരിക്കും. എന്നെ മറ്റുള്ളവർ എല്ലാം എപ്പോഴും കളിയാക്കാൻ സാധ്യതയുണ്ട്, എനിക്ക് സൗദര്യം ഇല്ല എന്നെല്ലാമുള്ള ചിന്തകൾ ഇവരെ അലട്ടിയേക്കാം.
ഡിപ്രെഷനും ഉത്കണ്ഠയും : വണ്ണം കൂടുമോ എന്ന അമിതഭയവും, സ്വയം വിലയില്ലായ്മയും ഇവരെ ഡിപ്രെഷൻ ഉത്കണ്ഠ എന്ന മാനസിക പ്രശ്നങ്ങൾ അലട്ടാൻ കാരണമാകുന്നു.
എങ്ങനെ പരിഹരിക്കാം:
ആത്മവിശ്വാസം നേടിയെടുക്കാൻ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കേണ്ടത് ഈ അവസ്ഥ മാറ്റിയെടുക്കാൻ ആവശ്യമാണ്. ചിന്താഗതിയെയും ഉത്കണ്ഠയെയും കുറയ്ക്കാനുള്ള കൗൺസിലിങ് നൽകണം. സോഷ്യൽ മീഡിയയിൽ ഉല്കണ്ഠ ഉണ്ടാക്കുന്ന തരം കാര്യങ്ങൾ കാണുന്നത് ഒഴിവാക്കണം. സൗന്ദര്യം, ആരോഗ്യം എന്നിവയെപ്പറ്റി യാഥാർത്യബോധത്തോടെ ചിന്തിക്കാൻ പ്രേരിപ്പിക്കണം.
(ലേഖിക പ്രിയ വർഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ : 8281933323)