പാമ്പ് കടിച്ച 'ഷോക്കി'ല്‍ വിരല്‍ മുറിച്ചുകളഞ്ഞു; ഒടുവില്‍ ആശുപത്രിയിലെത്തിയപ്പോള്‍...

By Web TeamFirst Published Nov 3, 2019, 6:30 PM IST
Highlights

പാമ്പുകളെ ചുറ്റിപ്പറ്റി പല അന്ധവിശ്വാസങ്ങളും ഓരോ നാട്ടിലും നിലനില്‍ക്കുന്നുണ്ട്. അതുപോലൊരു വിശ്വാസമാണ് സാങ് എന്ന അറുപതുകാരന് തിരിച്ചടിയായത്. ഒരു പ്രത്യേക ഇനത്തില്‍ പെട്ട പാമ്പ് കടിച്ചാല്‍ അഞ്ചടി നടക്കും മുമ്പ് മരണപ്പെടും എന്നാണത്രേ സാങിന്റെ നാട്ടിലെ വിശ്വാസം

പാമ്പ് കടിച്ചുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാകാതെ ഒരാള്‍ സ്വന്തം വിരല്‍ വെട്ടുകത്തി കൊണ്ട് മുറിച്ചുകളയുക. കേള്‍ക്കുമ്പോള്‍ തന്നെ അവിശ്വസനീയം എന്ന് തോന്നിയേക്കാം. പക്ഷേ സംഗതി ചൈനയിലെ ഷാങ്യൂ എന്ന സ്ഥലത്ത് നടന്നതാണ്. 

പാമ്പുകളെ ചുറ്റിപ്പറ്റി പല അന്ധവിശ്വാസങ്ങളും ഓരോ നാട്ടിലും നിലനില്‍ക്കുന്നുണ്ട്. അതുപോലൊരു വിശ്വാസമാണ് സാങ് എന്ന അറുപതുകാരന് തിരിച്ചടിയായത്. ഒരു പ്രത്യേക ഇനത്തില്‍ പെട്ട പാമ്പ് കടിച്ചാല്‍ അഞ്ചടി നടക്കും മുമ്പ് മരണപ്പെടും എന്നാണത്രേ സാങിന്റെ നാട്ടിലെ വിശ്വാസം. 

ഈ ഇനത്തില്‍പ്പെട്ട പാമ്പാണ് മരം മുറിക്കുന്നതിനിടെ സാങിന്റെ വലതുകയ്യിലെ തള്ളവിരലില്‍ കടിച്ചത്. പാമ്പ് കടിച്ചുവെന്ന് മനസിലാക്കിയ ഉടന്‍ എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചരണ്ട സാങ് ഉടന്‍ തന്നെ വെട്ടുകത്തിയെടുത്ത് വിരല്‍ മുറിച്ചുകളയുകയാണ് ചെയ്തത്. 

തുടര്‍ന്ന് മുറിവില്‍ തുണി ചുറ്റി ആശുപത്രിയിലേക്ക് തിരിച്ചു. ഗ്രാമത്തില്‍ നിന്ന് അല്‍പം ദൂരെയുള്ള ആശുപത്രിയിലേക്കെത്തിയപ്പോഴേക്കും സാങ് അവശനായിരുന്നു. ഡോക്ടര്‍മാരാകട്ടെ സാങിനെ പരിശോധിച്ച ശേഷം പറഞ്ഞത്, അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വിഷം കയറിയിട്ടില്ല എന്നാണ്. 

വിരല്‍ മുറിച്ചത് അപ്പോഴത്തെ 'ഷോക്കി'ല്‍ ആകാമെന്നും, അത് വന്‍ നഷ്ടമായിപ്പോയി എന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏതാനും നാളുകള്‍ക്ക് മുമ്പ് പാമ്പ് കടിയേറ്റ് അയല്‍പക്കത്തുള്ള ഒരാള്‍ മരിച്ചത് ഓര്‍മ്മ വന്നതോടെ പേടിച്ചാണ് താന്‍ വിരല്‍ മുറിച്ചുകളഞ്ഞതെന്ന് സാങ് പിന്നീട് പറഞ്ഞു. 

എന്നാല്‍ മരണത്തിനിടയാക്കുന്നയത്രയും വിഷമുള്ള പാമ്പുകളെയല്ല ഗ്രാമവാസികള്‍ ഭയപ്പെടുന്നതെന്നും ഇതൊരു വെറും അന്ധവിശ്വാസം മാത്രമാണെന്നും സാങിനെ ചികിത്സിച്ച ഡോ. റെന്‍ ജിന്‍പിംഗ് പറഞ്ഞു. വിരല്‍ മുറിച്ചുകളഞ്ഞതിനെ തുടര്‍ന്ന് ധാരാളം രക്തം നഷ്ടപ്പെട്ടുവെങ്കിലും സാങ് അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍ അറിയിക്കുന്നത്. മുറിച്ചുകളഞ്ഞ വിരല്‍ ശസ്ത്രക്രിയയിലൂടെ ഇനി ചേര്‍ത്തുവയ്ക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. 

click me!