
71ാം മിസ് യൂണിവേഴ്‌സ് മത്സരം 2023 ജനുവരി 14 നാണ് നടക്കുന്നത്. മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ദിവിത റായി എന്ന 23കാരിയാണ്. കഴിഞ്ഞ വർഷം ലിവ മിസ് ദിവ യൂണിവേഴ്‌സ് 2022ൽ ദിവിത റായിയാണ് കിരീടം സ്വന്തമാക്കിയത്. ഇപ്പോഴിതാ, ദിവിത റായിയുടെ വേഷവിധാനമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
ഡിസെെനർ അഭിഷേക് ശർമ്മയാണ് ദിവിത റായിയുടെ വസ്ത്രം ഡിസെെൻ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെ ചന്ദേരി ജില്ലയിൽ നിന്നുള്ള കൈകൊണ്ട് നെയ്ത ടിഷ്യൂ ഫാബ്രിക് ഉപയോഗിച്ചാണ് ദിവിത റായിയുടെ ലെഹംഗ നിർമ്മിച്ചിരിക്കുന്നത്.
'രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായാണ് ദിവിത റായിയുടെ ഈ വസ്ത്രം ഡിസെെൻ ചെയ്തതു...' - ഡിസൈനർ അഭിഷേക് ശർമ്മ ഇൻസ്റ്റാഗ്രാം പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ദിവിതാ റായിയുടെ വേഷവിധാനത്തിന്റെ പ്രധാന ആകർഷണം എന്ന് പറയുന്നത് സ്വർണ്ണ നിറത്തിലുള്ള ചിറകുകളാണെന്നും അദ്ദേഹം കുറിച്ചു.
'ദിവിത റായിയുടെ വസ്ത്രം ഡിസെെൻ ചെയ്തപ്പോൾ ഏറെ പുതുമയും വ്യത്യസ്തതയും കൊണ്ട് വരണമെന്ന് ആഗ്രഹിച്ചിരുന്നു...'- അഭിഷേക് ശർമ്മ പറഞ്ഞു. ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ മോറിയൽ കൺവെൻഷൻ സെന്ററിലാണ് മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം നടക്കുന്നത്.
വിജയിയെ 2021 മിസ് യൂണിവേഴ്സ് ഹർനാസ് സന്ധു കിരീടം അണിയിക്കും. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ദിവിത റായ് കർണാടക സ്വദേശിയാണ്. 25 കാരിയായ ദിവിത മുംബൈയിലെ സർ ജെജെ കോളേജ് ഓഫ് ആർക്കിടെക്ചറിൽ പഠിച്ചു. മോഡലും ആർക്കിടെക്റ്റുമാണ് ദിവിത റായ്.