
നോര്‍ത്ത് കരോളിന്‍: നഖങ്ങള്‍ ഡിസൈന്‍ ചെയ്ത് സുന്ദരമാക്കുവാന്‍ നോര്‍ത്ത് കരോളിനയിലെ ഒരു ബ്യൂട്ടി സലൂണില്‍ എത്തിയതായിരുന്നു കോളേജ് വിദ്യാര്‍ത്ഥിനിയായ മോര്‍ഗന്‍ ടെയ്‍ലര്‍. നഖങ്ങള്‍ സുന്ദരമാക്കുന്നതിനിടെ അവള്‍ കണ്ട കാഴ്ചകള്‍ ആ പെണ്‍കുട്ടിയ്ക്ക് അറപ്പുളവാക്കുന്നതായിരുന്നു.
ഹൈപോയിന്‍റിലെ ഡയമണ്ട് സലൂണില്‍ ആളുകള്‍ക്ക് മേക്കപ്പ് ചെയ്യുന്നതിന് തൊട്ടടുത്തായി നിലത്ത് പായ വിരിച്ച് ഇറച്ചിവെട്ടുന്നു. സലൂണിലെത്തിയവര്‍ക്ക് മുഴുവന്‍ കാണാവുന്ന തരത്തിലായിരുന്നു അവര്‍ നിലത്തിരുന്ന് മാനിന്‍റെ ഇറച്ചി മുറിച്ച് കഷണങ്ങളാക്കിയിരുന്നത്.
''ഞാന്‍ എന്‍റെ നഖങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ ഇരിക്കുകയായിരുന്നു, തൊട്ടടുത്തായി ഒരു സ്ത്രീ കൂളറില്‍ നിന്ന് മാനിറച്ചി പുറത്തെടുത്ത് നലിത്തിട്ട് വെട്ടിയെടുക്കുന്നു. കയ്യില്‍ ഗ്ലൗസുപോലും ധരിച്ചിരുന്നില്ല'' - മോര്‍ഗന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തന്‍റെ തൊട്ടടുത്തിട്ട് ഇറച്ചിവെട്ടുന്നത് കണ്ടതോടെ ആ സലൂണിന്‍റെ വൃത്തിയില്‍ എനിക്ക് ആശങ്ക തോന്നിയെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ മോര്‍ഗന്‍ ഈ വിഷയം ചിത്രം സഹിതം ഉന്നയിച്ചു. നിരവധി പേരാണ് മോര്‍ഗന്‍റെ അതേ ആശങ്ക കമന്‍റായി പങ്കുവച്ചത്. നോര്‍ത്ത് കരോളിനയിലെ ബോര്‍ഡ് ഓഫ് കോസ്മെറ്റിക് ആര്‍ട്ട്സില്‍ പരാതി നല്‍കി. അവര്‍ അന്വേഷണം നടത്തിവരികയാണ്.