കേബിള്‍ ഇളകിയത് നോക്കാന്‍ പോയി; കണ്ടത് പേടിപ്പെടുത്തുന്ന കാഴ്ച...

By Web TeamFirst Published Mar 21, 2019, 5:58 PM IST
Highlights

കേബിള്‍ ഇളകിമാറിയത് പരിശോധിക്കാനാണ് വീട്ടുടമസ്ഥന്‍ അങ്ങോട്ട് ചെന്നത്. ഒരു ടോര്‍ച്ചുമായി അയാള്‍ വീടിന് അടിയിലേക്ക് നിരങ്ങിനീങ്ങി. വെളിച്ചം തെളിയിച്ചപ്പോള്‍ തലയ്ക്ക് അടി കിട്ടിയതുപോലെ ആയിപ്പോയി, അത്രയും ഞെട്ടിക്കുന്ന കാഴ്ച
 

അല്‍പം വലിയ മുറ്റവും പറമ്പുമൊക്കെയായി താമസിക്കുമ്പോള്‍ മിക്കവര്‍ക്കും പറ്റുന്ന ചതിയാണിത്. വീടിനെ ചുറ്റിപ്പറ്റിക്കിടക്കുന്ന ഏതെങ്കിലുമൊരു ഭാഗത്ത് സ്ഥിരമായി കണ്ണെത്താതെ പോകും. ഏറെ നാളായി അവിടം അങ്ങനെ പെരുമാറ്റമില്ലാതെ കിടക്കുകയും ചെയ്യും. 

അങ്ങനെ നാളുകളായി ഒരിടം മനുഷ്യരുടെ ഇടപെടലുകളില്ലാതെ കിടന്നാല്‍ സ്വാഭാവികമായും അവിടെ മറ്റ് ജീവികള്‍ വന്ന് താമസമാക്കും. കാടിനോ മലകള്‍ക്കോ അരികിലാണ് താമസമെങ്കില്‍ പറയാനുമില്ല. പിന്നീട് ജീവന് തന്നെ ഭീഷണിയാകുമ്പോഴായിരിക്കും നമ്മള്‍ ഇവരെ എങ്ങനെ തുരത്താമെന്ന് ഓര്‍ക്കുന്നത്. അപ്പോഴേക്കും അത് നമ്മുടെ കൈവിട്ട് പോയിട്ടുമുണ്ടാകും. 

ഇങ്ങനെയൊരു സംഭവമാണ് ന്യൂയോര്‍ക്കിലെ അല്‍ബാനിയില്‍ നിന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒഴിഞ്ഞ ഒരിടത്തുള്ള വീടാണ്. മണ്ണില്‍ നിന്ന് ചെറിയ തിട്ടകളുണ്ടാക്കി, അതിലാണ് വീട് ഉറപ്പിച്ചിരിക്കുന്നത്. അതായത് താഴെ നിന്ന് ചെറിയ തൂണുകള്‍ പോലെ പടുത്തുയര്‍ത്തിയിരിക്കുന്നു, അതിന് മുകളില്‍ കെട്ടിടവും. 

അപ്പോള്‍ വീടിനും മണ്ണിനുമിടയില്‍ അല്‍പം സ്ഥലം ഒഴിഞ്ഞുകിടക്കും. സാധാരണഗതിയില്‍ വിറകോ മറ്റ് സാധനങ്ങളോ ഒക്കെ സൂക്ഷിക്കാനാണ് ഈ സ്ഥലം ഉപയോഗിക്കാറ്. സംഭവം നടന്ന വീട്ടില്‍ പക്ഷേ ഇവിടെ കാര്യമായി ഒന്നും സൂക്ഷിച്ചിരുന്നില്ല. വീട്ടിലേക്കുള്ള കേബിളുകള്‍ വലിച്ചിരുന്നത് പക്ഷേ, ഇതിലൂടെയായിരുന്നു. അങ്ങനെയാണ് കേബിള്‍ ഇളകിമാറിയത് പരിശോധിക്കാന്‍ വീട്ടുടമസ്ഥന്‍ അങ്ങോട്ട് ചെന്നത്. 

ഒരു ടോര്‍ച്ചുമായി അയാള്‍ വീടിന് അടിയിലേക്ക് നിരങ്ങിനീങ്ങി. വെളിച്ചം തെളിയിച്ചപ്പോള്‍ തലയ്ക്ക് അടി കിട്ടിയതുപോലെ ആയിപ്പോയി, അത്രയും ഞെട്ടിക്കുന്ന കാഴ്ച. തിട്ടകളിലും ചുവരിലും തറയിലുമൊക്കെയായി അങ്ങനെ നിരന്നുകിടക്കുന്ന പാമ്പുകള്‍. എണ്ണിയാലൊന്നും തീരില്ല, അത്രയും പാമ്പുകള്‍. നിമിഷനേരം കൊണ്ട് ധൈര്യം വീണ്ടെടുത്ത് ജീവനും കൊണ്ട് അയാള്‍ അതിനകത്ത് നിന്നിറങ്ങി.

ഉടനെ തന്നെ പാമ്പ് പിടുത്തക്കാരെ വിളിച്ച് സഹായം തേടി. വിദഗ്ധരായ ഒരു കൂട്ടം പാമ്പുപിടുത്തക്കാര്‍ വൈകാതെ സ്ഥലത്തെത്തി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ അവര്‍ ചാക്കിലാക്കിയത് 45 അണലി പാമ്പുകളെയായിരുന്നു. എല്ലാം നല്ല ഒന്നാന്തരം വിഷമുള്ളവ. പാമ്പുകളെയെല്ലാം പിന്നീട് അടുത്തുള്ള കാട്ടിലേക്ക് തുറന്നുവിട്ടു. 

കൃത്യമായ ഇടവേളകളില്‍ വീടിന്റെ അടിഭാഗം വൃത്തിയാക്കി, തീയിടാത്തതാണ് ഇത്തരമൊരു അപകടാവസ്ഥയുണ്ടാകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാടിനരികില്‍ താമസിക്കുന്നവരാണെങ്കില്‍ പ്രത്യേകിച്ചും വീടിന്റെ ചുറ്റുപാടുകള്‍ എപ്പോഴും നിരീക്ഷണത്തിലായിരിക്കണമെന്നും ശുചീകരണപ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തിയിരിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

എന്തായാലും അല്‍ബാനിയിലെ പാമ്പുവീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ഓട്ടത്തിലാണിപ്പോള്‍. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ആയിരങ്ങള്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം...

click me!