മുറിഞ്ഞുപോയ കാലുമായി കാട്ടിലൂടെ ഇഴഞ്ഞുനടന്നത് രണ്ട് ദിവസം; ഇതൊരു അപൂര്‍വ്വകഥ

By Web TeamFirst Published Sep 18, 2019, 10:06 PM IST
Highlights

തനിച്ചുള്ള ചില സാഹസിക സമയങ്ങളായിരുന്നു എപ്പോഴും പാര്‍ക്കറുടെ ആവേശം. അങ്ങനെയാണ് കഴിഞ്ഞ ഞായറാഴ്ചയും പാര്‍ക്കര്‍ തന്റെ ബാക്ക്പാക്കുമായി ഏറ്റവുമിഷ്ടപ്പെട്ട ഒരിടത്തേക്ക് യാത്ര തിരിച്ചത്. പല തവണ കയറിയതാണ് അവിടെ. എങ്കിലും ഇടയ്ക്കിടെ പോകാനൊരു തോന്നലാണ്. ആരോടും പറയാതെ വീട്ടില്‍ നിന്നിറങ്ങി
 

സാഹസികതയെ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും അറിയണം നെയില്‍ പാര്‍ക്കര്‍ എന്ന അമ്പത്തിനാലുകാരന്റെ ഈ അത്യപൂര്‍വ്വ തിരിച്ചുവരവിന്റെ കഥ. എല്ലാം നഷ്ടപ്പെട്ടു, ഇനി പ്രതീക്ഷിക്കാനൊന്നുമില്ല എന്ന ഘട്ടത്തിലും അവശേഷിക്കുന്ന ജീവനുമായി ജീവിതത്തെ തിരിച്ചുപിടിച്ച 'റിയല്‍ ഹീറോ' എന്നാണ് പാര്‍ക്കറെ ഇപ്പോള്‍ ഡോക്ടര്‍മാരും സുഹൃത്തുക്കളുമെല്ലാം വിശേഷിപ്പിക്കുന്നത്. 

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനാണ് പാര്‍ക്കറുടെ സ്വദേശം. ഒഴിവുസമയങ്ങളിലെല്ലാം, മല കയറാന്‍ പോകുന്നതാണ് ഇദ്ദേഹത്തിന്റെ വിനോദം. വെറും വിനോദം എന്നുമാത്രമായി ഇതിനെ വിശേഷിപ്പിക്കാന്‍ ഇദ്ദേഹം അനുവദിക്കില്ല. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായ അത്രയും പ്രാധാന്യമുള്ള ഒന്നാണ് പാര്‍ക്കറെ സംബന്ധിച്ച് മലകയറ്റം. 

ചെങ്കുത്തായ പാറക്കെട്ടുകളിലൂടെയും പുല്ലും ചെടികളും നിറഞ്ഞ ചരിവുകളിലൂടെയുമെല്ലാം അനായാസം കയറിപ്പോകാന്‍ അനുഭവങ്ങള്‍ കൊണ്ട് തന്നെ പഠിച്ചയാളായിരുന്നു പാര്‍ക്കര്‍. സമാനമനസ്‌കരായ ഒരുകൂട്ടം ആളുകള്‍ക്കൊപ്പം ഇതിനായി ഒരു ക്ലബ് തന്നെ തുടങ്ങി. ഇതിലെ അംഗങ്ങള്‍ക്കൊപ്പം മല കയറാന്‍ പോകുമെങ്കിലും തനിച്ചുള്ള ചില സാഹസിക സമയങ്ങളായിരുന്നു എപ്പോഴും പാര്‍ക്കറുടെ ആവേശം. 

അങ്ങനെയാണ് കഴിഞ്ഞ ഞായറാഴ്ചയും പാര്‍ക്കര്‍ തന്റെ ബാക്ക്പാക്കുമായി ഏറ്റവുമിഷ്ടപ്പെട്ട ഒരിടത്തേക്ക് യാത്ര തിരിച്ചത്. പല തവണ കയറിയതാണ് അവിടെ. എങ്കിലും ഇടയ്ക്കിടെ പോകാനൊരു തോന്നലാണ്. ആരോടും പറയാതെ വീട്ടില്‍ നിന്നിറങ്ങി. അവിടെച്ചെന്ന് മലകയറ്റം തുടങ്ങി. ഒരു വലിയ വെള്ളച്ചാട്ടമാണ്. അതിനോട് ചേര്‍ന്നുള്ള പാറക്കെട്ടിലൂടെ ഇരുപതടിയോളം കയറി. പെട്ടെന്ന് പാറകളില്‍ പിടുത്തം കിട്ടാത്തത് പോലെയായി. എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കാന്‍ സമയം കിട്ടും മുമ്പേ പാര്‍ക്കര്‍ താഴേക്ക് വീണിരുന്നു. 

വീഴ്ചയില്‍ എവിടെയെല്ലാമോ ദേഹം ശക്തിയായി ഇടിച്ചു. ഒടുവില്‍ ബോധം വരുമ്പോള്‍ വെള്ളച്ചാട്ടത്തിന് എത്രയോ താഴെ, മനുഷ്യരുടെ പെരുമാറ്റമില്ലാത്ത എവിടെയോ ആണ് താനെന്ന് പാര്‍ക്കര്‍ തിരിച്ചറിഞ്ഞു. ഇടതുകാലില്‍ നിന്ന് അസഹനീയമായ വേദന ഇരച്ചുകയറുന്നു. ഇടതുകൈപ്പത്തിയില്‍ നിന്നും അതുപോലെ വേദന. 

ഒന്നേ നോക്കിയുള്ളൂ. ഇടതുകണങ്കാലിന് താഴെ പകുതിയോളം മുറിഞ്ഞുതൂങ്ങിയിരിക്കുന്നു. ഇടത് കൈപ്പത്തിയാണെങ്കിൽ എല്ലുകൾ നുറുങ്ങിയ അവസ്ഥയിലും. ദേഹമാകെ വേദന കൊണ്ട് നിറയുന്നു. ആ കിടപ്പ് അൽപനേരം കിടന്നു.

രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെക്കുറിച്ചായി പിന്നെ ചിന്ത. പോക്കറ്റില്‍ ഫോണ്‍ ഉണ്ട്. പക്ഷേ അവിടെ റെയ്ഞ്ചില്ല. ആരോടും പറയാതെ ഇറങ്ങിയതിനാല്‍ ആര്‍ത്തും താനെവിടെയെന്ന് അറിയില്ല. ഒരു മനുഷ്യന്‍ പോലും കടന്നുവരാന്‍ സാധ്യതയില്ലാത്തയിടം. ഇനി രക്ഷപ്പെടണമെങ്കില്‍ സ്വയം വിചാരിക്കുക മാത്രമേ ചെയ്യാനുള്ളൂവെന്ന് പാര്‍ക്കര്‍ മനസിലാക്കി. 

കഠിനമായി വേദനയിലും അങ്ങനെ പാര്‍ക്കര്‍ നിരങ്ങിനീങ്ങി. പ്രദേശത്തെക്കുറിച്ചുള്ള ചില അറിവുകള്‍ വച്ച് മനുഷ്യരുണ്ടാകാന്‍ സാധ്യതയുള്ള ദിശയിലേക്കായിരുന്നു നീങ്ങിയത്. വോദന കടുക്കുമ്പോള്‍ വിശ്രമിക്കും. ബാഗിലുണ്ടായിരുന്ന വെള്ളം, നട്ട്‌സ്, പ്രോട്ടീന്‍ ബാര്‍ എന്നിവ കഴിക്കും. വേദനയെ ശമിപ്പിക്കാനുള്ള മരുന്നും ബാഗിലുണ്ടായിരുന്നു. അതും കഴിക്കും. രാത്രിയായപ്പോള്‍ വലിയ പാറയ്ക്ക് മുകളില്‍ ബാഗിലുണ്ടായരുന്ന കമ്പിളികളുപയോഗിച്ച് കിടന്നു. 

അങ്ങനെ പാര്‍ക്കര്‍ നിരങ്ങിനീങ്ങിയത് രണ്ട് ദിവസമായിരുന്നു. അപ്പോഴേക്ക് പാര്‍ക്കറിനെ കാണാനില്ലെന്ന വാര്‍ത്ത നാട്ടില്‍ പരന്നു. തിങ്കളാഴ്ച ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ബന്ധുക്കളെ വിളിച്ചന്വേഷിച്ചതോടെയാണ് പാര്‍ക്കറിനെ കാണാനില്ലെന്ന വിവരം എല്ലാവരും മനസിലാക്കുന്നത്. ഞായറാഴ്ച മലകയറ്റത്തിന് പോയേക്കുമെന്ന സൂചിപ്പിച്ചിരുന്നതായി ഒരു സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്ന് പാര്‍ക്കര്‍ കുടുങ്ങിക്കിടന്നയിടത്തേക്ക് രക്ഷാപ്രവര്‍ത്തകരടങ്ങിയ ഹെലികോപ്റ്റര്‍ പുറപ്പെട്ടു. 

ആയുസ് ഇനിയും ബാക്കി കിടപ്പുണ്ട് എന്നതുകൊണ്ട് മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ വന്മരങ്ങള്‍ക്ക് താഴെ നിന്ന് താന്‍ വീശിയ തുണിക്കഷ്ണം കണ്ടതെന്ന് വിശ്വസിക്കാനാണ് പാര്‍ക്കര്‍ക്ക് ഇഷ്ടം. അവശനായിരുന്ന പാര്‍ക്കറെ അവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇനിയൊരിക്കലും ശാരീരികമായി പഴയ ആളാകാന്‍ പാര്‍ക്കര്‍ക്കാവില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. എങ്കിലും പാര്‍ക്കര്‍ സന്തോഷത്തിലാണ്. 

ഇത്രയുമെല്ലാം അനുഭവങ്ങള്‍ തനിക്കുണ്ടായത്, ജീവിതത്തെ കൂടുതല്‍ അടുത്തറിയാനേ ഉപകരിക്കൂവെന്നാണ് പാര്‍ക്കറുടെ വാദം. ഇതുകൊണ്ടൊന്നും തളരില്ലെന്നും, കഴിയും പോലെ ഇനിയും മല കയറാന്‍ പോകണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.

click me!