75-ാം വയസ്സിൽ താൻ 'ഒറ്റയ്ക്കായിപ്പോയി' എന്ന് പോസ്റ്ററൊട്ടിച്ച ടോണിയെത്തേടി സൗഹൃദങ്ങളുടെ പെരുമഴ

By Web TeamFirst Published Sep 16, 2020, 12:45 PM IST
Highlights

"വീടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന നിശബ്ദത എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടിപ്പോൾ. ഇത് വല്ലാത്തൊരു പീഡനമാണ്. നിങ്ങളിൽ ആർക്കും എന്നെ ഒന്ന് സഹായിക്കാനാവില്ലേ?" എന്നായിരുന്നു ടോണിയുടെ പോസ്റ്റർ

ടോണി വില്യംസിന് വയസ്സ് എഴുപത്തഞ്ചു കഴിഞ്ഞു. കഴിഞ്ഞ മേയിലാണ് ടോണിയുടെ ആജീവനാന്ത പങ്കാളി ആയിരുന്ന ജോ കാൻസറിന്‌ കീഴടങ്ങിയത്. അന്നുമുതൽ തന്റെ വീട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിയുകയാണ്, വർഷങ്ങൾക്കു മുമ്പുതന്നെ ജോലിയിൽ നിന്ന് പെൻഷൻ പറ്റിയിരുന്ന പാവം ടോണി. മക്കളോ അടുത്ത ബന്ധുക്കളോ ഒന്നും ഇല്ലാതിരുന്ന ടോണിക്ക്  ആ വീട്ടിനുള്ളിലെ ഏകാന്തത ഒട്ടും സഹിക്കാൻ പറ്റാതെയായി. 'വല്ലാത്തൊരു പീഡനം' ആണ് ഈ ആരോടും മിണ്ടതുള്ള ജീവിതമെന്ന് അയാൾക്ക് തോന്നി. 

ഒന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു സൗഹൃദം തേടി ടോണി പത്രങ്ങളിൽ പരസ്യം നൽകി. തൂലികാ സൗഹൃദങ്ങൾ തേടി. തെരുവിലേക്കിറങ്ങി പലർക്കും തന്റെ കാർഡ് നൽകി അവരോട് കാര്യം പറഞ്ഞു. ആരും ടോണിയുടെ സങ്കടാവസ്ഥയോട് പ്രതികരിക്കുകയോ അയാളെ വിളിക്കുകയോ ചെയ്തില്ല. അങ്ങനെ, ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ് അയാൾ തന്റെ വീടിനു മുന്നിലെ ചില്ലുജനാലയ്ക്കൽ ഒരു പോസ്റ്റർ പ്രിന്റ് ചെയ്ത് പതിപ്പിച്ചു. അതിൽ അയാൾ ഇങ്ങനെ എഴുതിയിരുന്നു, "എന്റെ ഭാര്യയും പ്രാണപ്രിയയുമായിരുന്ന ജോ  മാസങ്ങൾക്കു മുമ്പ് എന്നെ വിട്ടുപോയി.  എനിക്ക് വേറെ അടുത്ത സ്നേഹിതരോ ബന്ധുജനങ്ങളോ ഒന്നുമില്ല. ഒന്ന് മിണ്ടാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. ഇരുപത്തിനാലു മണിക്കൂറും ഈ വീടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന നിശബ്ദത എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടിപ്പോൾ. ഇത് വല്ലാത്തൊരു പീഡനമാണ്. നിങ്ങളിൽ ആർക്കും എന്നെ ഒന്ന് സഹായിക്കാനാവില്ലേ?" 

ഈ പോസ്റ്ററുൾപ്പെടെ ടോണിയുടെ സ്റ്റോറി വിശദമായി പ്രസിദ്ധപ്പെടുത്തിയത് മെട്രോ എന്ന യുകെ പത്രമാണ്. ഈ വാർത്ത പ്രസിദ്ധപ്പെടുത്തിയ നിമിഷം തൊട്ട് ടോണിയെ തേടി നിരന്തരം കോളുകളും, മെയിലുകളും, കത്തുകളും, ചാറ്റുകളും ഒക്കെ വന്നുകൊണ്ടിരിക്കുകയാണ്. യുകെയിൽ നിന്നും, അയർലണ്ടിൽ നിന്നും, ഹംഗറിയിൽ നിന്നും, അമേരിക്ക, കാനഡ, ഹോങ്കോങ് എന്നിങ്ങനെയുള്ള ദൂരദേശങ്ങളിൽ നിന്ന് പോലും ടോണിയെത്തേടി സൗഹൃദങ്ങൾ എത്തിയിട്ടുണ്ട് ഇപ്പോൾ. പതിനേഴുവയസ്സുള്ള ചെറുപ്പം പിള്ളേർ മുതൽ തൊണ്ണൂറുകളിൽ എത്തി നിൽക്കുന്ന വയോധികർ വരെ ടോണിയുടെ സങ്കടഹർജിയോട് അനുതാപപൂർവം പ്രതികരിച്ചു കഴിഞ്ഞു. 

എന്തായാലും ഈ പ്രതികരണങ്ങൾ മനുഷ്യരാശിയുടെ സഹജീവിസ്നേഹത്തിലുള്ള തന്റെ വിശ്വാസം പുനഃസ്ഥാപിച്ചതായി ടോണി വില്യംസ് അറിയിച്ചു. പുതിയ സൗഹൃദങ്ങളിൽ മുഴുകി ജീവിതം ഉല്ലാസഭരിതമാക്കാനുള്ള പുറപ്പാടിലാണ് ഈ വയോധികൻ ഇപ്പോൾ. 

click me!