പാലക്കാട് സ്വദേശികളായ വിപിന്റെയും ശ്രീഷ്മയുടെയും മൂത്ത മകളാണ് പിഹു. ശരിക്കുമുള്ള പേര് ശ്രീ സായ്‌വിയാണെങ്കിലും ഇന്ന് പിഹുവെന്നാണ് കൂടുതലും അറിയപ്പെടുന്നത്.
ഒരുപാട് ക്ലിക്ക് ഒന്നുമില്ല, ലൈറ്റും ഫോക്കസും അഡ്ജസ്റ്റ് ചെയ്ത് ക്യാമറയിലൂടെ ഫ്രെയിം നോക്കും, ക്ലിക്ക് ചെയ്യും. ഇങ്ങനെയാണ് പിഹു പ്രൊഫഷണൽ ക്യാമറയിൽ ഫോട്ടോ എടുക്കുന്നത്. പറഞ്ഞ് വരുന്നത് മറ്റാരെയും കുറിച്ചല്ല ഇൻസ്റ്റാഗ്രാമിൽ വൈറലായ കുട്ടി ഫോട്ടോഗ്രാഫർ പിഹു എന്ന നാലുവയസ്സുകാരിയെ കുറിച്ചാണ്. പാലക്കാട് സ്വദേശികളായ വിപിന്റെയും ശ്രീഷ്മയുടെയും മൂത്ത മകളാണ് പിഹു. ശരിക്കുമുള്ള പേര് ശ്രീ സായ്‌വിയാണെങ്കിലും ഇന്ന് പിഹുവെന്നാണ് കൂടുതലും അറിയപ്പെടുന്നത്.
ഒന്നരവയസിൽ തന്നെ പിഹു മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താൻ തുടങ്ങിയിരുന്നു. പക്ഷെ അന്ന് വീട്ടുകാരാരും അത് കാര്യമാക്കി എടുത്തില്ല. സാധാരണമായ കുട്ടികൾ ചെയ്യുന്ന കാര്യംപോലെയാണ് അന്നവർ അതിനെ കണ്ടത്. പിന്നീട് കളിപ്പാട്ടങ്ങൾ ഉപയോഗിച്ച്, വീട്ടിൽ ഫ്രയിമുകൾ സെറ്റ് ചെയ്ത് കുഞ്ഞ് പിഹു ഇടയ്ക്കൊക്കെ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താൻ തുടങ്ങി. ഇതോടെയാണ് പിഹുവിന് ഫോട്ടോഗ്രഫിയോട് താല്പര്യമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത്.
രണ്ടാംവയസ്സിൽ സുഹൃത്തിന്റെ കുഞ്ഞിന്റെ ബർത്ഡേ പരിപാടിക്ക് പോയപ്പോഴാണ് അവൾ ആദ്യമായി ക്യാമറയിൽ ഫോട്ടോ എടുക്കുന്നത്. അവിടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ ചെയ്യുന്നത് നോക്കി അതുപോലെ ഫോട്ടോ പകർത്തുകയായിരുന്നു പിഹുവും. അന്ന് നേരെ നടക്കാൻ പോലും അവൾ ആയിട്ടുണ്ടായിരുന്നില്ല. എന്നിട്ടും അച്ഛൻ നൽകിയ ഭാരമുള്ള ക്യാമറ കരുതലോടെ പിടിച്ച് അവൾ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
മാസങ്ങളോളം പരിശീലിപ്പിച്ചാണ് ഫോട്ടോഗ്രാഫി മേഖലയിൽ വരുന്ന പലരും ക്യാമറ പിടിക്കാൻ പഠിക്കുന്നത്. എന്നാൽ അവൾ ഒരു പ്രൊഫഷണലിനെ പോലെ തന്നെ, ആരും പറഞ്ഞ് കൊടുക്കാതെ കൃത്യമായ രീതിയിൽ ക്യാമറ പിടിക്കുന്നത് കണ്ടപ്പോൾ തനിക്ക് അത് വ്യത്യസ്തമായി തോന്നിയെന്ന് പിഹുവിന്റെ അച്ഛൻ വിപിൻ പറയുന്നു. ജനിച്ചപ്പോൾ തന്നെ പിഹുവിന് വേണ്ടി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങിയിരുന്നു. പിന്നീട് അവൾ പകർത്തുന്ന ചിത്രങ്ങളും അതിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി.
ഇടയ്ക്കൊക്കെ എന്റെ ഓഫിസിലേക്ക് അവളെ കൊണ്ട് വരുമായിരുന്നു. അവിടെ ഉണ്ടായിരുന്ന ക്യാമറ എടുത്ത് ഓരോ പോസിലും നിന്ന് ഫോട്ടോ എടുക്കും. ആദ്യ ഘട്ടത്തിൽ ഫോട്ടോ ഒന്നും ശരിയായിരുന്നില്ല. പക്ഷെ പിന്നെ അങ്ങോട്ട് എടുക്കുന്ന ഫോട്ടോസ് എല്ലാം നല്ലതായിരുന്നു. അങ്ങനെ ഒരിക്കൽ നിയമസഭാ എം പി ഷാഫി പറമ്പലിന്റെ ഫോട്ടോ എടുക്കുകയും അദ്ദേഹം അത് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. വീട്ടിൽ ഉള്ളപ്പോൾ ക്യാമറയെടുത്ത് അവളുടെ സംശയങ്ങൾ എന്നോട് ചോദിച്ച് മനസിലാക്കാറുണ്ട്.
ഒരിക്കൽ ആരാകണമെന്ന ചോദ്യത്തിന് ഫോട്ടോഗ്രാഫർ ആകണമെന്നായിരുന്നു അവളുടെ ഉത്തരം. പിന്നീട് പലതവണ ചോദിച്ചപ്പോഴും അവൾ അത് തന്നെ പറഞ്ഞു. ഒരിക്കൽ കൽപാത്തി രഥോത്സവത്തിന് ഞാൻ അവളെയും കൊണ്ട് പോയി. ഫോട്ടോ എടുക്കാനാണെന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ എന്റെയൊപ്പം വന്നു. തിരക്കുകൾക്കിടയിലും പിഹു ശ്രദ്ധയോടെ ക്യാമറ കൈകാര്യം ചെയ്യുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. അന്ന് പലരും അവളെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
ഫ്രയിമുകളെ അവളുടേതായ രീതിയിൽ നോക്കി ഇത് ഫോട്ടോ എടുക്കാൻ പറ്റിയ ഫ്രയിമാണെന്നൊക്കെ പറയാറുണ്ട്. ഫോട്ടോ എടുക്കുമ്പോൾ പലപ്പോഴും അവൾ തന്നെയാണ് പോസുകൾ പറഞ്ഞ് കൊടുക്കാറുള്ളത്. അതിനിടയിൽ അമ്മയുടെ രണ്ടാമത്തെ കുഞ്ഞിന്റെ മറ്റേർണിറ്റി ഫോട്ടോയും അവൾ എടുത്തിരുന്നു. ഏത് ഉറക്കത്തിൽ വിളിച്ചാലും ഫോട്ടോ എടുക്കാൻ വരാൻ അവൾ തയ്യാറാണ്. അത്രയും സീരിയസ് ആയാണ് അവൾ അതിനെ കാണുന്നത്. എന്നാൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് അവൾക്ക് ഇഷ്ടമല്ല.
പുതിയത് വാങ്ങിയപ്പോൾ ഉപയോഗിച്ചിരുന്ന സോണി 7M3 ക്യാമറയാണ് പിഹുവിന് കൊടുത്തത്. ബെൽറ്റ് പോലും ഇടാതെയാണ് അവൾ ക്യാമറ ഉപയോഗിക്കുന്നത്. ഇത്രയും വിലപിടിപ്പുള്ള ക്യാമറ ചെറിയ കുഞ്ഞിന്റെ കൈയിൽ എങ്ങനെ കൊടുക്കുന്നുവെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്നാൽ കളിപ്പാട്ടങ്ങളെ കാണുന്ന ലാഘവത്തോടെയല്ല അവൾ ക്യാമറയെ കാണുന്നത്. അവൾ വീണാലും ക്യാമറ കൈയിൽ നിന്നും പോകില്ലെന്ന് തനിക്ക് ഉറപ്പാണെന്നും വിപിൻ പറയുന്നു.
അവളെയൊരു ഫോട്ടോഗ്രാഫർ ആക്കണമെന്ന് ഞാൻ കരുതിയിരുന്നില്ല. പിഹുവിന്റെ ഫോട്ടോഗ്രഫിയോടുള്ള താല്പര്യം കണ്ടാണ് അവളെ പിന്തുണയ്ക്കുന്നത്. ഇതുവരെയും പിഹുവിന് പരിശീലനങ്ങൾ ഒന്നും നൽകിയിട്ടില്ല. ഇപ്പോൾ അവൾ തീരെ ചെറുതാണ്. കുറച്ചുകൂടെ വലുതാകുമ്പോൾ കാര്യങ്ങൾ മനസിലാക്കാനും ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതൽ പഠിക്കാനും അവൾക്ക് സാധിക്കും. അവളുടെ ഇഷ്ടങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകുമെന്നും വിപിൻ പറഞ്ഞു.


