ഒരു ഹെയര്‍ കട്ടിനും ഷേവിനും 60,000 രൂപ; ഇത് കഥ വേറെ...

By Web TeamFirst Published Sep 11, 2020, 7:42 PM IST
Highlights

മദ്ധ്യപ്രദേശിലെ കന്ദ്വയില്‍ കഴിഞ്ഞ ദിവസം ഒരു ബാര്‍ബര്‍ക്ക് ഹെയര്‍കട്ടിനും ഷേവിനും കൂലിയായി ലഭിച്ചത് 60,000 രൂപയാണത്രേ. സംഭവം കേട്ട് ഞെട്ടാന്‍ വരട്ടെ, ഇതിന് പിന്നില്‍ ഒരു കഥയുമുണ്ട്

സാധാരണഗതിയില്‍ നമ്മുടെ നാട്ടില്‍ ഒരു ഹെയര്‍കട്ടിനും ഷേവിനുമെല്ലാം എത്ര രൂപ നല്‍കണം? എന്തായാലും കൂടിപ്പോയാല്‍ 500 രൂപയില്‍ താഴെയേ വരൂ, അല്ലേ? എന്നാല്‍ ഒരു ഹെയര്‍കട്ടിനും ഷേവിനും 60,000 രൂപ കൂലിയായി നല്‍കിയാലോ!

മദ്ധ്യപ്രദേശിലെ കന്ദ്വയില്‍ കഴിഞ്ഞ ദിവസം ഒരു ബാര്‍ബര്‍ക്ക് ഹെയര്‍കട്ടിനും ഷേവിനും കൂലിയായി ലഭിച്ചത് 60,000 രൂപയാണത്രേ. സംഭവം കേട്ട് ഞെട്ടാന്‍ വരട്ടെ, ഇതിന് പിന്നില്‍ ഒരു കഥയുമുണ്ട്. 

തനിക്ക് സലൂണ്‍ തുടങ്ങാനായി സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ട് രോഹിദാസ് എന്ന യുവാവ് വനം മന്ത്രിയായ വിജയ് ഷായെ സമീപിച്ചു. അദ്ദേഹം യുവാവിന്റെ കഴിവ് മനസിലാക്കാനായി പരസ്യമായി വേദിയില്‍ വച്ച് തന്റെ മുടി വെട്ടാനും, ഷേവ് ചെയ്യാനും ക്ഷണിച്ചു. 

ഇതനുസരിച്ച് യുവാവ് മന്ത്രിക്ക് ഹെയര്‍ കട്ടും ഷേവും ചെയ്തുനല്‍കി. മന്ത്രിയാണെങ്കില്‍ കയ്യോടെ 60,000 രൂപയും നല്‍കി. മാസങ്ങളായി വരുമാനമില്ലാതെ കഷ്ടപ്പെടുന്നവര്‍ നിരവധിയാണെന്നും തങ്ങളുടെ കഴിവില്‍ ആത്മവിശ്വാസമുള്ളവര്‍ക്ക് മുന്നേറാന്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന കാര്യം മനസിലാക്കിക്കാനാണ് താന്‍ യുവാവിനെ കൊണ്ട് വേദിയില്‍ വച്ച് ഹെയര്‍കട്ടും ഷേവും ചെയ്യിച്ചതെന്നും മന്ത്രി പറഞ്ഞു. 

തന്റെ പേരിലുള്ള ഫണ്ടില്‍ നിന്നാണ് യുവാവിന് തുക കൈമാറിയതെന്നും യുവാക്കള്‍ക്ക് തൊഴില്‍ സംബന്ധമായ സഹായത്തിന് സര്‍ക്കാര്‍ ലോണുകള്‍ നല്‍കുമെന്നും മന്ത്രി പിന്നീട് അറിയിച്ചു. 

Also Read:- 'ലോക്ഡൗണ്‍ ഹെയര്‍കട്ട്'; ഭര്‍ത്താവിന്റെ മുടി വെട്ടിക്കൊടുക്കുന്ന നടിയെ മനസിലായോ?...

click me!