അങ്ങനെ കല്യാണങ്ങളും ഓണ്‍ലൈനായിത്തുടങ്ങി...

By Web TeamFirst Published Apr 4, 2020, 5:29 PM IST
Highlights

ബീഡ് സ്വദേശിയായ യുവതിയുമായി ആറ് മാസം മുമ്പാണ് മിന്‍ഹാജിന്റെ വിവാഹം നിശ്ചയിച്ചത്. എന്നാല്‍ കൊവിഡ് 19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ വന്നതോടെ വിവാഹം മാറ്റിവയ്‌ക്കേണ്ടിവരുമെന്ന ആശങ്കയായി. ഇതിനെല്ലാം ശേഷം ഏറെ ആലോചിച്ച ശേഷമാണ് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്

കൊവിഡ് 19 ഭീതി വിതച്ച പശ്ചാത്തലത്തിലാണ് രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്. എല്ലാവരും വീടുകളില്‍തന്നെ തുടരുന്ന സാഹചര്യത്തില്‍ അവശ്യസേവനങ്ങള്‍ ഒഴിച്ച് മറ്റെല്ലാത്തിനും നിര്‍ബന്ധിത അവധി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. 

ഇതിനിടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കുമെല്ലാം മുമ്പെങ്ങുമില്ലാത്ത വിധം അംഗീകാരം ലഭിച്ചുതുടങ്ങി. ക്ലാസുകള്‍, പണമിടപാടുകള്‍, ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കല്‍ എന്ന് തുടങ്ങി പല കാര്യങ്ങള്‍ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങളെ ജനം വ്യാപകമായി ആശ്രയിച്ചുതുടങ്ങിയിരിക്കുന്നു. 

ഇക്കൂട്ടത്തില്‍ ഏറെ കൗതുകമേകുന്നൊരു വാര്‍ത്തയാണ് മഹാരാഷ്ട്രയില്‍ നിന്ന് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവാഹം മാറ്റിവയ്‌ക്കേണ്ട സാഹചര്യം വന്നതോടെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തിയിരിക്കുകയാണ് ഔറംഗാബാദ് സ്വദേശിയായ മുഹമ്മദ് മിന്‍ഹാജുദ് എന്ന യുവാവ്.

ബീഡ് സ്വദേശിയായ യുവതിയുമായി ആറ് മാസം മുമ്പാണ് മിന്‍ഹാജിന്റെ വിവാഹം നിശ്ചയിച്ചത്. എന്നാല്‍ കൊവിഡ് 19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ വന്നതോടെ വിവാഹം മാറ്റിവയ്‌ക്കേണ്ടിവരുമെന്ന ആശങ്കയായി. ഇതിനെല്ലാം ശേഷം ഏറെ ആലോചിച്ച ശേഷമാണ് ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത്. 

ഇതിന് പുരോഹിതരടക്കമുള്ളവര്‍ സമ്മതം മൂളുകയായിരുന്നു. അങ്ങനെ കുടുംബത്തിലെ മുതിര്‍ന്നവരെയും വീട്ടിലുള്ളവരേയും മാത്രം സാക്ഷികളാക്കി ഓണ്‍ലൈനായി മിന്‍ഹാജ് വിവാഹിതനായി. നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തില്‍ വിവാഹം നടന്നതില്‍ തങ്ങള്‍ക്ക് സന്തോഷം മാത്രമേയുള്ളൂവെന്ന് മിന്‍ഹാജിന്റേയും വധുവിന്റേയും കുടുംബങ്ങള്‍ പ്രതികരിച്ചു. വധൂഗൃഹത്തിലും വീട്ടിലുള്ളവരും മുതിര്‍ന്നവരും മാത്രമേ പങ്കെടുത്തിട്ടുള്ളൂ. 

click me!