രാത്രിയില്‍ വീടിനകത്ത് ബഹളം; എഴുന്നേറ്റ് നോക്കിയപ്പോള്‍ കണ്ടത്...

By Web TeamFirst Published Nov 5, 2019, 6:34 PM IST
Highlights

കഴിഞ്ഞ ചാവ്വാഴ്ച. രാത്രി ഏതാണ്ട് ഒരുമണി അടുപ്പിച്ച് വീട്ടിനകത്ത് നിന്നും ആകെ തട്ടും മുട്ടും കേക്കാന്‍ തുടങ്ങി, ആദ്യം സൂചിപ്പിച്ച പോലെ തന്നെ പൂച്ചയായിരിക്കും എന്ന ചിന്തയില്‍ വീട്ടുകാര്‍ ഉണര്‍ന്നില്ല. എന്നാല്‍ ഏറെ നേരമായിട്ടും ബഹളം നില്‍ക്കുന്നില്ല
 

രാത്രിയില്‍ ഉറക്കത്തിനിടയില്‍ എന്തെങ്കിലും ചെറിയ തട്ടലും മുട്ടലുമൊക്കെ കേട്ടാലും നമ്മള്‍ സാധാരണഗതിയില്‍ എന്ത് കരുതും? വല്ല പൂച്ചയോ എലികളോ ഒക്കെ ശബ്ദമുണ്ടാക്കുകയാണെന്ന്. അങ്ങനെയാണെങ്കില്‍ മിക്കവാറും ഉറക്കത്തില്‍ നിന്നുണരാന്‍ പോലും നമ്മള്‍ മെനക്കെടുകയുമില്ല. 

എന്നാല്‍ ശബ്ദം കേട്ടയുടന്‍ വല്ല കള്ളനും കയറിയിരിക്കുമോയെന്ന ഭയമെങ്ങാന്‍ കുടുങ്ങിയാല്‍ തീര്‍ച്ചയായും നമ്മള്‍ ഉണര്‍ന്ന് വെളിച്ചമിട്ട് പരിശോധിക്കും അല്ലേ? 

അതുതന്നെയാണ് ഗുജറാത്തിലെ വഡോദരയില്‍ താമസിക്കുന്ന മഹേന്ദ്ര പാദിയാര്‍ എന്നയാളുടെ കാര്യത്തിലും സംഭവിച്ചത്. കഴിഞ്ഞ ചാവ്വാഴ്ച. രാത്രി ഏതാണ്ട് ഒരുമണി അടുപ്പിച്ച് വീട്ടിനകത്ത് നിന്നും ആകെ തട്ടും മുട്ടും കേക്കാന്‍ തുടങ്ങി, ആദ്യം സൂചിപ്പിച്ച പോലെ തന്നെ പൂച്ചയായിരിക്കും എന്ന ചിന്തയില്‍ വീട്ടുകാര്‍ ഉണര്‍ന്നില്ല. 

എന്നാല്‍ ഏറെ നേരമായിട്ടും ബഹളം നില്‍ക്കുന്നില്ല. അങ്ങനെ ഉറക്കമുണര്‍ന്ന വീട്ടുകാര്‍ ലൈറ്റിട്ട ശേഷം ശബ്ദം കേട്ട സ്ഥലത്തേക്ക് ചെന്നു. വീട്ടിനകത്തെ ബാത്ത്‌റൂമിന് വശത്തായി ഒഴിഞ്ഞുകിടക്കുന്ന ഒരു മൂലയില്‍ എന്തോ അനക്കം കണ്ടെത്തി. വെളിച്ചമടിച്ച് നോക്കിയ പാദിയാര്‍ ഞെട്ടി.ഒരു മുതല.

 

 

വെളിച്ചം കണ്ടതോടെ അടുത്ത നിമിഷം തൊട്ട്, അത് വീണ്ടും പരിഭ്രാന്തിയോടെ അവിടെയെല്ലാം ഓടിനടക്കാന്‍ തുടങ്ങി. പാദിയാര്‍ പെട്ടെന്ന് തന്നെ മുതല കുടുങ്ങിയ മുറിയുടെ വാതില്‍ പുറത്തുനിന്ന് അടച്ചു. തുടര്‍ന്ന് തൊട്ടടുത്തുള്ള വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ക്ക് ഫോണ്‍ ചെയ്തു. 

പുലര്‍ച്ചെ 2.45ഓടെ അവിടെ നിന്നുള്ള ജീവനക്കാരെത്തി. നാലര അടിയോളം വലിപ്പമുള്ള മുതലയായിരുന്നു അത്. അക്രമാസക്തമായ നിലയിലായിരുന്നു അതിനെ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഏറെ പണിപ്പെട്ടാണ് സംഘം അതിനെ പിടികൂടിയത്. അല്‍പമൊന്ന് ശ്രദ്ധ പതറിയിരുന്നെങ്കില്‍ അത് ഒരുപക്ഷേ വീട്ടിലുള്ള ആരെയെങ്കിലും അക്രമിക്കുമായിരുന്നുവെന്നും എന്നാല്‍ ഭാഗ്യവശാലാണ് അത്തരം അനിഷ്ട സംവങ്ങളൊന്നുമുണ്ടാകാഞ്ഞതെന്നും അവര്‍ പിന്നീട് പറഞ്ഞു. 

പാദിയാറുടെ വീട്ടില്‍ നിന്ന് കുറച്ചകലെയുള്ള വിശ്വമിത്രി പുഴയില്‍ നിന്നാകാം മുതലയെത്തിയതെന്ന് ഇവര്‍ സംശയിക്കുന്നു. ഈ ഗ്രാമത്തില്‍ സമാനമായ സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. ഏറെ ആശങ്കയോടെയാണ് തങ്ങള്‍ രാത്രികാലങ്ങളില്‍ കഴിച്ചുകൂട്ടുന്നതെന്നും ഇതിന് എന്തെങ്കിലും നടപടി, വനം വകുപ്പ് കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 

click me!