ഖുഷി, ഇന്ത്യയിലാദ്യമായി പേസ്മേക്കർ ഘടിപ്പിച്ച നായ ഇവനാണ്...

By Web TeamFirst Published Feb 10, 2020, 11:06 AM IST
Highlights

ദില്ലിയിൽ നിന്നുള്ള ഏഴരവയസ്സുള്ള നായയാണിത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു നായ  പേസ്മെക്കർ ഇംപ്ലാന്റ് സർജറിക്ക് വിധേയനായതെന്ന് മൃ​ഗഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. 
 

ദില്ലി: മനുഷ്യർക്ക് പേസ്മേക്കർ ഘടിപ്പിക്കുന്നത് സർവ്വസാധാരണമാണ്. മൃ​ഗങ്ങളുടെ കാര്യത്തിൽ ഇത്തരമൊരു കാര്യം കേട്ടുകേൾവിയില്ല. എന്നാൽ‌ പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന ആദ്യത്തെ നായ എന്ന അം​ഗീകാരം ലഭിക്കാൻ പോകുന്നത് കോക്കർ സ്പാനിയേൽ ഇനത്തിൽപെട്ട  ഖുഷി എന്ന  നായയ്ക്കാണ്.

ദില്ലിയിൽ നിന്നുള്ള ഏഴരവയസ്സുള്ള നായയാണിത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു നായ  പേസ്മെക്കർ ഇംപ്ലാന്റ് സർജറിക്ക് വിധേയനായതെന്ന് മൃ​ഗഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ഇറക്കുമതി ചെയ്ത പീഡിയാട്രിക് പേസ്‌മേക്കർ ആണ് ഖുഷിക്ക് ഘടിപ്പിച്ചിരിക്കുന്നത്. സാധാരണ ഹൃദയമിടിപ്പ് 60-120 ആണെങ്കിൽ ഖുഷിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ വെറും 20 ആയിരുന്നു.

സാധാരണ രീതിയിലായിരുന്നില്ല അവളുടെ ഹൃദയം സ്പന്ദിച്ചിരുന്നത്. ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ അളവ് ഗണ്യമായി കുറയുകയും നായയ്ക്ക് പതിവായി  ബോധക്ഷയം ഉണ്ടാകുകയും ചെയ്തിരുന്നു. വളരെ അപകടകരമായ ഹൃദയമിടിപ്പാണ് അവൾക്കുണ്ടായിരുന്നത്. അവളുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 20 മാത്രമായിരുന്നു. ഗ്രേറ്റർ കൈലാസിലെ മാക്സ് വെറ്റ്സ് ഹോസ്പിറ്റലിലെ മൃഗങ്ങളെ ചികിത്സിക്കുന്ന കാർഡിയോളജിസ്റ്റ് ഡോ. ഭാനു ദേവ് ശർമ പറഞ്ഞു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന അടിയന്തിര ചെവി ശസ്ത്രക്രിയയ്ക്കിടെ നായ തളർന്നു വീണിരുന്നു. പക്ഷേ ശസ്ത്രക്രിയാ വിദഗ്ധർക്ക് അവളെ തിരികെ കൊണ്ടുവരാൻ സാധിച്ചു. അപ്പോഴാണ് അവൾക്ക് കൂടുതൽ ഗുരുതരമായ പ്രശ്‌നമുണ്ടെന്ന് മനസിലായത്. ചെവി ശസ്ത്രക്രിയയിൽ നിന്ന് ഖുഷി സുഖം പ്രാപിച്ചുകഴിഞ്ഞതിന് ശേഷം നടത്തിയ വിശദമായ പരിശോധനയിൽ അവളുടെ ധമനികളിൽ ബ്ലോക്കുള്ളതായി  ഡോക്ടർമാർ കണ്ടെത്തി.

ഡിസംബർ 15 നാണ് നായയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. “ശസ്ത്രക്രിയയ്ക്ക് മുമ്പ് വളരെ അലസയായിട്ടായിരുന്നു ഖുഷി പെരുമാറിയിരുന്നത്. എന്നാൽ പേസ് മേക്കർ ഘടിപ്പിച്ചതിന് ശേഷം സാധാരണ സജീവമായ അവസ്ഥയിലേക്ക്  ഖുഷി മടങ്ങിവന്നു. വളരെ ചുറുചുറുക്കുള്ള നായ്ക്കുട്ടിയായി അവൾ മാറി. ഖുഷിയുടെ ഉടമ വ്യക്തമാക്കി. 
 

click me!