സ്വന്തം മകനെ 28 വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട് അമ്മ; ഇത് വിചിത്രമായ സംഭവം

Web Desk   | others
Published : Dec 01, 2020, 09:26 PM IST
സ്വന്തം മകനെ 28 വര്‍ഷം വീട്ടിനുള്ളില്‍ പൂട്ടിയിട്ട് അമ്മ; ഇത് വിചിത്രമായ സംഭവം

Synopsis

മകന് പന്ത്രണ്ട് വയസുള്ളപ്പോള്‍, അവനെ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച് വീട്ടില്‍ പൂട്ടിയിട്ടതാണത്രേ ഇവര്‍. ഈ തടവുവാസം പിന്നീട് വര്‍ഷങ്ങളോളം നീളുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണമോ, പരിചരണമോ, സ്‌നേഹമോ ലഭിക്കാതെ ശാരീരികമായും മാനസികമായും തളര്‍ന്ന നിലയിലാണ് നാല്‍പത്തിയൊന്നുകാരന്‍ എന്നാണ് സ്റ്റോക്ക്‌ഹോം പൊലീസ് അറിയിക്കുന്നത്

സ്വന്തം മകനെ 28 വര്‍ഷത്തോളമായി വീട്ടിനകത്ത് പൂട്ടിയിട്ടൊരു അമ്മ. കേള്‍ക്കുമ്പോള്‍ ആരിലും അവിശ്വാസമുണ്ടാക്കുന്ന, വിചിത്രമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് സ്വീഡനില്‍ നിന്നാണ്. അകന്ന ബന്ധത്തില്‍ പെട്ട ഒരു സ്ത്രീ ഈ സത്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറംലോകവും ഞെട്ടലോടെ ഈ വാര്‍ത്തയറിഞ്ഞത്. 

സതേണ്‍ സ്‌റ്റോക്ക്‌ഹോമിലാണ് കുടുംബം താമസിക്കുന്നത്. എഴുപതുകാരിയായ സ്ത്രീ, പുറത്ത് അധികമാരോടും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലത്രേ. ഇതിനിടെ എങ്ങനെയോ സംശയം തോന്നിയ ബന്ധുവാണ് ഇക്കാര്യം അന്വേഷിച്ച് കണ്ടുപിടിച്ചത്. 

മകന് പന്ത്രണ്ട് വയസുള്ളപ്പോള്‍, അവനെ സ്‌കൂള്‍ പഠനം അവസാനിപ്പിച്ച് വീട്ടില്‍ പൂട്ടിയിട്ടതാണത്രേ ഇവര്‍. ഈ തടവുവാസം പിന്നീട് വര്‍ഷങ്ങളോളം നീളുകയായിരുന്നു. ആവശ്യത്തിന് ഭക്ഷണമോ, പരിചരണമോ, സ്‌നേഹമോ ലഭിക്കാതെ ശാരീരികമായും മാനസികമായും തളര്‍ന്ന നിലയിലാണ് നാല്‍പത്തിയൊന്നുകാരന്‍ എന്നാണ് സ്റ്റോക്ക്‌ഹോം പൊലീസ് അറിയിക്കുന്നത്. 

'കാലിലും മറ്റും വ്രണങ്ങളുണ്ടായിരുന്നു. അതിനാല്‍ തന്നെ സ്വന്തമായി നടക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. പക്ഷേ മുറിവുകളൊന്നും തന്നെ ജീവന് ഭീഷണിയുയര്‍ത്തുന്നതല്ല. പല്ലുകള്‍ മിക്കവാറും എല്ലാം കൊഴിഞ്ഞുപോയ നിലയിലാണ്. ഇത് പോഷകാഹാരക്കുറവിന്റെ ഭാഗമായാണെന്നാണ് മനസിലാക്കാനാവുന്നത്. തീര്‍ത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് വീട്ടിനകത്ത് അദ്ദേഹം കഴിഞ്ഞിരിക്കുന്നത്. അഴുക്കും പൊടിയും മൂത്രവുമെല്ലാം കെട്ടിക്കിടക്കുന്ന സാഹചര്യമായിരുന്നു ആ വീട്ടിനകത്തുണ്ടായിരുന്നത്....'- പൊലീസ് പറയുന്നു. 

വര്‍ഷങ്ങളോളം വൃത്തിയാക്കാത്ത നിലയിലായിരുന്നു വൃദ്ധയുടെ വീടെന്നും ഇതാണ് തന്നില്‍ സംശയം ജനിപ്പിച്ചതെന്നും ബന്ധുവായ സ്ത്രീ പറയുന്നു. ഇതോടെയാണ് വീട്ടിനകത്ത് പരിശോധന നടത്താന്‍ ഇവര്‍ തീരുമാനിച്ചത്. തുടര്‍ന്ന് അവശനായ മകനെ കണ്ടെത്തുകയും ഈ വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. 

'ഏതാനും വര്‍ഷങ്ങളായി അവരുടെ ജീവിതം എന്നില്‍ സംശയം ജനിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ എന്താണ് അവര്‍ ഒളിപ്പിക്കുന്നത് എന്ന് കണ്ടെത്താന്‍ എനിക്ക് അവസരങ്ങളൊന്നും ലഭിച്ചില്ല. പക്ഷേ ഇത്തരത്തില്‍ സ്വന്തം മകനെ പൂട്ടിയിട്ടാണ് അവര്‍ ജീവിച്ചുകൊണ്ടിരുന്നത് എന്ന സത്യം മനസിലാക്കിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ തരിച്ചുപോയി..'- ബന്ധു പറയുന്നു. 

വൃദ്ധയ്ക്ക് മാനസികമായ പ്രശ്‌നങ്ങളുള്ളതായാണ് പ്രാഥമിക നിഗമനം. ഇത്തരത്തില്‍ ചില കേസുകള്‍ മുന്‍കാലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനെ കുറിച്ച് പൊലീസും സൂചിപ്പിക്കുന്നുണ്ട്.

Also Read:- നിങ്ങളില്‍ ഈ ലക്ഷണങ്ങളുണ്ടോ, സൂക്ഷിക്കുക; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതുന്നു...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?