പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ വേണ്ടത് വെറും പത്ത് ദിവസം!

By Web TeamFirst Published Apr 21, 2019, 5:58 PM IST
Highlights

പങ്കാളി ഉപേക്ഷിച്ചുപോകുന്നതോടെ ഒരാള്‍ പല രീതിയില്‍ പ്രശ്‌നത്തിലായേക്കാം, സ്‌നേഹം നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല അവിടെ പ്രതിസന്ധിയാകുന്നത്. വൈകാരികമായ അരക്ഷിതത്വം, അപകര്‍ഷതാബോധം, ആത്മവിശ്വാസക്കുറവ്, സുഹൃത്തുക്കളെയും പരിചയക്കാരെയും അഭിമുഖീകരിക്കാനുള്ള പ്രയാസം- ഇങ്ങനെ വിവിധ രീതിയില്‍ മനസ് ആകുലപ്പെട്ടേക്കാം

പ്രണയത്തകര്‍ച്ചയെ തുടര്‍ന്ന് കരിയറും, വ്യക്തിജീവിതവും സ്വസ്ഥമായ മാനസികനിലയുമെല്ലാം പ്രശ്‌നത്തിലാകുന്ന എത്രയോ ചെറുപ്പക്കാരെ നമ്മള്‍ കണ്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ പ്രണയത്തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇത്രയും ബുദ്ധിമുട്ടാണോ? അല്ലെങ്കില്‍ അത് സാധ്യമാണോ?

സാധ്യമാണെന്നാണ് ഹിപ്‌നോതെറാപ്പിസ്റ്റായ മല്‍മീന്ദര്‍ ഗില്‍ പറയുന്നത്. പ്രണയനൈരാശ്യത്തില്‍ നിന്ന് തിരിച്ചുകയറാന്‍ കേവലം പത്ത് ദിവസങ്ങള്‍ മാത്രം മതിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അതിന് വേണ്ടി പത്ത് ദിവസത്തെ ഒരു പ്രത്യേക കോഴ്‌സ് പോലും ഇപ്പോള്‍ നിലവിലുണ്ടെന്നും ഇവര്‍ പറയുന്നു. 

പങ്കാളി ഉപേക്ഷിച്ചുപോകുന്നതോടെ ഒരാള്‍ പല രീതിയില്‍ പ്രശ്‌നത്തിലായേക്കാം, സ്‌നേഹം നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല അവിടെ പ്രതിസന്ധിയാകുന്നത്. വൈകാരികമായ അരക്ഷിതത്വം, അപകര്‍ഷതാബോധം, ആത്മവിശ്വാസക്കുറവ്, സുഹൃത്തുക്കളെയും പരിചയക്കാരെയും അഭിമുഖീകരിക്കാനുള്ള പ്രയാസം- ഇങ്ങനെ വിവിധ രീതിയില്‍ മനസ് ആകുലപ്പെട്ടേക്കാം. എന്നാല്‍ ഇതിന് പരിഹാരം കാണണമെങ്കില്‍ അയാള്‍ സ്വയം തന്നെ തീരുമാനിക്കലാണ് ആദ്യം വേണ്ടതെന്ന് മല്‍മീന്ദര്‍ ഗില്‍ പറയുന്നു. 

നമുക്കെപ്പോഴും നമ്മുടെ മാനസികാവസ്ഥയെ മാറ്റാന്‍ കഴിയുമെന്നും, അതിന് ആകെ ഉണ്ടായിരിക്കേണ്ടത് തുറന്ന സമീപനം മാത്രമാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന്, ആദ്യത്തെ ഒന്നോ രണ്ടോ ദിവസമോ ജോലിയില്‍ നിന്നും വീട്ടില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം വേണമെങ്കില്‍ മാറിനില്‍ക്കാം. എന്നാല്‍ അതൊരിക്കലും തകര്‍ച്ച ആഘോഷിക്കാനാകരുത്. മറിച്ച്, പ്രണയം നഷ്ടമായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കാള്ളൊനും, വരുംദിവസങ്ങളെ പ്ലാന്‍ ചെയ്യാനുമായിരിക്കണം.

പ്രണയനൈരാശ്യം തുളുമ്പുന്ന സിനിമാഗാനങ്ങള്‍ കേള്‍ക്കുക, അത്തരത്തിലുള്ള സിനിമകള്‍ കാണുക, മദ്യത്തിലോ മറ്റ് ലഹരിയിലോ ആശ്രതയത്വം കണ്ടെത്തുക, വാതിലടച്ച് മുറിയില്‍ തന്നെയിരിക്കുക, പങ്കാളിയുമൊത്തുള്ള പഴയ ചിത്രങ്ങള്‍ വീണ്ടും എടുത്തുനോക്കുക, സോഷ്യല്‍ മീഡിയയില്‍ ആ ചിത്രങ്ങള്‍ പങ്കുവയ്ക്കുക, പങ്കാളിയെ വീണ്ടും കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കുക, അയാളുമായി വഴക്കുണ്ടാക്കുക- ഇങ്ങനെയെല്ലാമുള്ള കാര്യങ്ങള്‍ മനസിനെ കൂടുതല്‍ കുഴപ്പത്തിലാക്കുകയേ ഉള്ളൂവെന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു. 

ഇതൊന്നുമല്ലാതെ, ഒരു തകര്‍ച്ചയിലേക്ക് സ്വയം തള്ളിയിടരുതെന്ന് നിര്‍ബന്ധപൂര്‍വ്വം ചിന്തിച്ച്, അതിനെ മറികടക്കാനുള്ള വഴികള്‍ തേടലാണ് വേണ്ടത്. ഇതിന് പത്ത് ദിവസം തന്നെ ധാരാളമാണെന്നാണ് ഇവര്‍ പറയുന്നത്. അല്‍പം യുക്തിപൂര്‍വ്വം കാര്യങ്ങളെ സമീപിക്കാന്‍ നമ്മള്‍ നമ്മളെത്തന്നെ പ്രോത്സാഹിപ്പിക്കണം., അതിനുള്ള കഴിവ് എല്ലാവര്‍ക്കുമുണ്ടെന്ന ആത്മവിശ്വാസവും അതിന് പ്രധാനം തന്നെ!

click me!