Asianet News MalayalamAsianet News Malayalam

നിങ്ങളില്‍ ഈ ലക്ഷണങ്ങളുണ്ടോ, സൂക്ഷിക്കുക; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതുന്നു

ഏറ്റവും ഭീതി തോന്നുന്ന ഉത്കണ്ഠാരോഗം ഏതാണ് എന്ന ചോദ്യത്തിന് അത് പാനിക് അറ്റാക്ക്‌ ആണെന്നു പറയാം. ചികിത്സയ്ക്കായി എത്തുന്നവര്‍ ഈ അവസ്ഥയെപറ്റി എങ്ങനെ പറയണം എന്നറിയില്ല, വല്ലാത്ത ഭയം തോന്നുന്ന വിവരിക്കാന്‍ കഴിയാത്തത്ര ഭീതി തോന്നുന്ന ഒരവസ്ഥയാണ് എന്ന് പറയാറുണ്ട്.

dr priya varghese column about overly anxious
Author
Trivandrum, First Published Nov 27, 2020, 11:00 PM IST

സ്ഥിരമായി വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്ന ശീലം ഉണ്ടായിരുന്ന ഒരു വ്യക്തിക്ക് ഒരിക്കല്‍ നടക്കാന്‍ പോകുംവഴി ചെറിയ ക്ഷീണം അനുഭവപ്പെട്ടു. പെട്ടെന്ന് താന്‍ തലചുറ്റി വീഴുമോ എന്ന ആധിയായി. ഒരുവിധത്തില്‍ തിരിച്ച് വീട്ടില്‍ എത്തി. വല്ലാത്ത ഭയം മനസ്സില്‍ നിറഞ്ഞു.

അല്പ സമയത്തിനകം ആ ക്ഷീണാവസ്ഥ മാറിയെങ്കിലും മനസ്സിന്റെ ആധി മാറാതെ തുടര്‍ന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇതാവര്‍ത്തിക്കുമോ എന്ന ആധി കാരണം വൈകുന്നേരമുള്ള നടപ്പ് അവസാനിപ്പിച്ചു. അതു മാത്രമല്ല, എപ്പോഴെല്ലാം നടക്കുന്നുവോ അപ്പോഴെല്ലാം അമിതമായ ശ്രദ്ധ നൽകാന്‍ തുടങ്ങി. നടക്കുമ്പോഴെല്ലാം തലചുറ്റുമോ താഴെ വീണുപോകുമോ എന്ന ഭയം മനസ്സിനെ വല്ലാതെ അലട്ടാന്‍ തുടങ്ങി.

എങ്ങോട്ടെങ്കിലും അല്പമെങ്കിലും നടന്നു പോകേണ്ടി വരുമ്പോള്‍ പത്തു വയസ്സുള്ള മകനെ കൂടെകൂട്ടി. ആ വ്യക്തിയുടെ ആത്മവിശ്വാസം നഷ്ടമായി എന്തോ വലിയ അപകടം നടക്കാന്‍ പോവുകയാണ് എന്ന തോന്നലായി. മനസ്സിന്റെ സമാധാനം പൂർണ്ണമായും നഷ്ടപ്പെട്ടു. ഇത് ഏതോ മാരകരോഗത്തിന്റെയൊ തീവ്ര മാനസിക രോഗത്തിന്റെയൊ ലക്ഷണമാണ് എന്ന തോന്നല്‍ മനസ്സിനെ വല്ലാത്ത ഭീതിയിലാഴ്ത്തി.

ഏറ്റവും ഭീതി തോന്നുന്ന ഉത്കണ്ഠാരോഗം ഏതാണ് എന്ന ചോദ്യത്തിന് അത് പാനിക് അറ്റാക്ക്‌ ആണെന്നു പറയാം. ചികിത്സയ്ക്കായി എത്തുന്നവര്‍ ഈ അവസ്ഥയെപറ്റി എങ്ങനെ പറയണം എന്നറിയില്ല, വല്ലാത്ത ഭയം തോന്നുന്ന വിവരിക്കാന്‍ കഴിയാത്തത്ര ഭീതി തോന്നുന്ന ഒരവസ്ഥയാണ് എന്ന് പറയാറുണ്ട്. ഹൃദയസ്തംഭനം വന്നു താന്‍ മരിക്കാന്‍ പോകുകയാണോ എന്നു തോന്നിപോകും എന്നപോലെ ഒരവസ്ഥയാണ് ഇതെന്ന് ചിലര്‍ പറയാറുണ്ട്.

ചില ലക്ഷണങ്ങള്‍...

•    ഹൃദയമിടിപ്പ് ‌വളരെ ഉയരുക
•    വിറയല്‍
•    ശ്വാസതടസ്സം
•    വിയർക്കുക
•    നെഞ്ചിന് വല്ലാത്ത ഭാരം തോന്നുക
•    തലചുറ്റുന്നപോലെ
•    മരവിപ്പ്
•    മാനസിക നില തകരാറിലാവുകയാണോ എന്ന ഭീതി
•    ഒരിക്കല്‍ panic attack ഉണ്ടായവരില്‍ ഇനിയും അതാവര്‍ത്തിക്കുമോ എന്ന വല്ലാത്ത ഭയം

ഇത് തീവ്രമാനസിക രോഗം വരാന്‍ പോകുന്നതിന്റെ ലക്ഷണമാണോ എന്ന് ഉത്കണ്ഠയുടെ ചികിത്സയ്ക്കായി മന:ശാസ്ത്രവിദഗ്‌ദ്ധരെ സമീപിക്കുന്നവര്‍ ചോദിക്കാറുണ്ട്. Panic attack എന്നത് ഉത്കണ്ഠമൂലം ഉണ്ടാകുന്ന ഒരവസ്ഥയാണ്.

ഉത്കണ്ഠ എന്നത് ഒരു ലഘു മാനസിക പ്രശ്നമാണ്. Cognitive Behaviour Therapy എന്ന മന:ശാസ്ത്ര ചികിത്സ ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ വളരെ ഫലപ്രദമാണ്. ഭയം കുറയ്ക്കാനുള്ള പരിശീലനം, ചിന്തകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍, മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന relaxation training എന്നിവയാണ് ചികിത്സാ മാർ​​ഗങ്ങള്‍. ക്ഷമയും ചികിത്സയോടുള്ള പ്രതിബദ്ധതയും ഉള്ളവരില്‍ പൂർണ്ണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന ഒരവസ്ഥയാണ് ഇത്.

ഈ ചിന്തകള്‍ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാം; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതുന്നു

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
Consultation near TMM Hospital, Thiruvalla
Telephone consultation available
For appointments call: 8281933323

 

Follow Us:
Download App:
  • android
  • ios