പിന്തുടര്‍ന്ന് ആക്രമിക്കുന്ന 'മാംസം തീനി' എട്ടുകാലിയോ?

By Web TeamFirst Published Feb 29, 2020, 11:22 PM IST
Highlights

പൊതുവേ കാണാറുള്ളവയില്‍ നിന്ന് വിഭിന്നമായി വലുപ്പം കൂടിയതും കറുത്ത നിറത്തിലുമുള്ളതുമായ എട്ടുകാലിയായിരുന്നു ഇത്. ഫോട്ടോ പോസ്റ്റ് ചെയ്തത് മുതല്‍ ആളുകള്‍ സംഘം ചേര്‍ന്ന് ചര്‍ച്ച തുടങ്ങി. മിക്കവാറും പേരും ഇത് കൊടിയ വിഷമുള്ള ഇനത്തില്‍ പെട്ട എട്ടുകാലിയാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്

എട്ടുകാലികള്‍ പല തരത്തിലുള്ളവയുണ്ട്. സാധാരണഗതിയില്‍ നമ്മള്‍ വീടുകളിലും മറ്റും കാണുന്നവയില്‍ തന്നെ പല വിഭാഗങ്ങളുള്ളതായി ശ്രദ്ധിച്ചിട്ടില്ലേ? എന്നാല്‍ ഇവയൊന്നും അത്ര അപകടകാരികളായിരിക്കില്ല. അതേ സമയം മാരകമായ വിഷമുള്ള ഇനത്തില്‍പ്പെടുന്ന എട്ടുകാലികളും ധാരാളമുണ്ട്. പ്രത്യേകിച്ച് കാട്ടിലോ, കാടിന് സമീപമുള്ള പ്രദേശങ്ങളിലോ ഒക്കെയാണെങ്കില്‍ ഇത്തരത്തിലുള്ള പലയിനം എട്ടുകാലികളേയും കാണാന്‍ കഴിഞ്ഞേക്കാം. 

ഇനി ഓരോ നാടിനേയും സംബന്ധിച്ച്, അങ്ങനേയും എട്ടുകാലികളുടെ വിഭാഗത്തില്‍ വ്യത്യസ്തതകള്‍ കാണാറുണ്ട്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലെ ഒരുള്‍പ്രദേശത്ത് നിന്ന് കണ്ടെത്തിയ എട്ടുകാലിയുടെ ചിത്രം ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയുണ്ടായി. 

പൊതുവേ കാണാറുള്ളവയില്‍ നിന്ന് വിഭിന്നമായി വലുപ്പം കൂടിയതും കറുത്ത നിറത്തിലുമുള്ളതുമായ എട്ടുകാലിയായിരുന്നു ഇത്. ഫോട്ടോ പോസ്റ്റ് ചെയ്തത് മുതല്‍ ആളുകള്‍ സംഘം ചേര്‍ന്ന് ചര്‍ച്ച തുടങ്ങി. മിക്കവാറും പേരും ഇത് കൊടിയ വിഷമുള്ള ഇനത്തില്‍ പെട്ട എട്ടുകാലിയാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. ബൂട്ട് ഇട്ടതിനാല്‍ മാത്രം കടിയേറ്റില്ലെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പലരും കമന്റ് ചെയ്തു. 

ചിലരാകട്ടെ, ഇത് പിന്തുടര്‍ന്ന് വന്ന് ആക്രമിക്കുന്ന തരം എട്ടുകാലിയാണെന്നും, ഇവ മനുഷ്യന്റെ മാസം ഭക്ഷിക്കുന്നതാണെന്നും വരെ അഭിപ്രായപ്പെട്ടു. ഒടുവില്‍ 'മിനിബീസ്റ്റ് വൈല്‍ഡ് ലൈഫ്' എന്ന മൃഗസ്‌നേഹികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന അലന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നയാളാണ് ഇതിന് കൃത്യമായ വിശദീകരണം നല്‍കിയത്. 

'ട്രാപ്‌ഡോര്‍ സ്‌പൈഡര്‍' എന്നറിയപ്പെടുന്ന ഇനത്തില്‍പ്പെട്ട എട്ടുകാലിയാണിതെന്നും. മനുഷ്യന് ഒട്ടും അപകടം ചെയ്യാത്ത വിഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പലപ്പോഴും എട്ടുകാലികളെക്കുറിച്ച് വ്യാജമായ വിവരങ്ങളാണ് ആളുകള്‍ പറയുകയും പങ്കുവയ്ക്കുകയും ചെയ്യാറെന്നും ഇതൊട്ടും ആരോഗ്യകരമായ പ്രവണതയല്ലെന്നും അലന്‍ ഇതോടൊപ്പം പറഞ്ഞു. 

എട്ടുകാലിയുടെ വിഷം വളരെ അപൂര്‍വ്വമായി മാത്രമേ മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തില്‍ മാറാറുള്ളൂ. അതില്‍ തന്നെ മാംസം തീനികളെന്ന തലത്തിലൊന്നും എട്ടുകാലികളെ കണക്കാക്കാനുമാകില്ല. 'കാമല്‍ സ്‌പൈഡര്‍' എന്നറിയപ്പെടുന്ന ഒരിനം എട്ടുകാലികള്‍ മാംസം വായിലേക്കെടുത്ത് ചവയ്ക്കാറുണ്ട്. എന്നാല്‍ 'കാമല്‍ സ്‌പൈഡര്‍' അത്ര സാധാരണമായി കണ്ടുവരുന്ന ഇനമല്ല.

click me!