ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണമില്ല; രാജവെമ്പാലയെ കൊന്ന് ഭക്ഷണമാക്കി യുവാക്കള്‍

By Web TeamFirst Published Apr 20, 2020, 10:25 AM IST
Highlights

ലോക്ക്ഡൗണ്‍ കാരണം തങ്ങള്‍ക്ക് അരിയോ മറ്റ് ഭക്ഷണങ്ങളോ ഒന്നും തന്നെയില്ലെന്നും അതിനാലാണ് വേട്ടയാടുന്നതിന് കാട്ടിലേക്ക് ഇറങ്ങിയത്. ആദ്യം കിട്ടിയത് പാമ്പിനെയാണെന്നും അതിനാൽ ഭക്ഷണം ഉണ്ടാക്കി എന്നുമാണ് സംഘത്തിലൊരാള്‍ പറയുന്നത്.

ഗുവഹാത്തി: ലോക്ക്ഡൗണില്‍ ഭക്ഷണം കിട്ടാതായതോടെ 12 അടി നീളമുള്ള രാജവെമ്പാലയെ ഭക്ഷണമാക്കി ഒരു സംഘം ആളുകള്‍. കാട്ടിനുള്ളില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. അരുണാചല്‍പ്രദേശിലാണ് സംഭവം. രാജവെമ്പാലയെ വേട്ടയാടി കൊന്ന് ഭക്ഷണമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 

പിന്നീട് ഇവര്‍ തങ്ങളുടെ തോളുകളില്‍ ഇതിനെ തൂക്കിയിട്ട് ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയും ഇത് സമൂഹമാധ്യമങ്ങളില്‍ പരക്കുകയും ചെയ്തിരുന്നു. കൂടാതെ പാമ്പിനെ വെട്ടി വൃത്തിയാക്കി കഷണങ്ങളാക്കാന്‍ വാഴയിലകള്‍ നിരത്തിയിരിക്കുന്നതും വീഡിയോയിലുണ്ട്.

ലോക്ക്ഡൗണ്‍ കാരണം തങ്ങള്‍ക്ക് അരി അടക്കമുള്ള സാധനങ്ങള്‍ ഇല്ലെന്നും അതിനാലാണ് വേട്ടയാടുന്നതിന് കാട്ടിലേക്ക് ഇറങ്ങിയതെന്നും ആദ്യം കിട്ടിയത് പാമ്പിനെയാണെന്നും അതിനാൽ ഭക്ഷണം ഉണ്ടാക്കി എന്നുമാണ് സംഘത്തിലൊരാള്‍ പറയുന്നത്. വന്യജീവി സംരക്ഷണ നിയമമനുസരിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
 

click me!