മോദിയുടെ മുഖമുള്ള മാസ്‌ക്; വന്‍ ഡിമാന്‍ഡാണെന്ന് കച്ചവടക്കാര്‍...

By Web TeamFirst Published Jun 16, 2020, 3:30 PM IST
Highlights

മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് രാഷ്ട്രീയ നേതാക്കളുടെ മുഖമുള്ള മാസ്‌ക് വന്‍ തോതില്‍ വില്‍ക്കപ്പെടുന്നത്. മോദിക്ക് പുറമെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് എന്നിങ്ങനെ എണ്ണം പറഞ്ഞ നേതാക്കളുടെ മുഖമാണ് മാസ്‌കില്‍ 'ട്രെന്‍ഡ്' ആകുന്നത്

കൊവിഡ് 19 വ്യാപകമാകുന്നതിനിടെ, ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗപ്രതിരോധ മാര്‍ഗമെന്നോണമാണ് നമ്മള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരും രോഗനിരീക്ഷണത്തില്‍ ഇരിക്കുന്നവരും മാത്രമാണ് മാസ്‌ക് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ആ സ്ഥിതിയെല്ലാ മാറി. 

എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം അതത് സര്‍ക്കാരുകള്‍ തന്നെ പുറത്തിറക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് എല്ലായിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്, അതില്ലെങ്കില്‍ പിഴയടക്കമുള്ള നടപടി നേരിടേണ്ടിവരുന്ന സാഹചര്യമാണ് ഉള്ളത്. 

ഇത്രയും കാലം നമ്മള്‍ ദൂരെ നിന്ന് മാത്രം കണ്ട് പരിചയിച്ചിരിക്കുന്ന ഒന്നാണ് മാസ്‌ക് എങ്കില്‍ ഇപ്പോഴത് നമ്മുടെ ജീവിതത്തിന്റെ ഏറ്റവും സുപ്രധാനമായ ഭാഗമായിത്തന്നെ മാറിയിരിക്കുന്നു. മാസ്‌ക് വിപണിയും ഇതനുസരിച്ച് വിപുലപ്പെട്ട് വരികയാണ്. 

ആദ്യഘട്ടത്തില്‍ ഉപയോഗിച്ച ശേഷം കളയാവുന്ന മാസ്‌കുകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ പിന്നീട് തുണി കൊണ്ടുണ്ടാക്കിയ, വൃത്തിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌കുകളിലേക്കെത്തി. വൈകാതെ തന്നെ പല തരം ഡിസൈനുകളിലും നിറങ്ങളിലുമെല്ലാമുള്ള 'ഫാഷന്‍' മാസ്‌കുകള്‍ വിപണി കയ്യടക്കി. 

 

 

ഇതില്‍ നിന്നെല്ലാം ഒരു പടി കൂടി കടന്ന് രാഷ്ട്രീയ നേതാക്കളുടെ മുഖം പ്രിന്റ് ചെയ്ത മാസ്‌കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള മാസ്‌കിനാണ് ഇക്കൂട്ടത്തില്‍ ഡിമാന്‍ഡ് ഏറെയുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു. 

'ഞാന്‍ ആയിരത്തോളം മോദി മാസ്‌കുകള്‍ ഇതിനോടകം വിറ്റുകഴിഞ്ഞിട്ടുണ്ട്. വലിയ ഡിമാന്‍ഡാണ് മോദി മാസ്‌കിനുള്ളത്....'- ഭോപ്പാലില്‍ നിന്നുള്ള കച്ചവടക്കാരന്‍ കുനാല്‍ പരിയാനി പറയുന്നു. 

മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് രാഷ്ട്രീയ നേതാക്കളുടെ മുഖമുള്ള മാസ്‌ക് വന്‍ തോതില്‍ വില്‍ക്കപ്പെടുന്നത്. മോദിക്ക് പുറമെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് എന്നിങ്ങനെ എണ്ണം പറഞ്ഞ നേതാക്കളുടെ മുഖമാണ് മാസ്‌കില്‍ 'ട്രെന്‍ഡ്' ആകുന്നത്. 

Also Read:- മാസ്‌കിട്ട് ചിരിച്ചാല്‍ എങ്ങനെയറിയും; പുതിയ 'ഐഡിയ'യുമായി റെസ്റ്റോറന്റ്....

കൊവിഡ് 19ന്റെ കാര്യത്തില്‍ രാജ്യത്ത് തന്നെ ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് മദ്ധ്യപ്രദേശുള്ളത്. 11,000 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 465 പേര്‍ മരിക്കുകയും ചെയ്തു.

click me!