താജ് മഹലിലെ പാര്‍ക്കിംഗ് സ്‌പെയ്‌സില്‍ ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പ്!

By Web TeamFirst Published Nov 3, 2019, 2:18 PM IST
Highlights

ഇന്ന് രാവിലെയാണ് താജ് മഹലിലെ പാര്‍ക്കിഗ് സ്‌പെയ്‌സില്‍ വച്ച് അനധികൃതമായി കയറിക്കൂടിയ ഒരാളെ സുരക്ഷാ ജീവനക്കാര്‍ കയ്യോടെ പൊക്കിയത്. പാര്‍ക്കിംഗ് സ്‌പെയ്‌സില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ തൊഴിലാളികളാണ് നിയമവിരുദ്ധമായി അതിക്രമിച്ചുകയറിയ ഈ 'അതിഥി'യെ കണ്ടെത്തിയത്

ദിനം പ്രതി നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന, ലോകത്തിലെ തന്നെ പ്രശസ്തമായ ചരിത്ര സ്മാരകമാണ് താജ് മഹല്‍. കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇവിടേക്ക് സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് അങ്ങനെ കയറിപ്പറ്റാനൊന്നും കഴിയില്ല.

എന്നാല്‍ ഇന്ന് രാവിലെ താജ് മഹലിലെ പാര്‍ക്കിഗ് സ്‌പെയ്‌സില്‍ വച്ച് അനധികൃതമായി കയറിക്കൂടിയ ഒരാളെ സുരക്ഷാ ജീവനക്കാര്‍ കയ്യോടെ പൊക്കി. പാര്‍ക്കിംഗ് സ്‌പെയ്‌സില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ തൊഴിലാളികളാണ് നിയമവിരുദ്ധമായി അതിക്രമിച്ചുകയറിയ ഈ 'അതിഥി'യെ കണ്ടെത്തിയത്. 

ഏതാണ്ട് ഒമ്പതടിയോളം വലിപ്പം വരുന്ന പെരുമ്പാമ്പാണ് ഈ അതിഥി. താജ് മഹല്‍ പരിസരത്തുള്ള 'താജ് നേച്ചര്‍ വാക്ക്' എന്ന പാര്‍ക്കില്‍ നിന്നാകാം പെരുമ്പാമ്പ് ഇഴഞ്ഞെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 70 ഹെക്ടറോളം വരുന്ന ഈ പാര്‍ക്കില്‍ പലയിനത്തില്‍ പെട്ട പാമ്പുകളും മറ്റ് ജീവികളും ധാരാളമായി വസിക്കുന്നുണ്ടത്രേ. 

എന്തായാലും ക്ഷണിക്കാതെയെത്തിയ അതിഥിയെ കണ്ട് സന്ദര്‍ശകരെല്ലം കൂടിനിന്നതോടെ പാമ്പിനെ പിടികൂടുന്നതിന് വനംവകുപ്പ് ജീവനക്കാര്‍ അല്‍പമൊന്ന് പാടുപെട്ടു. എങ്കിലും പാമ്പിനെ പിടികൂടുകയും തിരിച്ച് പാര്‍ക്കിലെ വനത്തിലേത്ത് തുറന്നുവിടുകയും ചെയ്തു. 

ഭാഗ്യം കൊണ്ടാണ് പാര്‍ക്കിംഗ് സ്‌പെയ്‌സില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളെ പാമ്പ് ആക്രമിക്കാതിരുന്നതെന്നും, വലിയ വിഷമുള്ള ഇനമല്ലെങ്കിലും കാര്യമായ മുറിവുണ്ടാക്കാന്‍ ഇത്തരം പാമ്പുകള്‍ക്കാകുമെന്നും വനം വകുപ്പ് ജീവനക്കാര്‍ പ്രതികരിച്ചു.

click me!