സൊളിഗ ഗോത്രം, ആറ് ആനകള്‍, പട്ടി, 100 ഉദ്യോഗസ്ഥര്‍ ; ഒരു കടുവയെ പിടികൂടാന്‍ ഇത്രയും സംവിധാനമോ !

By Web TeamFirst Published Oct 14, 2019, 11:35 AM IST
Highlights

ഒരാഴ്ചയായി നിരന്തരമായി തിരച്ചില്‍ നടത്തി. കാട്ടിലുടനീളം പ്രധാനഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചു. 872 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കാട്ടില്‍ കടുവയെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. 

ബംഗളുരു: രണ്ട് ഗ്രാമവാസികളെയും 18 കന്നുകാലികളെയും കൊന്നൊടുക്കി കര്‍ണാടക ബന്ദിപ്പൂര്‍ കാട്ടില്‍ മറഞ്ഞ കടുവയെ ഒടുവില്‍ പിടികൂടി. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശ്രമങ്ങള്‍ക്കൊടുവിലാണ് കടുവയെ പിടികൂടിയത്. ബംഗളുരുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ബന്ദിപ്പൂര്‍ കാടിനുളളിലുള്ള നഗുവനഹള്ളിയില്‍ നിന്നാണ് കടുവയെ പിടികൂടിയത്. 

പ്രത്യോക പരിശീലനം ലഭിച്ച 100 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആറ് ആനകള്‍, പ്രത്യേക പരിശീലനം ലഭിച്ച ജെര്‍മ്മന്‍ ഷെപേഡ് ഇനത്തില്‍പ്പെട്ട നായ എന്നിവ ഉപയോഗിച്ചാണ് കടുവയെ കണ്ടെത്തിയത്. 872 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന കാട്ടില്‍ കടുവയെ കണ്ടെത്തുക ശ്രമകരമായ ജോലിയായിരുന്നു. കടുവയെ പിടികൂടി കൊല്ലണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. 

സൊളിഗ ഗോത്രത്തിന്‍റെ സഹായത്തോടെയാണ് അധികൃതര്‍ കടുവയെ കണ്ടെത്തിയത്. കാട്ടിലുടനീളം പ്രധാനഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. പുലര്‍ച്ചെ 4.45 ഓടെ നഗവനഹള്ളിക്ക് സമീപമുള്ള ക്യാമറകളിലൊന്നില്‍ കടുവ പ്രത്യക്ഷപ്പെട്ടു. ആൻകളില്‍ മൂന്നെണ്ണവും നായയും ചേര്‍ന്ന് കടുവയെ ഉച്ചയ്ക്ക് 2.30 ഓടെ കണ്ടെത്തിയ 

കട്ടികൂടിയ വല ഉപയോഗിച്ച് കടുവയെ കെണിയിലാക്കി കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. സൊളിക ഗോത്രത്തിന്‍റെ സഹകരണത്താലാണ് കടുവയെ പിടികൂടാനായതെന്ന് അധികൃതര്‍ പറഞ്ഞു. കുറ്റിക്കാട്ടില്‍ കടുവയെ കണ്ടെന്ന് സൊളിഗകള്‍ അറിയിച്ചതോടെ ആനയുടെ പുറത്തിരുന്ന് ഉദ്യോഗസ്ഥര്‍ മയക്കുവെടി വച്ചു. എന്നാല്‍ കടുവ മറ്റൊരു ഭാഗത്തേക്ക് ഓടിമറഞ്ഞു. വീണ്ടും കടുവയെ കണ്ടെത്തിയത് സൊളിഗകളാണ്. വീണ്ടും മയക്കുവെടിവച്ചാണ് കടുവയെ വീഴ്ത്തിയത്. 

കടുവ പ്രദേശവാസികളെയും കന്നുകാലികളെയും കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതോടെ കടുവയെ കണ്ടാലുടന്‍ വെടിവച്ചുകൊല്ലാന്‍ അധികൃതര്‍ ഉത്തരവുമിറക്കി. എന്നാല്‍ ഇത് മൃഗസംരക്ഷക പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് വലിയ പ്രതിഷേധത്തിന് കാരണമായി. 

പലഭാഗത്തുനിന്നുള്ളമുള്ള പ്രതിഷേധങ്ങള്‍ക്കിടയിലും കടുവയെ ജീവനോടെ പിടികൂടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. കടുവയെ ഇപ്പോള്‍ മൈസൂര്‍ മൃഗശാലയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെയാണ് കടുവയ്ക്ക് ചികിത്സ നല്‍കുന്നത്. 


 

click me!