'പെണ്ണിന്റെ മനസോടെ ആണ്‍കുട്ടിയായി ജീവിക്കുക'; സുഹൃത്തിന് വേണ്ടി സുരഭി ലക്ഷ്മി

By Web TeamFirst Published Jan 1, 2021, 9:26 PM IST
Highlights

''വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി അവനോടൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം. ആണ്‍കുട്ടി പെണ്‍കുട്ടി ആയി മാറുന്നത് ഈ ലോകത്ത്  ആദ്യമായല്ല, പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്...''

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്ന വ്യക്തികള്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും ഏറെ യാതനകള്‍ നേരിട്ടാണ് അതിജീവനം നടത്തുന്നത്. സാമൂഹികമായ ഒറ്റപ്പെടുത്തല്‍, അപമാനം, പീഡനം തുടങ്ങി പല വിധത്തിലുള്ള വേദനകളും അവരുടെ ജീവിതത്തെ നിറമറ്റതാക്കുന്നു. 

ബോധപൂര്‍വ്വം അവരെ അംഗീകരിക്കുകയും അവര്‍ക്ക് അവരുടെ ഇടം അനുവദിച്ചുകൊടുക്കുകയും ചെയ്യുന്നതിലൂടെ മാത്രമാണ് ഈ പ്രശ്‌നങ്ങള്‍ വലിയൊരു പരിധി വരെ പരിഹരിക്കാനാവുക. ഇത്തരത്തില്‍ പല മാറ്റങ്ങളും ഇന്ന് കാണാനാകുന്നുണ്ട്. എങ്കില്‍പ്പോലും ഇനിയും ഒരുപാട് മാറേണ്ടതായുണ്ട്.

പുതുവര്‍ഷത്തില്‍ ദേശീയ പുരസ്‌കാര ജേതാതാവായ നടി സുരഭി ലക്ഷ്മി പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ഈ വിഷയത്തിന്റെ പ്രാധാന്യം വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ബാല്യകാലം മുതല്‍ അടുപ്പമുള്ള സുഹൃത്തിനെ കുറിച്ചാണ് സുരഭി എഴുതിയിരിക്കുന്നത്. ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറിയ സുഹൃത്തിന് ആശംസകളര്‍പ്പിച്ചുകൊണ്ടും അവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തില്‍ പിന്തുണ ഉറപ്പ് നല്‍കിക്കൊണ്ടുമാണ് സുരഭിയുടെ കുറിപ്പ്. 

സുരഭിയുടെ കുറിപ്പ് വായിക്കാം...

ശ്രീദേവി ഈ വര്‍ഷം നിനക്ക് നേരുന്നു...

പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരന്‍, ശ്രീയേഷ് 'ശ്രീദേവി' ആയി മാറിയിരിക്കുന്നു.

കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലില്‍ (എറണാകുളം)ആയിരുന്നു ശസ്ത്രക്രിയ. Drസന്ദീപ് സര്‍, മറ്റ്  ഡോക്ടേര്‍സിനും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി അവനോടൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം. ആണ്‍കുട്ടി പെണ്‍കുട്ടി ആയി മാറുന്നത് ഈ ലോകത്ത്  ആദ്യമായല്ല, പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.

എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു 'സ്ത്രീ'യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാര്‍ സ്വീകരിക്കും.

ആശംസകള്‍ ശ്രീദേവി.... നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങള്‍ക്ക്, സ്വപ്നങ്ങള്‍ക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്... ഒപ്പം നില്‍ക്കുന്നു.

 

 

Also Read:- 'വീഡിയോ കണ്‍സള്‍ട്ടേഷന് വിളിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി'; സജ്‌നയെ പോലുള്ളവരുടെ ദുരിതങ്ങള്‍...

click me!