കുതിരക്ക് ശേഷം പുലി; ലോക്ക്ഡൗണ്‍ കാലത്ത് 'ഫ്രീ' ആയി വന്യമൃഗങ്ങള്‍!

By Web TeamFirst Published Mar 30, 2020, 6:31 PM IST
Highlights

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ ഛണ്ഡീഗഡില്‍ റോഡില്‍ വച്ച് കുതിരയെ കണ്ടതായ വാര്‍ത്ത പ്രചരിച്ചിരുന്നത്. സെക്ടര്‍ 3 പൊലീസ് സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറാണത്രേ റോഡില്‍ കുതിരയെ കണ്ടത്. ഇതിന് പിന്നാലെ ഛണ്ഡീഗഡില്‍ തന്നെ ജനവാസമേഖലയില്‍ പുള്ളിപ്പുലിയെ കണ്ടതായാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ഇതിന്റെ ഒരു ചിത്രവും ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 'ലോക്ക്ഡൗണ്‍' പ്രഖ്യാപിച്ച സാഹചര്യത്തില്‍ പലയിടങ്ങളിലും വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. റോഡുകളും മറ്റ് പൊതുവിടങ്ങളും വാഹനങ്ങളോ ആള്‍ക്കൂട്ടങ്ങളോ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയിലാണുള്ളത്. ഇതോടെ വനാതിര്‍ത്തികളില്‍ നിന്നും മറ്റുമായി വന്യമൃഗങ്ങള്‍ സ്വതന്ത്രമായി ജനവാസമേഖലകളിലേക്കിറങ്ങുകയാണ്. 

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ ഛണ്ഡീഗഡില്‍ റോഡില്‍ വച്ച് കുതിരയെ കണ്ടതായ വാര്‍ത്ത പ്രചരിച്ചിരുന്നത്. സെക്ടര്‍ 3 പൊലീസ് സ്റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറാണത്രേ റോഡില്‍ കുതിരയെ കണ്ടത്. ഇതിന് പിന്നാലെ ഛണ്ഡീഗഡില്‍ തന്നെ ജനവാസമേഖലയില്‍ പുള്ളിപ്പുലിയെ കണ്ടതായാണ് ഇപ്പോള്‍ വരുന്ന വാര്‍ത്ത. ഇതിന്റെ ഒരു ചിത്രവും ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. 

ഭീമാകാരനായ പൂച്ചയാണെന്നാണത്രേ ആദ്യം നാട്ടുകാര്‍ കരുതിയത്. എന്നാല്‍ പിന്നീട് ആരോ മൊബൈലില്‍ പകര്‍ത്തിയ ഇതിന്റെ ചിത്രം വ്യാപകമായ രീതിയില്‍ പങ്കുവയ്ക്കപ്പെട്ടതോടെയാണ് സംഗതി പൂച്ചയല്ല, പുലിയാണ് എന്ന സംശയം സമീപവാസികളിലുണ്ടായത്. എന്നാല് ഇക്കാര്യത്തില്‍ ഇപ്പോഴും വനംവകുപ്പ് ഒരു സ്ഥിരീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല. 

ഏതായാലും ഛണ്ഡീഗഡില്‍ സെക്ടര്‍ 5 മേഖലയില്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ കണ്ട മൃഗത്തിന് വേണ്ടിയുള്ള തെരച്ചില് വനംവകുപ്പ് ജീവനക്കാര്‍ നടത്തിവരികയാണ്. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം രാജ്യത്ത് പലയിടങ്ങളിലും ഇത്തരത്തില്‍ വന്യമൃഗങ്ങള്‍ ഇറങ്ങിനടക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോഴിക്കോട് റോഡിലൂടെ നടന്നുപോകുന്ന പുള്ളി വെരുക്, നോയിഡയില്‍ കണ്ട ബ്ലൂ ബുള്‍ എന്നിവയെല്ലാം ഇതില്‍ ചിലത് മാത്രം. ഇതിനിടെ കടലില്‍ മത്സ്യബന്ധനം നിയന്ത്രിതമായതോടെ മുംബൈ തീരത്ത് ഡോള്‍ഫിനുകളെ കണ്ടെത്തിയതും ഏറെ കൗതുകം സൃഷ്ടിച്ചിരുന്നു.

click me!