കൊറിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർമാർ ഓരോ തവണയും പുതിയ സ്കിൻകെയർ രീതികൾ അവതരിപ്പിക്കുമ്പോൾ അതിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായിരുന്ന 'ഗ്ലാസ് സ്കിൻ' എന്ന സങ്കല്പം ഇപ്പോൾ പതുക്കെ മാറുകയാണ്.

ഇത്രയും കാലം നമ്മൾ കേട്ടിരുന്നത് 'ഗ്ലാസ് സ്കിൻ' എന്ന മാജിക്കിനെക്കുറിച്ചായിരുന്നു. മുഖം ഒരു കണ്ണാടി പോലെ വെട്ടിത്തിളങ്ങണം എന്നതായിരുന്നു ഈ രീതിയുടെ ഹൈലൈറ്റ്. എന്നാൽ ഈ അതിരുകടന്ന തിളക്കം ഇനി അല്പം പഴയ സ്റ്റൈലായി മാറുകയാണ്. പകരം ഇപ്പോൾ ലോകമെമ്പാടുമുള്ള ഇൻഫ്ലുവൻസർമാരും ചർമ്മരോഗ വിദഗ്ധരും ഒരേപോലെ ചർച്ച ചെയ്യുന്നത് 'ബ്ലൂം സ്കിൻ' എന്ന പുത്തൻ ട്രെൻഡിനെക്കുറിച്ചാണ്. ഒരു പൂവ് വിരിഞ്ഞു നിൽക്കുന്നത് പോലെ ചർമ്മം ഫ്രഷ് ആയും ആരോഗ്യത്തോടെയും ഇരിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്താണ് ഈ ബ്ലൂം സ്കിൻ?

ഗ്ലാസ് സ്കിന്നിൽ ചർമ്മത്തെ അമിതമായി പോളിഷ് ചെയ്ത് തിളക്കം കൊണ്ടുവരാനാണ് ശ്രമിച്ചിരുന്നത് എങ്കിൽ, ബ്ലൂം സ്കിന്നിൽ പ്രാധാന്യം നൽകുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനാണ്. ഉള്ളിൽ നിന്ന് പോഷിപ്പിക്കപ്പെട്ട, മൃദുവായ, സ്വാഭാവികമായ തിളക്കമുള്ള ചർമ്മമാണ് ഇതിന്റെ ലക്ഷ്യം. ഇത് ഗ്ലാസ് സ്കിന്നിനേക്കാൾ റിയലിസ്റ്റിക് ആണെന്നതും നമ്മുടെ നിത്യജീവിതത്തിൽ പിന്തുടരാൻ എളുപ്പമാണെന്നതുമാണ് ഇതിനെ ജനപ്രിയമാക്കുന്നത്.

ബ്ലൂം സ്കിൻ സ്വന്തമാക്കാൻ 4 കാര്യങ്ങൾ

ഒരുപാട് പ്രൊഡക്റ്റുകൾ വാരിവലിച്ചു ഉപയോഗിക്കുന്നതിനേക്കാൾ, ചർമ്മസംരക്ഷണത്തിൽ ഒരു അച്ചടക്കം കൊണ്ടുവരിക എന്നതാണ് ഇതിന്റെ രീതി.

  • ചർമ്മത്തിന് ദാഹിക്കരുത്: ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തുന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി കടുപ്പമേറിയ ക്രീമുകൾക്ക് പകരം ലൈറ്റ് വെയ്റ്റ് ടോണറുകൾ, എസ്സെൻസുകൾ, മോയ്സ്ചറൈസറുകൾ എന്നിവ ഉപയോഗിക്കാം. ഹൈലൂറോണിക് ആസിഡ്, സെറാമൈഡുകൾ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങൾ ചർമ്മത്തിന് പുത്തൻ ഉന്മേഷം നൽകും.
  • സ്ക്രബ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക : ചർമ്മത്തിലെ മൃതകോശങ്ങളെ മാറ്റുന്നത് നല്ലതാണ്. എന്നാൽ കടുപ്പമേറിയ സ്ക്രബുകൾ ഉപയോഗിച്ച് ചർമ്മം ഉരച്ചു കളയുന്ന രീതി ബ്ലൂം സ്കിന്നിലില്ല. ചർമ്മത്തിന്റെ സ്വാഭാവിക ആവരണമായ 'സ്കിൻ ബാരിയറിനെ' മുറിപ്പെടുത്താത്ത രീതിയിലുള്ള ചെറിയ സ്ക്രബ്ബിംഗ് മാത്രമേ ഇതിൽ ആവശ്യമുള്ളൂ.
  • പ്രശ്നം അറിഞ്ഞു ചികിത്സ: എല്ലാ സെറങ്ങളും ക്രീമുകളും മുഖത്ത് പരീക്ഷിക്കുന്നതിന് പകരം, നിങ്ങളുടെ ചർമ്മത്തിന് യഥാർത്ഥത്തിൽ എന്താണോ ആവശ്യം അത് മാത്രം നൽകുക. മുഖക്കുരുവാണോ അതോ പാടുകളാണോ നിങ്ങളുടെ പ്രശ്നം എന്ന് തിരിച്ചറിഞ്ഞ് കൃത്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താൻ സഹായിക്കും.
  • സൺസ്ക്രീൻ എന്ന കവചം: വെയിൽ ഏൽക്കുന്നത് ചർമ്മം മങ്ങാനും പ്രായം തോന്നിക്കാനും കാരണമാകും. അതുകൊണ്ട് ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഒരു നിർബന്ധിത ശീലമാക്കുക. സൺസ്ക്രീൻ ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന്റെ സ്വാഭാവിക നിറവും തിളക്കവും ദീർഘകാലം നിലനിർത്താം.

 ചുരുക്കത്തിൽ, ചർമ്മത്തെ അമിതമായി പീഡിപ്പിക്കാതെ അതിനെ സ്നേഹിക്കാനാണ് ബ്ലൂം സ്കിൻ പറയുന്നത്.