Latest Videos

'എന്റെ ജീവിതം മാറ്റിമറിച്ചത് ഒരു തെരുവുപട്ടിയാണ്'; ഇത് മിതാലിയുടെ കഥ...

By Web TeamFirst Published May 18, 2020, 12:43 PM IST
Highlights

ഹോസ്റ്റലില്‍ പെറ്റ്‌സിനെ വളര്‍ത്താന്‍ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഹോസ്റ്റല്‍ ജീവനക്കാരുടേയും സെക്യൂരിറ്റിയുടേയും കണ്ണ് വെട്ടിച്ച് അതിനെ വളര്‍ത്തുക പ്രയാസമായിരുന്നു. എങ്കിലും രഹസ്യമായി മിതാലി അതിനെ മുറിയിലിട്ട് വളര്‍ത്തി

ചെറുപ്പത്തില്‍ അമ്മയോടായിരുന്നു കുഞ്ഞ് മിതാലിക്ക് ഏറ്റവും അടുപ്പം. എപ്പോഴും അമ്മയെ ചുറ്റിപ്പറ്റി തന്നെ നടക്കും. അവള്‍ക്ക് അഞ്ച് വയസുള്ളപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി അമ്മ മരിക്കുന്നത്. ആ ആഘാതത്തില്‍ നിന്ന് കരകയറാന്‍ പിന്നീട് മിതാലിയെ സഹായിച്ചത് വീട്ടിലെ വളര്‍ത്തുപട്ടികളായിരുന്നു. സ്‌നേഹത്തോടെ തൊട്ടുരുമ്മിയും മണം പിടിച്ചുമെല്ലാം അവര്‍ മിതാലിയുടെ ദുഖങ്ങളെ പതിയെ അലിയിച്ച് ഇല്ലാതാക്കി. 

അന്നുതൊട്ട് ഇതുവരെ പതിമൂന്ന് പട്ടികളാണ് തന്റെ ജീവിതത്തിന്റെ ഭാഗമായതെന്ന് മിതാലി പറയുന്നു. ഇന്ന് ഒരു പ്രൊഫഷണല്‍ 'ഡോഗ് ട്രെയിനര്‍' ആണ് മിതാലി സാല്‍വിയെന്ന യുവതി. ഈ കരിയറിലേക്ക് താനെത്തിയത് ഒരു തെരുവുപട്ടിയിലൂടെയാണെന്നും മിതാലി പറയുന്നു. 

അമ്മയുടെ മരണത്തിന് ശേഷം ഏറ്റവും വലിയ കൂട്ട് ഉണ്ടായിരുന്നത് വീട്ടിലെ പട്ടികളോടായിരുന്നു. മനുഷ്യരെക്കാളേറെ സ്‌നേഹിച്ചത് അവരെയാണ്. അങ്ങനെയാണ് ഒരു മൃഗ ഡോക്ടറാകാന്‍ മിതാലിയില്‍ ആഗ്രഹം ജനിക്കുന്നത്. എന്നാല്‍ കുടുംബത്തിലെ ആര്‍ക്കും അതിനോട് യോജിപ്പുണ്ടായില്ല. അവര്‍ അവളെ എഞ്ചിനീയറിംഗിന് ചേരാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ അവരുടെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അവള്‍ എഞ്ചിനീയറിംഗിന് തന്നെ ചേര്‍ന്നു. 

ഒരു ദിവസം കോളേജിനടുത്തുള്ള കടയിലെ ആള്‍ ഒരു പട്ടിക്കുഞ്ഞിനെ ക്രൂരമായി അടിക്കുന്നത് അവള്‍ കണ്ടു. സഹിക്കാനാകാതെ ആ പട്ടിക്കുഞ്ഞിനെ അവള്‍ രക്ഷിച്ചു. അന്ന് കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍ അലിയാണ് പട്ടിക്കുഞ്ഞിനെ രക്ഷിക്കാന്‍ സഹായിച്ചത്. ഈ കൂട്ടുകാരന്‍ പിന്നീട് ജീവിതപങ്കാളിയായി മാറിയത് വേറെ കഥ. 

 


(മിതാലിയും അലിയും കുഞ്ഞ് പാന്‍റിക്കൊപ്പം- പഴയ ചിത്രം...)

 

ബാഗിനുള്ളില്‍ ഒളിപ്പിച്ചാണ് മിതാലി അന്ന് പട്ടിക്കുഞ്ഞിനെ ഹോസ്റ്റലിലെത്തിച്ചത്. ഹോസ്റ്റലില്‍ പെറ്റ്‌സിനെ വളര്‍ത്താന്‍ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഹോസ്റ്റല്‍ ജീവനക്കാരുടേയും സെക്യൂരിറ്റിയുടേയും കണ്ണ് വെട്ടിച്ച് അതിനെ വളര്‍ത്തുക പ്രയാസമായിരുന്നു. എങ്കിലും രഹസ്യമായി മിതാലി അതിനെ മുറിയിലിട്ട് വളര്‍ത്തി. 

ശബ്ദമുണ്ടാക്കാതിരിക്കാനും, ആരുടെയും കണ്ണില്‍ പെടാതെ നടക്കാനും, കളിക്കാനുമെല്ലാം മിതാലി അതിനെ പരിശീലിപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അത് മിതാലിയെ അനുസരിക്കാന്‍ പഠിക്കുകയും ചെയ്തു. ഒരിക്കല്‍ അലക്കാനുള്ള വസ്ത്രങ്ങളിടുന്ന കുട്ടയില്‍ നിന്ന് ഒരു 'പാന്റി'യും തൂക്കിയെടുത്ത് അത് ഓടിവന്നു. അന്ന് തോന്നിയ തമാശയ്ക്കാണ് അതിന് 'പാന്റി'യെന്ന് വിളിപ്പേരിട്ടത്. 

വാക്‌സിനേഷന്‍ നല്‍കാനായി അടുത്തുള്ള മൃഗാശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ 'പാന്റി'യുടെ അനുസരണശീലവും മിടുക്കും കണ്ട ഡോക്ടര്‍, ആരാണ് ഇതിനെ 'ട്രെയിന്‍' ചെയ്യുന്നത് എന്ന് ചോദിച്ചു. താന്‍ തന്നെയാണെന്ന് മിതാലി പറഞ്ഞു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് മികച്ചൊരു 'ഡോഗ് ട്രെയിനര്‍' ആകാന്‍ കഴിയുമെന്നായിരുന്നു ഡോക്ടറുടെ മറുപടി.

തെല്ല് തമാശ കലര്‍ന്നതായിരുന്നുവെങ്കിലും ആ മറുപടി മിതാലി കാര്യമായെടുത്തു. എന്തുകൊണ്ട് 'ഡോഗ് ട്രെയിനര്‍' ആയിക്കൂടായെന്ന് അവള്‍ ചിന്തിച്ചു. ഇതിനാവശ്യമായ കോഴ്‌സ് ലഭ്യമാണെന്ന് കൂടി അറിഞ്ഞപ്പോള്‍ ആ ആഗ്രഹത്തിന് ബലം വച്ചു. അങ്ങനെ കാര്യം വീട്ടിലവതരിപ്പിച്ചു. പഴയ പല്ലവി തന്നെയായിരുന്നു വീട്ടുകാര്‍ ആവര്‍ത്തിച്ചത്. അന്തസുള്ള ജോലിയല്ല അതെന്ന് അവര്‍ വാദിച്ചു. 

Also Read:- ഉപേക്ഷിക്കപ്പെട്ട പട്ടിക്കുട്ടിയും കൂടെ ചങ്ക് പൊള്ളിക്കുന്നൊരു കത്തും!...

 


(മിതാലി ഡോഗ് ട്രെയിനിംഗ് സെഷനിൽ...)

 

എന്നാല്‍ ഇക്കുറി മിതാലി തീരുമാനിച്ചുറപ്പിച്ചിരുന്നു. പിന്നീട് അലിയുടെ കൂടി സഹായത്തോടെ പണമൊപ്പിച്ച് അവള്‍ കോഴ്‌സിന് ചേര്‍ന്നു. കോഴ്‌സ് പൂര്‍ത്തിയാക്കി പതിയെ ജോലി തുടങ്ങി. വളരെ പെട്ടെന്നായിരുന്നു 'ഡോഗ് ട്രെയിനര്‍' എന്ന നിലയില്‍ മുംബൈയില്‍ മിതാലി അറിയപ്പെടാന്‍ തുടങ്ങിയത്. 

ഇപ്പോള്‍ അഞ്ഞൂറിലധികം പട്ടികള്‍ക്ക് മിതാലി പരിശീലനം നല്‍കിക്കഴിഞ്ഞു. എല്ലാത്തിനും കൂട്ട് 'പാന്റി' തന്നെ. തന്റെ ഏറ്റവുമടുത്ത സുഹൃത്തും സഹായിയും 'പാന്റി'യാണെന്നാണ് മിതാലി പറയുന്നത്. വിവാഹദിവസം വധുവിന്റെ വേഷത്തില്‍ നില്‍ക്കുന്ന മിതാലിയുടേയും കൂടെ അതേ വേഷത്തിനിണങ്ങുന്ന വസ്ത്രം ധരിച്ചുനില്‍ക്കുന്ന 'പാന്റി'യുടേയും ചിത്രം സോഷ്യല്‍ മീഡിയകളിലെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

ഈ ചിത്രത്തിന്റെ ചുവട് പിടിച്ച് 'ഹ്യൂമണ്‍സ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് കൂട്ടായ്മ നടത്തിയ മിതാലിയുടെ അഭിമുഖം ഇപ്പോള്‍ വൈറലാണ്. ആയിരങ്ങളാണ് മിതാലിയുടെ കഥ കേട്ട് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് എത്തുന്നത്. മൃഗങ്ങളെ അകമഴിഞ്ഞ് സ്‌നേഹിക്കാനാകുന്നത് മാനവികതയെ ഉയര്‍ത്തിപ്പിടിക്കുകയേ ഉള്ളൂവെന്നാണ് മിതാലിയെ കുറിച്ചറിഞ്ഞ മിക്കവര്‍ക്കും പറയാനുള്ളത്.

Also Read:- നെഞ്ചിന്റെ ഭാഗങ്ങള്‍ മണത്ത് അസാധാരണമായി കുരയ്ക്കും; ഒടുവില്‍ അവരത് കണ്ടെത്തി...

click me!