
ചൈനയിലെ യുവതലമുറയ്ക്കിടയിൽ പുതിയൊരു ജീവിതശൈലീ മാറ്റം ശ്രദ്ധേയമാകുന്നു. വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ലാത്ത ചൈനയിലെ ജെൻ സി യുവതികൾ ഇപ്പോൾ പഞ്ഞികൊണ്ടുണ്ടാക്കിയ 'കോട്ടൺ പാവകളെ' (Cotton Dolls) സ്വന്തം മക്കളെപ്പോലെ സ്നേഹിച്ചു വളർത്തുകയാണ്. 'വേദനയില്ലാത്ത മാതൃത്വം' (Painless Motherhood) എന്നാണ് ഈ പ്രവണതയെ ഇവർ വിശേഷിപ്പിക്കുന്നത്.
യഥാർത്ഥ കുട്ടികളെ വളർത്തുന്നതിലുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളും മാനസിക സമ്മർദ്ദങ്ങളും ഒഴിവാക്കാനാണ് പലരും ഈ വഴി തിരഞ്ഞെടുക്കുന്നത്. ഈ പാവകളെ വെറും കളിപ്പാട്ടങ്ങളായല്ല, മറിച്ച് ജീവനുള്ള മക്കളെപ്പോലെയാണ് ഇവർ പരിഗണിക്കുന്നത്. പാവകൾക്കായി മുന്തിയ തരം വസ്ത്രങ്ങൾ വാങ്ങുക, അവയ്ക്ക് മേക്കപ്പ് ഇടുക, വിഗ്ഗുകൾ ഉപയോഗിച്ച് മുടി സ്റ്റൈൽ ചെയ്യുക എന്നിവ ഇവരുടെ വിനോദമായി മാറിയിരിക്കുന്നു. പാവകളുമായി വിനോദയാത്രകൾ പോകുകയും പാർക്കുകളിൽ വെയിൽ കായക്കാൻ കൊണ്ടുപോകുകയും ചെയ്യുന്ന 'അമ്മമാരും' കുറവല്ലെന്നാണ് റിപ്പോർട്ട്.
2023 ഒക്ടോബറിൽ നടന്ന ഒരു സംഭവമാണ് ഈ പ്രവണതയെ ആഗോള ശ്രദ്ധയിൽ എത്തിച്ചത്. ചൈനയിലെ പ്രശസ്തമായ 'ഹൈഡിലാവോ' (Haidilao) എന്ന ഹോട്ട്‌പോട്ട് റെസ്റ്റോറന്റിൽ തന്റെ കോട്ടൺ പാവയുമായി എത്തിയ ഒരു യുവതിക്ക് നേരിടേണ്ടി വന്ന അനുഭവമാണ് ചർച്ചയായത്. തന്റെ പാവയുടെ ജന്മദിനം ആഘോഷിക്കാനായി റെസ്റ്റോറന്റിലെത്തിയ യുവതി, പാവയ്ക്ക് ഇരിക്കാനായി ഒരു 'ബേബി ചെയർ' ആവശ്യപ്പെട്ടു. എന്നാൽ അവിടുത്തെ ജീവനക്കാർ ഇത് കണ്ട് അമ്പരന്നു.
യുവതിയുടെ പാവയ്ക്കായി ജന്മദിന ഗാനം ആലപിക്കാൻ റെസ്റ്റോറന്റ് ജീവനക്കാർ വിസമ്മതിച്ചതും കൃത്യമായ സേവനം നൽകാതിരുന്നതും വലിയ പരാതികൾക്ക് ഇടയാക്കി. പാവകളെ വളർത്തുന്നവരോട് റെസ്റ്റോറന്റ് വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതോടെയാണ് ഈ കൗതുകകരമായ ട്രെൻഡ് പുറംലോകം അറിഞ്ഞത്.
2015-ൽ ദക്ഷിണ കൊറിയൻ മ്യൂസിക് ബാൻഡായ 'EXO'യുടെ ആരാധകർക്കിടയിലാണ് ഇത്തരം പാവകളുടെ തുടക്കം. ബാൻഡ് അംഗമായ 'ചെൻ' -ന്റെ മാതൃകയിലുള്ള പാവകളെ ആരാധകർ കൺസേർട്ടുകൾക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. കാലക്രമേണ ഇത് ചൈനയിൽ വലിയൊരു വിപണിയായി മാറി.
നിലവിൽ രണ്ട് തരത്തിലുള്ള പാവകളാണ് വിപണിയിലുള്ളത്:
ഈ പാവകളെ വാങ്ങുന്ന പെൺകുട്ടികൾ തങ്ങളെത്തന്നെ 'മമ്മീസ്' എന്നാണ് വിളിക്കുന്നത്. ഒരു പാവയെ ഓർഡർ ചെയ്ത് അത് കയ്യിൽ കിട്ടുന്നതുവരെയുള്ള കാത്തിരിപ്പിനെ തങ്ങൾ വീണ്ടും 'ഗർഭിണിയായിരിക്കുന്നു' എന്നാണ് ഇവർ തമാശയായി പറയുന്നത്. പാവകളുടെ ഫോട്ടോ ഷൂട്ടുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ഇവർക്കിടയിൽ വലിയ ഹരമാണ്.
ചൈനയിലെ കഠിനമായ തൊഴിൽ സാഹചര്യങ്ങളും കുട്ടികളെ വളർത്താനുള്ള അമിത ചിലവുമാണ് യുവാക്കളെ ഇത്തരം വിനോദങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. യഥാർത്ഥ മാതൃത്വത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതെ തന്നെ സ്നേഹവും വൈകാരികമായ ആശ്വാസവും കണ്ടെത്താൻ ഈ പാവകൾ സഹായിക്കുന്നുവെന്ന് ഇവർ വിശ്വസിക്കുന്നു.