നിയമപരമായ ആത്മഹത്യക്കായി ഇന്ത്യക്കാരൻ വിദേശത്തേക്ക്; അനുവദിക്കല്ലേയെന്ന് സുഹൃത്ത്

By Web TeamFirst Published Aug 13, 2022, 9:50 AM IST
Highlights

വിദേശരാജ്യങ്ങളില്‍ ചിലയിടങ്ങളിലാകട്ടെ ആത്മഹത്യ നിയമം മൂലം അംഗീകരിച്ചിട്ടുള്ളതാണ്. സ്വന്തം താല്‍പര്യപ്രകാരം മരണം വരിക്കുന്നതിന് ബെല്‍ജിയം, ലക്സംബര്‍ഗ്, കാനഡ, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലൊന്നും നിയമതടസമില്ല. 

ആത്മഹത്യ അഥവാ സ്വയം ജീവനെടുക്കുന്നത് നമ്മുടെ നാട്ടില്‍ നിയമപരമായി കുറ്റമാണ്. അതുകൊണ്ടാണ് ആത്മഹത്യാശ്രമം നടത്തുന്നവരെ പോലും പൊലീസ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ മാനുഷിക പരിഗണന മൂലം കൗണ്‍സിലിംഗ് പോലുള്ള നടപടികള്‍ മാത്രമേ ഇത്തരം കേസുകളില്‍ ഉണ്ടാകാറുള്ളൂ. 

വിദേശരാജ്യങ്ങളില്‍ ചിലയിടങ്ങളിലാകട്ടെ ആത്മഹത്യ നിയമം മൂലം അംഗീകരിച്ചിട്ടുള്ളതാണ്. സ്വന്തം താല്‍പര്യപ്രകാരം മരണം വരിക്കുന്നതിന് ബെല്‍ജിയം, ലക്സംബര്‍ഗ്, കാനഡ, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലൊന്നും നിയമതടസമില്ല. മെഡിക്കല്‍ കാരണങ്ങളാല്‍ ആണെങ്കില്‍ സ്വിറ്റ്സര്‍ലണ്ട്, ജര്‍മ്മനി, യുഎസ് സ്റ്റേറ്റുകളായ ഒറിഗോണ്‍, കാലിഫോര്‍ണിയ, മൊണ്ടാന, കൊളറാഡോ, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളിലെല്ലാം ആത്മഹത്യ നിയമപ്രകാരം അംഗീകരിച്ചത് തന്നെ. 

എന്നാല്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുകയെന്നാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ അത് അനുവദനീയമല്ലാത്ത കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഇപ്പോഴിതാ നിയമപ്രകാരം ആത്മഹത്യ ചെയ്യാൻ വേണ്ടി സ്വിറ്റ്സര്‍ലണ്ടിലേക്ക് പറക്കാനൊരുങ്ങിയിരിക്കുകയാണ് ഒരു ഇന്ത്യക്കാരൻ. എന്നാല്‍ ജീവനൊടുക്കാൻ വേണ്ടിയാണ് ഈ യാത്രയെന്ന വിവരം അധികൃതരില്‍ നിന്ന് പോലും മറച്ചുവെച്ചുകൊണ്ടാണ് ഇദ്ദേഹം ഇതിനായി തയ്യാറെടുക്കുന്നത്. 

ഇദ്ദേഹത്തിന് യാത്രാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്‍റെ സുഹൃത്തായ സ്ത്രീ ദില്ലി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അമ്പതിനോട് അടുത്ത് പ്രായമുള്ള ഇദ്ദേഹം വര്‍ഷങ്ങളായി 'മയാള്‍ജിക് എന്‍സെഫലോമൈലൈറ്റിസ്' ( ക്രോണിക് ഫാറ്റിഗ് സിൻഡ്രോം) എന്ന രോഗത്തിന് ചികിത്സ തേടിവരികയാണ്. 

അസാധാരണമായ തളര്‍ച്ച, ഉറക്കപ്രശ്നങ്ങള്‍, വേദന എന്നിങ്ങനെ പലവിധത്തില്‍ ആരോഗ്യത്തെ ക്രമേണ തകര്‍ക്കുന്ന രോഗമാണിത്. സാധാരണഗതിയില്‍ ഇത് കൂടുതലും സ്ത്രീകളിലാണ് കാണപ്പെടാറ്. ജനിതകമായ കാരണങ്ങളോ പാരിസ്ഥിതികമായ കാരണങ്ങളോ ആകാം ഒരു വ്യക്തിയെ ഈ രോഗത്തിലേക്ക് നയിക്കുന്നത്. ഇത് ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുകയില്ല. മെഡിക്കല്‍ സഹായത്തോടെ രോഗം മൂലമുള്ള വിഷമതകള്‍ പരമാവധി പരിഹരിച്ചും, നിയന്ത്രിച്ചും ആശ്വാസം കണ്ടെത്താമെന്ന് മാത്രം. 

ഈ കേസില്‍ 2014 മുതല്‍ രോഗബാധിതനായ ആള്‍, നിലവില്‍ മിക്ക സമയവും കിടപ്പിലായ രോഗിയെ പോലെ തന്നെയാണ്. മുറിയില്‍ മാത്രം അത്യാവശ്യം അല്‍പം നടക്കാനേ ഇദ്ദേഹത്തിന് കഴിയൂ. രോഗം തളര്‍ത്തിയതോടെ മരണമാണ് ഇനിയുള്ള ഏകമാര്‍ഗമെന്ന് ഇദ്ദേഹം തന്നെയാണ് തീരുമാനിച്ചത്.

എന്നാല്‍ ഇദ്ദേഹത്തിന്‍റെ പ്രായമായ മാതാപിതാക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഒന്നും ഇതുള്‍ക്കൊള്ളാൻ സാധിക്കില്ലെന്നാണ് പരാതിക്കാരി ചൂണ്ടിക്കാട്ടുന്നത്. ചികിത്സയിലൂടെ ഇദ്ദേഹത്തെ അല്‍പമെങ്കിലും ഭേദപ്പെടുത്താനുള്ള സാഹചര്യം ഇപ്പോഴും ബാക്കിയുണ്ട്. അതുപോലെ തന്നെ വ്യാജകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം സ്വിറ്റ്സര്‍ലണ്ടിലേക്ക് പോകുന്നത്, ഇത് നിയമവിരുദ്ധമാണ്. എന്നീ കാര്യങ്ങള്‍ വച്ചാണ് ഇദ്ദേഹത്തിന് യാത്രാനുമതി നിഷേധിക്കണമെന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ചിത്രം: പ്രതീകാത്മകം

Also Read:- നിയമം അനുവദിച്ചു; അറുപതുകാരന്‍ പരസ്യമായി മരണത്തിലേക്ക് നടന്നുനീങ്ങി...

click me!