
സോഷ്യല്‍ മീഡിയയിലൂടെ നാം ദിവസവും കാണുന്ന വീഡിയോകളില്‍ ഒരു വിഭാഗമെങ്കിലും ആളുകളിലേക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാരിലേക്ക് തെറ്റായ സന്ദേശം നല്‍കുന്നവയാകാറുണ്ട്. അതായത്, പ്രശസ്തിക്ക് വേണ്ടിയോ, അതല്ലെങ്കില്‍ നൈമിഷകമായി മനസിന്‍റെ സമനില തെറ്റുന്നത് വഴിയോ എല്ലാം സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അസാധാരണമായതോ സാഹസികമായതോ ആയ കാര്യങ്ങളില്‍ മുഴുകുന്നവരെ കുറിച്ചുള്ള വീഡിയോകളെ കുറിച്ചാണ് പറയുന്നത്.
ഇത്തരം വീഡിയോകള്‍ കണ്ട് അപകടകരമാം വിധം അനുകരിക്കുന്നവരുണ്ട്. ഇവരെല്ലാം ജീവൻ വച്ചാണ് കളിക്കുന്നതെന്നോര്‍ക്കണം. അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഹാ വോള്‍ട്ട് പവര്‍ലൈനില്‍ തൂങ്ങി അഭ്യാസം കാണിക്കുന്ന യുവാവാണ് വൈറലായ വീഡിയോയിലുള്ളത്. ഈ സംഭവത്തില്‍ പക്ഷേ പ്രശസ്തിക്ക് വേണ്ടിയല്ല യുവാവിത് ചെയ്യുന്നത് എന്ന് മാത്രം.
ഉത്തര്‍പ്രദേശിലെ പിലിബിറ്റിലെ അമരിയയിലാണ് സംഭവം. അമരിയയിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന തെരുവാണിത്. ഇവിടെ കച്ചവടം നടത്തുന്ന നൗഷാദ് എന്ന ചെറുപ്പക്കാരനാണ് വീഡിയോയില്‍ കാണുന്നെതന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹം തെരുവിലെ കടകള്‍ക്ക് മുകളിലെ റൂഫ്ടോപ്പില്‍ കയറുകയും ഇലക്ട്രിക് കമ്പികളില്‍ തൂങ്ങി അഭ്യാസം ചെയ്യുകയുമായിരുന്നു.
നല്ല മഴയായിരുന്നതിനാല്‍ കറണ്ട് കണക്ഷൻ ആ സമയത്ത് കട്ടായിരുന്നു. ഇതിനാലാണ് വൻ അപകടം ഒഴിവായത്. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ തെരുവിലുണ്ടായിരുന്ന കച്ചവടക്കാരും മറ്റും കെഎസ്ഇബിയില്‍ വിളിച്ച് വൈദ്യുതി ഓണ്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നൗഷാദിനെ താഴെയിറക്കാനുള്ള ശ്രമം തുടങ്ങി.
തെരുവിലുണ്ടായിരുന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ഇതില്‍ നൗഷാദ് ഇലക്ട്രിക് വയറുകള്‍ക്ക് മുകളില്‍ തൂങ്ങിയാടുന്നതും ആളുകള്‍ പടി കയറിച്ചെന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നതും എല്ലാം വ്യക്തമായി കാണാം. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നുവത്രേ.
എന്തുകൊണ്ടാണ് നൗഷാദ് ഇത്തരമൊരു കടുത്ത പ്രവര്‍ത്തിയിലേക്ക് നീങ്ങിയതെന്ന് വ്യക്തമല്ല. ഇടയ്ക്കെല്ലാം അദ്ദേഹം ഇങ്ങനെയുള്ള അസാധാരണമായ പെരുമാറ്റം പ്രകടിപ്പിക്കാറുണ്ടെന്നാണ് വീട്ടുകാര്‍ പിന്നീട് അറിയിച്ചത്. എന്തായാലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്ന സമാനമായ വീഡിയോകള്‍ ഒരിക്കലും കുട്ടികളോ ചെറുപ്പക്കാരോ അനുകരിക്കരുത്. കൗമാരക്കാരോ കുട്ടികളോ ഇതിലൊന്നും സ്വാധീനപ്പെടാതിരിക്കാൻ വീട്ടുകാരും ശ്രദ്ധിക്കുക. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയെന്ന ലക്ഷ്യത്തോടചെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള സാഹസികതകള്‍ക്കൊന്നും ആരും മുതിരാതിരിക്കുക.
വീഡിയോ...
Also Read:- ഓടുന്ന ട്രക്കിന് മുകളില്‍ നിന്ന് 'ശക്തിമാൻ' അഭ്യാസം; ഒടുവില്‍ അപകടം