കുട്ടിക്കാലത്ത് ബീച്ചിൽ വെച്ച് കണ്ടുപിരിഞ്ഞു, ഇരുപതു വർഷങ്ങൾക്ക് ശേഷം വിവാഹിതരായി, ഏറെ കാല്പനികം ഈ ബന്ധം

By Web TeamFirst Published Jun 17, 2020, 11:34 AM IST
Highlights

ഡിന്നറിനു ശേഷം വീട്ടിൽ ചെന്നിട്ടും ഹെയ്ദിയുടെ അമ്മയുടെ കൗതുകം അടങ്ങിയില്ല. അവർ തന്റെ ട്രങ്കുപെട്ടി തുറന്ന് പഴയ ആൽബങ്ങൾ ഒന്നൊന്നായി അരിച്ചുപെറുക്കി.

കേട്ടാൽ ചിലപ്പോൾ പൈങ്കിളി എന്ന് തോന്നാം. സിനിമാക്കഥയെക്കാൾ നാടകീയമെന്നും. എന്നാൽ, ചില പ്രേമബന്ധങ്ങൾ അങ്ങനെയാണ്. ലോകത്തെവിടെയോ ഒരാൾ തനിക്കുവേണ്ടി ജനിച്ചിട്ടുണ്ടെന്ന് ഏതോ സിനിമയിൽ ഷാരൂഖ് ഖാൻ പറഞ്ഞിട്ടുള്ളതുപോലെ. അങ്ങനെ തന്നെയായിരുന്നു ഹെയ്ദി പാർക്കറിന്റെയും എഡ് സാവിറ്റിന്റെയും ജീവിതകഥ. 

 ഹെഡിയും എഡ്ഡും വിവാഹിതരായത് 2016 -ൽ ആയിരുന്നു. ന്യൂ കാസിൽ സർവകലാശാലയിൽ പഠിക്കുന്നതിനിടെയാണ് രണ്ടുപേരും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നതും ഉള്ളിൽ പ്രണയം അങ്കുരിക്കുന്നതും. അഥവാ... അവർ കരുതിയിരുന്നത്, അന്ന് ആ സർവകലാശാലയിൽ വെച്ചാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത് എന്നായിരുന്നു. എന്നാൽ, അതിനും എത്രയോ വർഷങ്ങൾക്ക് മുമ്പുതന്നെ ഇരുവരും കണ്ടുമുട്ടുകയും, പരസ്പരം കൗമാരത്തിന്റേതായ ആകർഷണമുണ്ടായി, ഒരു പകൽ ഒന്നിച്ച് മണൽവീടുകളുണ്ടാക്കിയും, കടൽത്തിരകളോട് മല്ലിട്ടും ചെലവഴിച്ച് പരസ്പരം പിരിഞ്ഞു പോയിരുന്നു എന്നകാര്യം അവർക്ക് അപ്പോൾ അറിയില്ലായിരുന്നു. അന്ന് കണ്ട ആ കുഞ്ഞുമുഖങ്ങൾ അവർ പരസ്പരം മറന്നുപോയിരുന്നു. അഥവാ ഓർമയുണ്ടെങ്കിൽ തന്നെ അവർ ആകെ രൂപം മാറിയിട്ടും ഉണ്ടായിരുന്നു. 

അവർ തമ്മിലുള്ള ആദ്യത്തെ പരസ്പര സമ്പർക്കം ഒരു ഫേസ്ബുക്ക് ചാറ്റ് ആയിരുന്നു. തൊട്ടുമുമ്പത്തെ വർഷം ഹെയ്ദി താമസിച്ച ഒരു ഹോസ്റ്റലിനെപ്പറ്റി വിവരമറിയാൻ വേണ്ടിയാണ് എഡ് അവളെ ചാറ്റിലൂടെ ബന്ധപ്പെട്ടത്. ആ സംഭാഷണം കുശലങ്ങളിലേക്ക് നീണ്ടു, കുശലാന്വേഷണം പരസ്പരമുള്ള ആകർഷണമായി വളർന്നു. സംഭാഷണങ്ങൾ മുറുകി. അവർ തമ്മിൽ ഒരുദിവസം ക്യാമ്പസിൽ വെച്ച് കണ്ടുമുട്ടി. ഒടുവിൽ ആ അടുപ്പം പ്രണയത്തിലേക്കും, വിവാഹത്തിലേക്കും നീണ്ടു. 

2015 -ൽ അവർ തമ്മിലുള്ള വിവാഹം നടത്താനുള്ള തീരുമാനമുണ്ടായതിനു ശേഷം രണ്ടു കുടുംബങ്ങളും ഒരു ഡിന്നറിന് ഒത്തുചേർന്നു. അമ്മമാർ തമ്മിലും നടന്നു കുശലാന്വേഷണങ്ങളും വിശേഷം പങ്കുവെക്കലും. ഹെയ്ദിയുടെ അമ്മയാണ് അപ്പോൾ എഡ്‌ഡിന്റെ അമ്മയോട് വല്ലാത്തൊരു യാദൃച്ഛികതയെപ്പറ്റി പറഞ്ഞത്. അതായത്, ഹെയ്ദിക്ക് ആറുവയസ്സുള്ളപ്പോൾ അവർ കുടുംബസമേതം ഒരു ബീച്ചിലേക്ക് വിനോദയാത്ര പോയതും, അന്ന് അവിടെ വെച്ച് എഡ് എന്നുപേരായ ഒരു പയ്യനുമായി കുഞ്ഞുഹെയ്ദി പെട്ടെന്ന് കൂട്ടായതും, ഏറെ നേരം അവർ രണ്ടും കളിച്ചിരുന്നതും. അവർ ഓർത്തു. വർഷങ്ങൾക്കു ശേഷം മറ്റൊരു എഡ്ഡുമായിത്തന്നെ മകളുടെ വിവാഹം നടക്കുന്നു. എന്തൊരു യാദൃച്ഛികത എന്ന് അവർ ഓർത്തു. 

ഡിന്നറിനു ശേഷം വീട്ടിൽ ചെന്നിട്ടും ഹെയ്ദിയുടെ അമ്മയുടെ കൗതുകം അടങ്ങിയില്ല. അവർ തന്റെ ട്രങ്കുപെട്ടി തുറന്ന് പഴയ ആൽബങ്ങൾ ഒന്നൊന്നായി അരിച്ചുപെറുക്കി. അന്നത്തെ ആ ബീച്ച് ഹോളിഡേ ട്രിപ്പിൾ എടുത്ത ചിത്രങ്ങൾ അവർ തപ്പിയെടുത്തു. ആ ചിത്രം കണ്ട ഹെയ്ദിയുടെ അമ്മ മൂക്കത്ത് വിരൽ വെച്ചുപോയി.  ഇരുപതുവർഷം മുമ്പ് തന്റെ ആറാം വയസ്സിൽ ബീച്ചിൽ വെച്ച് കണ്ടു കൂട്ടുകൂടി  അതേ എഡ്‌ഡിനെ തന്നെയാണ് തന്റെ മകൾ വിവാഹം കഴിക്കാനായി ഇഷ്ടപ്പെട്ടു കൂട്ടിക്കൊണ്ടു വന്നിട്ടുള്ളത്. അവർ മകളെ വിളിച്ച് ഫോട്ടോ കാണിച്ചുകൊടുത്തു. ഹെയ്ദി ചിത്രം എഡ്‌ഡിനും കാണിച്ചു കൊടുത്തു. 

വിവാഹശേഷം അവർ ഹണിമൂണിനായി വീണ്ടും അതേ കടൽത്തീരത്ത് ചെന്നു. തങ്ങളെ ആദ്യമായി ഒന്നിപ്പിച്ച അതേ സ്ഥലത്ത്, അതേ വസ്ത്രങ്ങളണിഞ്ഞു നിന്ന് അവർ വീണ്ടും ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്തു. എഡ്‌ഡിന്റെയും ഹെയ്ദിയുടെയും കണ്ണുകളിൽ അന്നത്തെ ആറുവയസ്സുകാരുടെ അതേ കൗതുകം...! 

click me!