Sanitary Pad : രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമം ഇങ്ങ് കേരളത്തില്‍...

By Web TeamFirst Published Jan 13, 2022, 5:27 PM IST
Highlights

നാപ്കിനുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്താണ് കുമ്പളങ്ങി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 18 വയസിന് മുകളില്‍ പ്രായം വരുന്ന പെണ്‍കുട്ടികള്‍ക്ക് 5000 മെന്‍സ്ട്രല്‍ കപ്പുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിരിക്കുന്നത്

ആര്‍ത്തവസമയത്ത് സ്ത്രീകളുപയോഗിക്കുന്ന സാനിറ്ററി നാപ്കിന്‍ ( Sanitary Pad) വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിന് (  Environment Pollution ) ഇടയാക്കുമെന്നുള്ള ചര്‍ച്ചകള്‍ വളരെയധികം വ്യാപിച്ച വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ സാനിറ്ററി നാപ്കിന് പകരമായി ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്കുപയോഗിക്കാന്‍ കഴിയുന്ന ബദല്‍ സംവിധാനങ്ങള്‍ക്ക് പ്രചാരം നല്‍കുന്നതിന് പരിസ്ഥിതിവാദികള്‍ തന്നെ ഏറെ പ്രാധാന്യവും നല്‍കിവരികയാണിപ്പോള്‍.

ഇതിന്റെ ഭാഗമായി മെന്‍സ്ട്രല്‍ കപ്പ്, മണ്ണിലലിയുന്ന ജൈവ നാപ്കിനുകള്‍ എന്നിവയ്‌ക്കെല്ലാം പ്രചാരം നല്‍കാനാണ് പല കേന്ദ്രങ്ങളും ശ്രമിക്കുന്നത്. എന്തായാലും ഈ മുന്നേറ്റത്തിന് ആവേശം പകരാനായി ഇപ്പോഴിതാ രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമത്തെ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. 

കേരളത്തിലാണ് ഈ ഗ്രാമമെന്നത് മലയാളികള്‍ക്ക് ഏവര്‍ക്കും അഭിമാനമാണ്. എറണാകുളം ജില്ലയിലെ കുമ്പളങ്ങിയാണ് ഈ ഗ്രാമം. നാപ്കിനുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്താണ് കുമ്പളങ്ങി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 18 വയസിന് മുകളില്‍ പ്രായം വരുന്ന പെണ്‍കുട്ടികള്‍ക്ക് 5000 മെന്‍സ്ട്രല്‍ കപ്പുകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തിരിക്കുന്നത്. 

'അവള്‍ക്കായി' എന്ന എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തതെന്നും ഇതിലൂടെയാണ് രാജ്യത്തെ ആദ്യത്തെ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമമെന്ന നേട്ടം കുമ്പളങ്ങി സ്വന്തമാക്കിയിരിക്കുന്നതെന്നും ഹൈബി ഈഡന്‍ എംപി അറിയിച്ചു. എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമിയുടെ 'തിങ്കള്‍' പദ്ധതിയിും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും 'അവള്‍ക്കായി' പദ്ധതിക്കൊപ്പം പിന്തുണയായി തുടര്‍ന്നു. 

ഇതോടൊപ്പം തന്നെ കുമ്പളങ്ങിയെ മാതൃകാ ഗ്രാമമായും പ്രഖ്യാപിക്കും. പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാം യോജന വഴിയാണ് മാതൃകാ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തലെ തന്നെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുമ്പളങ്ങിയില്‍ പുതിയ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. നേരത്തെ രാജ്യത്തെ ആദ്യത്തെ മാതൃകാ വിനോദസഞ്ചാര ഗ്രാമം എന്ന പട്ടവും കുമ്പളങ്ങിയെ തേടിയെത്തിയിരുന്നു.

Also Read:- പിസിഒഎസ് അലട്ടുന്നുണ്ടോ? വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ശ്രദ്ധിക്കേണ്ടത്...

click me!