
പ്രണയം... വിരഹം... പിന്നെ കുറേ അഡ്ജസ്റ്റ്‌മെന്റുകൾ! ഇതൊക്കെ പഴയ സ്റ്റൈൽ. ഇന്നത്തെ ജെൻ സി പിള്ളേരുടെ മൈൻഡ് സെറ്റ് വേറെ ലെവലാണ്. 'Love is in the air' എന്നൊക്കെ പണ്ട് പറയാമെങ്കിലും, ഇപ്പോൾ 'Self-love is in the air' എന്നതാണ് പുതിയ വൈബ്. പഴയ തലമുറയ്ക്ക് പ്രണയം ഒരു വികാരമായിരുന്നെങ്കിൽ, ജെൻ സികൾക്ക് അത് ജീവിതത്തിലെ ഒരു 'ഓപ്ഷൻ' മാത്രമാണ്. പ്രണയത്തിന് പിന്നാലെ പാഞ്ഞ് സമയം കളയാനോ, തകർന്നുപോയ ഹൃദയവുമായി നടക്കാനോ ഇന്നത്തെ പിള്ളേർക്ക് താല്പര്യമില്ല. അവർക്കിപ്പോൾ പ്രിയം തങ്ങളുടെ സ്വാതന്ത്ര്യത്തോടും വ്യക്തിത്വത്തോടുമാണ്. അടുത്തിടെ NDTV പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രകാരം, പ്രണയത്തേക്കാൾ ഉപരിയായി സ്വന്തം വളർച്ചയ്ക്കും സന്തോഷത്തിനുമാണ് ഈ തലമുറ മുൻഗണന നൽകുന്നത്.
പലപ്പോഴും ഒരു ബന്ധത്തിൽ അകപ്പെടുമ്പോൾ സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മറ്റൊരാൾക്ക് വേണ്ടി മാറ്റിവെക്കേണ്ടി വരാറുണ്ട്. എന്നാൽ ജെൻ സി ഇതിനോട് വിമുഖത കാണിക്കുന്നു. താൻ ആരാണെന്നും തന്റെ പാഷൻ എന്താണെന്നും മനസ്സിലാക്കാൻ അവർ സമയം കണ്ടെത്തുന്നു. മറ്റൊരാളുടെ നിഴലായി ജീവിക്കുന്നതിനേക്കാൾ, സ്വന്തം ജീവിതത്തിലെ 'മെയിൻ ക്യാരക്ടർ' ആകാനാണ് ഇവർക്ക് താല്പര്യമെന്നാണ് റിപ്പോർട്ട് പറയുന്നത്.
മുൻ തലമുറകൾ പ്രണയബന്ധങ്ങളിലെ ടോക്സിസിറ്റി സഹിച്ചിരുന്നെങ്കിൽ, ജെൻ സി അതിന് തയ്യാറല്ല. സ്വന്തം സമാധാനം കളയുന്ന ഒന്നിനോടും അവർ വിട്ടുവീഴ്ച ചെയ്യില്ല. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ, ഇന്നത്തെ യുവാക്കൾക്ക് തങ്ങളുടെ മെന്റൽ ഹെൽത്താണ് ഏറ്റവും പ്രധാനം. ഒരു റിലേഷൻഷിപ്പ് നൽകുന്ന സ്ട്രെസ് ഒഴിവാക്കി, സമാധാനപരമായ ജീവിതം നയിക്കാൻ അവർ ആഗ്രഹിക്കുന്നു.
ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ, സാമ്പത്തികമായി നിലനിൽപ്പ് കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ പ്രണയത്തേക്കാൾ കരിയറിന് ഇവർ മുൻഗണന നൽകുന്നു. പഠനം, ജോലി, സാമ്പത്തിക ഭദ്രത എന്നിവ നേടിയ ശേഷം മതി പ്രണയം എന്ന നിലപാടാണ് പലർക്കും. കരിയർ ഗ്രാഫ് ഉയർത്താനുള്ള തത്രപ്പാടിനിടയിൽ പ്രണയം ഒരു തടസ്സമാകുമെന്ന് ഇവർ കരുതുന്നു.
മറ്റൊരാളെ സന്തോഷിപ്പിക്കാൻ വേണ്ടി സ്വന്തം വ്യക്തിത്വം പണയപ്പെടുത്തുന്ന രീതി ജെൻ സിക്ക് ഇല്ല. തങ്ങൾ എങ്ങനെയാണോ, അങ്ങനെ തന്നെ ലോകത്തിന് മുന്നിൽ നിൽക്കാൻ അവർ ആഗ്രഹിക്കുന്നു. മറ്റൊരാളുടെ ഇഷ്ടത്തിനനുസരിച്ച് ഡ്രസ്സ് ചെയ്യാനോ പെരുമാറാനോ ഇവർ തയ്യാറല്ല. ഈ സ്വയം ബോധം അവരെ പ്രണയത്തേക്കാൾ ഉപരി സ്വയം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നു.
ഒരു പാർട്ണറിൽ നിന്ന് ലഭിക്കേണ്ട വൈകാരിക പിന്തുണ ഇന്ന് പലർക്കും ലഭിക്കുന്നത് സുഹൃത്തുക്കളിൽ നിന്നാണ്. ചില്ലായ സൗഹൃദങ്ങളും, യാത്രകളും, ഗ്രൂപ്പ് ഹാങ്ങൗട്ടുകളും നൽകുന്ന സന്തോഷം പ്രണയത്തേക്കാൾ വലുതാണെന്ന് ഇവർ കരുതുന്നു. ഡ്രാമകളില്ലാത്ത ഇത്തരം ബന്ധങ്ങൾക്കാണ് ഇവർ കൂടുതൽ മൂല്യം നൽകുന്നത്.
വിവാഹം എന്നത് ജീവിതത്തിലെ അവസാന ലക്ഷ്യമല്ലെന്ന് ഈ തലമുറ ഉറച്ചു വിശ്വസിക്കുന്നു. 20-കളിൽ വിവാഹം കഴിച്ച് സെറ്റിൽ ആകണമെന്ന സാമൂഹിക സമ്മർദ്ദത്തെ ഇവർ തള്ളിക്കളയുന്നു. ജീവിതം ആസ്വദിക്കാനും പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ഇവർക്ക് മടിയില്ല.
ചുരുക്കത്തിൽ, ജെൻ സി പ്രണയത്തിന് എതിരല്ല. മറിച്ച്, അർത്ഥശൂന്യമായ ബന്ധങ്ങളിലേക്കും സമ്മർദ്ദങ്ങളിലേക്കും എടുത്തുചാടാൻ അവർ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.