'നീ ഒരാണല്ലേ, കരയാന്‍ പാടുണ്ടോ?'; ആണിനെ അപകടപ്പെടുത്തുന്ന 'പൗരുഷം'

By Web TeamFirst Published Nov 19, 2019, 7:23 PM IST
Highlights

ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ കണക്ക് സൂചിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ യുഎസിലും യുകെയിലുമെല്ലാം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്ത്രീകളെക്കാള്‍ മൂന്നിരട്ടി പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെയോ കേരളത്തിലെയോ അവസ്ഥയും മറിച്ചാകാന്‍ ഇടയില്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്

ഇന്ന് നവംബര്‍ 19, അന്താരാഷ്ട്ര പുരുഷദിനമായി ആഘോഷിക്കുകയാണ് നമ്മള്‍. പുരുഷന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ ദിവസത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്ത്രീയെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്റെ മാനസികാവസ്ഥകള്‍ എത്രമാത്രം ആരോഗ്യകകരമായാണ് മുന്നോട്ടുപോകുന്നത്? എന്താണ് പുരുഷന്‍ നേരിടുന്ന വെല്ലുവിളികള്‍? 

ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ കണക്ക് സൂചിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ യുഎസിലും യുകെയിലുമെല്ലാം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്ത്രീകളെക്കാള്‍ മൂന്നിരട്ടി പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നുണ്ട് എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെയോ കേരളത്തിലെയോ അവസ്ഥയും മറിച്ചാകാന്‍ ഇടയില്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

'എന്തുകൊണ്ടാണ് പുരുഷന്മാര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത വര്‍ധിക്കുന്നത് എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരമുണ്ട്. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ പുരുഷന്‍ പിന്നിലാണ്. അതുതന്നെയാണ് കടുത്ത സമ്മര്‍ദ്ദത്തിലേക്കും തുടര്‍ന്ന് ആത്മഹത്യയിലേക്കും പുരുഷനെ നയിക്കുന്നത്...'- പ്രമുഖ മനശാസ്ത്ര വിദഗ്ധനായ ഡോ. സി ജെ ജോണ്‍ പറയുന്നു. 

 

 

ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് നമ്മുടെ 'പൗരുഷം' എന്ന സാമൂഹിക സങ്കല്‍പവും എന്ന് ഡോക്ടര്‍ പറയുന്നു. സത്യത്തില്‍ 'പൗരുഷം' എന്നത് പുരുഷന് കോടാലിയായി മാറിയിട്ടുള്ള ഒരു സങ്കല്‍പമാണ്, അതെങ്ങനെയാണ് പുരുഷന് തിരിച്ചടിയാകുന്നതെന്നും ഡോ. സി ജെ ജോണ്‍ വിശദീകരിക്കുന്നു. 

'എന്ത് പ്രശ്‌നം വന്നാലും എത്ര സമ്മര്‍ദ്ദത്തിലായാലും പുരുഷന്‍ കരയാന്‍ പാടില്ല. അല്ലെങ്കില്‍ അവനെ തകര്‍ന്ന നിലയില്‍ കാണാന്‍ പാടില്ല. കാരണം അത് പൗരുഷം എന്ന സങ്കല്‍പത്തിന് എതിരാണ്. ഈ കരച്ചില്‍ എന്ന് പറയുന്നത്, ഉള്ളിലെ പ്രശ്‌നങ്ങളുടെ ഒരു പുറന്തള്ളലാണ്. അത് മനുഷ്യന് ആവശ്യമാണ്. എന്നാല്‍ പുരുഷന് സമൂഹം ഈ ആവശ്യത്തെ അനുവദിച്ചുകൊടുക്കുന്നില്ല. അത് അപകടമാണ്. കരയാതെയും, ദുഖങ്ങളേയും പ്രശ്‌നങ്ങളേയും പുറത്തുകാണിക്കാതെയും പുരുഷന്‍ കടുത്ത സമ്മര്‍ദ്ദത്തിലെത്തുന്നു. എത്രയോ പുരുഷന്മാര്‍ നമുക്കിടയില്‍ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്...

...ഈ ഒതുക്കിപ്പിടിക്കല്‍ ക്രമേണ പുരുഷനെ മറ്റ് തലങ്ങളിലേക്ക് നയിക്കുന്നു. ഉദാഹരണം, മദ്യപാനം. ഒരു സന്തോഷത്തിന് വേണ്ടിയോ ആസ്വാദനത്തിന് വേണ്ടിയോ മദ്യപിക്കുന്ന പുരുഷന്മാര്‍ കുറവാണ് എന്ന് തന്നെ പറയാം. മിക്കവരും ടെന്‍ഷന്‍ മാറ്റാനാണ് മദ്യത്തെ ആശ്രയിക്കുന്നത്. സ്ത്രീകള്‍ അങ്ങനെയല്ല, സോഷ്യല്‍ ഡ്രിങ്കിംഗാണ് സ്ത്രീകളില്‍ അധികവും കണ്ടുവരുന്നത്. അല്ലാതെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പുരുഷനെപ്പോലെ സ്ത്രീകള്‍ മദ്യപിക്കുന്നില്ല....

 

 

നിലവില്‍ നമ്മള്‍ കൊണ്ടുനടക്കുന്ന സ്ത്രീത്വം, പൗരുഷം എന്നിങ്ങനെയുള്ള സങ്കല്‍പങ്ങളെല്ലാം സമൂഹം ഉണ്ടാക്കിയെടുത്തവയാണ്. അതില്‍ ഒരു ബാലന്‍സിന്റെ കുറവുണ്ട്. എപ്പോഴും കരുതലെടുക്കാനും, സമാശ്വസിപ്പിക്കാനുമെല്ലാമുള്ള കഴിവ് സ്ത്രീയിലാണുള്ളത്. അത് ജൈവികമായി തന്നെ സ്ത്രീയിലുള്ളതാണ്. ഈ സ്‌പെയ്‌സ് പുരുഷന് ഉപയോഗപ്പെടുത്താന്‍ സാധിക്കണം. അതിന് ആദ്യം സമൂഹം ചാര്‍ത്തിക്കൊടുത്തിട്ടുള്ള പൗരുഷത്തെ ഉടച്ചുവാര്‍ക്കാന്‍ പുരുഷന് കഴിയണം. മസില് വിടണം. മസില് പിടിച്ചുനിന്നാല്‍ പിന്നെയും പ്രശ്‌നങ്ങള്‍ കൂടുകയേയുള്ളൂ. അതിന് പകരം കരയേണ്ട സ്ഥലത്ത് കരയുക തന്നെ വേണം. അതാണ് ബുദ്ധി...'- ഡോക്ടര്‍ പറയുന്നു.

click me!