'32 ആഴ്ച വേണ്ടി വന്നു എനിക്ക് ഞാനായി വീണ്ടും മാറാന്‍'; കൊവിഡ് ബാധിച്ചതിനെ കുറിച്ച് മലൈക അറോറ

By Web TeamFirst Published May 31, 2021, 6:55 PM IST
Highlights

കൊവിഡ് രോഗത്തിന്റെ പിടിയില്‍ നിന്നുള്ള തിരിച്ചുവരവ് അത്ര എളുപ്പമല്ല എന്നാണ്  മലൈക തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. 'രണ്ട് ചുവടുവയ്ക്കുക എന്നതു തന്നെ വലിയ അധ്വാനമായിരുന്നു'- മലൈക കുറിച്ചു.  

ബോളിവുഡ് നടിയും അവതാരകയും മോഡലും ഫിറ്റ്നസ് ഫ്രീക്കുമായ മലൈക അറോറ കഴിഞ്ഞ സെപ്റ്റംബറിലാണ് കൊവിഡ് പോസിറ്റീവായതും അതില്‍ നിന്നും മുക്തി നേടിയതും. എന്നാല്‍ കൊവിഡ് മുക്തിക്ക് ശേഷവും വർക്കൗട്ട് ചെയ്യാനും തന്‍റെ പഴയ കരുത്തിലേയ്ക്ക് എത്താനും ഏറേ സമയം വേണ്ടിവന്നുവെന്ന് പറയുകയാണ് മലൈക. 

കൊവിഡ് രോഗത്തിന്റെ പിടിയില്‍ നിന്നുള്ള തിരിച്ചുവരവ് അത്ര എളുപ്പമല്ല എന്നാണ്  മലൈക തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. കൊവിഡ് തന്നെ കാര്യമായി ബാധിക്കില്ല എന്ന് കരുതിയവരോടുള്ള മറുപടി കൂടിയാണ് താരത്തിന്റെ പുത്തന്‍ പോസ്റ്റ്. 

'എളുപ്പമോ, ഒരിക്കലുമല്ല. സെപ്റ്റംബര്‍ അഞ്ചിനാണ് ഞാന്‍ കൊവിഡ് പോസിറ്റീവായത്. നല്ല രോഗപ്രതിരോധശേഷി ഉള്ളതുകൊണ്ട് പെട്ടെന്ന് കൊവിഡ് മുക്തയാവും എന്ന് പറയുന്നവരോടാണ്, ഒരിക്കലുമല്ല. ഞാനതിലൂടെ കടന്നു പോയതുകൊണ്ട് 'എളുപ്പം' എന്ന വാക്ക് ഞാന്‍ ഉപയോഗിക്കില്ല. എന്നെ അത് ശാരീരികമായി തകര്‍ത്തു കളഞ്ഞു. രണ്ട് ചുവടുവയ്ക്കുക എന്നതു തന്നെ വലിയ അധ്വാനമായിരുന്നു. എഴുന്നേറ്റിരിക്കാം, എന്നാല്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് അരികിലെ ജനാലയുടെ അടുത്ത് പോയി നില്‍ക്കുന്നതു തന്നെ വലിയ ടാസ്‌കായിരുന്നു. എന്‍റെ ശരീരഭാരം കൂടി. കരുത്ത് നഷ്ടപ്പെട്ടു.' -മലൈക പറയുന്നു.

 

 

'സെപ്റ്റംബര്‍ 26നാണ് ഞാന്‍ കൊവിഡ് നെഗറ്റീവായത്. നെഗറ്റീവായിട്ടും മനസിനനുസരിച്ച് ശരീരം പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. പഴയപോലെ ആവാന്‍ കഴിയില്ല എന്നുപോലും ഭയപ്പെട്ടിരുന്നു. കൊവിഡ് മുക്തിക്ക് ശേഷമുള്ള ആദ്യത്തെ വർക്കൗട്ട് വളരെ പ്രയാസമായിരുന്നു. 32 ആഴ്ച വേണ്ടി വന്നു എനിക്ക് ഞാനായി വീണ്ടും മാറാന്‍. ഇപ്പോള്‍ എല്ലാ ദിവസവും വർക്കൗട്ട് ചെയ്യുന്നുണ്ട്. പോസിറ്റീവ് ആകുന്നതിന് മുമ്പുള്ള അവസ്ഥയിലേയ്ക്ക് ഞാന്‍ മാനസികമായും ശാരീരികമായും തിരിച്ചെത്തിയിരിക്കുന്നു'- മലൈക കുറിച്ചു. 

Also Read: 'ഒരുപാട് ദിവസങ്ങൾക്ക് ശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങി'; സന്തോഷം പങ്കുവച്ച് മലൈക അറോറ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!