മദ്യപിച്ച് ബോധമില്ലാതെ ഒരു നഗരത്തിലെ മുഴുവൻ പേരുടെയും വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെടുത്തി ഉദ്യോഗസ്ഥൻ

By Web TeamFirst Published Jun 28, 2022, 1:26 PM IST
Highlights

രാത്രി മുഴുവൻ ബാറിലിരുന്ന് മദ്യപിച്ച ഇയാള്‍ ഏറെ വൈകിയാണ് പുറത്തേക്കിറങ്ങിയത്. വൈകാതെ തന്നെ റോഡരികില്‍ ബോധരഹിതനായി വീഴുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന രണ്ട് ബാഗുകളും മോഷണം പോവുകയായിരുന്നു. 

മദ്യപാനം ശാരീരികാരോഗ്യത്തെ ( Alcohol Consumption ) മാത്രമല്ല, മാനസികാരോഗ്യത്തെയും അതുപോലെ തന്നെ സാമൂഹികജീവിതത്തെയും കരിയറിനെയുമെല്ലാം ഒരുപോലെ ബാധിക്കാവുന്ന മോശം ശീലമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും ചെറുതല്ല. 

അത്തരത്തിലൊരു വാര്‍ത്തയാണ് വെസ്റ്റേണ്‍ ജപ്പാനിലെ  അമാഗസാക്കി എന്ന നഗരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. മദ്യപിച്ച് ബോധരഹിതനായ ഒരുദ്യോഗസ്ഥൻ ആ നഗരത്തിലെ മുഴുവൻ പേരുടെയും വ്യക്തിവിവരങ്ങള്‍ ( Personal Details ) നഷ്ടപ്പെടുത്തിയെന്നതാണ് വാര്‍ത്ത. 

അതായത്, കൊവിഡ് റിലീഫ് ഫണ്ട് കൈകാര്യം ചെയ്യുന്നൊരു കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ജോലിയാവശ്യത്തിനായി കമ്പനി നല്‍കിയ നഗരവാസികളായ നാല് ലക്ഷത്തിലധികം പേരുടെ വിലാസവും ബാങ്ക് അക്കൗണ്ട് നമ്പറും, ഫോണ്‍ നമ്പരുമടക്കമുള്ള വിശദാംശങ്ങള്‍ ( Personal Details ) ഉള്‍ക്കൊള്ള യുഎസ്ബി ഫ്ളാഷ് ഡ്രൈവാണ് ഉദ്യോഗസ്ഥൻ നഷ്ടപ്പെടുത്തിയിരിക്കുന്നത്. 

രാത്രി മുഴുവൻ ബാറിലിരുന്ന് മദ്യപിച്ച ഇയാള്‍ ( Alcohol Consumption ) ഏറെ വൈകിയാണ് പുറത്തേക്കിറങ്ങിയത്. വൈകാതെ തന്നെ റോഡരികില്‍ ബോധരഹിതനായി വീഴുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന രണ്ട് ബാഗുകളും മോഷണം പോവുകയായിരുന്നു. രാവിലെ ബോധം വന്നപ്പോള്‍ ഇദ്ദേഹം തന്നെയാണ് യുഎസ്ബി ഫ്ളാഷ് ഡ്രൈവ് അടങ്ങിയ ബാഗടക്കം മോഷണം പോയ കാര്യം അറിയുന്നത്.

ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പോയ സാധനങ്ങള്‍ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത്രയുമധികം പേരുടെ വ്യക്തിവിവരങ്ങള്‍ കളഞ്ഞുപോവുകയെന്നത് ഒരിക്കലും നിസാരമായ കാര്യമല്ല. എന്നാല്‍ ഡാറ്റ ലഭ്യമാകണമെങ്കില്‍ കമ്പനി പാസ്വേര്‍ഡ് വേണമെന്നാണ് കമ്പനിയും ഉദ്യോഗസ്ഥനും അറിയിച്ചിരിക്കുന്നത്. ഇതുവരെ ആരും അത് എടുക്കാന്‍ ശ്രമിച്ചതായി സിഗ്നല്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസും അറിയിക്കുന്നു. 

എന്തായാലും സംഭവം ജാപ്പനീസ് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ പുറംലോകവും അറിയുകയായിരുന്നു. മദ്യപാനത്തിനുള്ള ശാരീരികമായ ദൂഷ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. എന്നാല്‍ ഇവയിലേക്ക് കൂടി വെളിച്ചം വീശുകയാണ് ഈ വാര്‍ത്ത. 

Also Read:- 'ബിയര്‍ ഈ രോഗങ്ങളെ തടയുന്നു'; പുതിയ പഠനം

click me!