
തണുപ്പ് കാലത്ത് പലരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മുഖം വെളുത്ത് വിണ്ടുകീറുന്നത്. ലോഷനുകൾ എത്ര പുരട്ടിയാലും മിനിറ്റുകൾക്കുള്ളിൽ വീണ്ടും ചർമ്മം വരണ്ടുപോകുന്ന അവസ്ഥ. ചർമ്മത്തിലെ സ്വാഭാവിക സെബം ഉത്പാദനം കുറയുന്നതാണ് ഇതിന് കാരണം. ഇത് പരിഹരിക്കാൻ അടുക്കളയിലെ ചില ചേരുവകൾ എങ്ങനെ അത്ഭുതകരമായി ഉപയോഗിക്കാം എന്ന് നോക്കാം.
ഗ്ലിസറിൻ - റോസ് വാട്ടർ
വരണ്ട ചർമ്മത്തിന് ഏറ്റവും മികച്ച ഒരു 'ഹ്യൂമെക്റ്റന്റ്' ആണ് ഗ്ലിസറിൻ. ഇത് അന്തരീക്ഷത്തിലെ ഈർപ്പത്തെ ചർമ്മത്തിലേക്ക് പിടിച്ചുനിർത്തുന്നു. തുല്യഅളവിൽ ഗ്ലിസറിനും റോസ് വാട്ടറും എടുത്ത് യോജിപ്പിക്കുക. രാത്രി കിടക്കുന്നതിന് മുൻപ് ഒരു കോട്ടൺ ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടുക. രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തെ വെളുത്ത പാടുകൾ അപ്രത്യക്ഷമായിട്ടുണ്ടാകും.
തൈരും തേനും ചേർന്ന കൂട്ട്
തൈരിലടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് മൃതകോശങ്ങളെ വളരെ സൗമ്യമായി നീക്കം ചെയ്യും. രണ്ട് സ്പൂൺ കട്ടിത്തൈരിൽ ഒരു സ്പൂൺ തേൻ ചേർക്കുക. ഇത് മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമ്മം പൊളിഞ്ഞു വരുന്നത് തടയാനും ചർമ്മത്തിന് നല്ല നിറം നൽകാനും ഇത് സഹായിക്കും.
ആവക്കാഡോ അല്ലെങ്കിൽ ബട്ടർ
നിങ്ങളുടെ ചർമ്മം അമിതമായി വരണ്ടതാണെങ്കിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ആവക്കാഡോയോ ഉപ്പില്ലാത്ത ബട്ടർ ഉപയോഗിക്കാം. പഴുത്ത ആവക്കാഡോ നന്നായി ഉടച്ച് മുഖത്ത് പുരട്ടുക. ആവക്കാഡോ ലഭ്യമല്ലെങ്കിൽ അല്പം വീട്ടിലുണ്ടാക്കിയ ബട്ടർ ഉപയോഗിച്ചും മസാജ് ചെയ്യാം. വിറ്റാമിൻ ഇ, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നു.
ഒലിവ് ഓയിൽ തെറാപ്പി
ആന്റി-ഓക്സിഡന്റുകളും ഫാറ്റി ആസിഡുകളും ധാരാളമുള്ള ഒലിവ് ഓയിൽ ശൈത്യകാലത്തെ വരൾച്ചയ്ക്ക് ഉത്തമ പരിഹാരമാണ്. മുഖം കഴുകിയ ശേഷം അല്പം ഒലിവ് ഓയിൽ പുരട്ടി മസാജ് ചെയ്യുക. അതിന് മുകളിൽ ഒരു ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി കുറച്ചുനേരം വയ്ക്കുക. ഓയിൽ ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വരൾച്ച മാറ്റും.
ആഹാരത്തിലും വേണം ശ്രദ്ധ ; പുറമെ പുരട്ടുന്നതിനൊപ്പം തന്നെ നട്സുകൾ, ഒമേഗ-3 അടങ്ങിയ മീൻ, ഓറഞ്ച് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.