ഓറഞ്ചിന്‍റെ തൊലി വലിച്ചെറിയരുതേ; ചര്‍മം തിളങ്ങാന്‍ സഹായിക്കും ഈ 5 ഫേസ് പാക്കുകള്‍

By Web TeamFirst Published Jun 2, 2019, 9:56 AM IST
Highlights

കഴിക്കാനും ജ്യൂസടിക്കാനും ഓറഞ്ച് ബെസ്റ്റാണെന്ന് എല്ലാവര്‍ക്കുമറിയാം. ഓറഞ്ചിന് അത്രത്തോളം ആരോഗ്യ ഗുണങ്ങളുണ്ട്. ഓറഞ്ചിന്‍റെ തൊലിക്ക് പോലും ധാരാളം ഗുണങ്ങളുണ്ട്. 

കഴിക്കാനും ജ്യൂസടിക്കാനും ഓറഞ്ച് ബെസ്റ്റാണെന്ന് എല്ലാവര്‍ക്കുമറിയാം. ഓറഞ്ചിന് അത്രത്തോളം ആരോഗ്യ ഗുണങ്ങളുണ്ട്. വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നത് കൊണ്ടുതന്നെ പ്രതിരോധശേഷിയുള്ള ഫലമാണ് ഓറഞ്ച്. ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ സഹായകമാണിവ. ഓറഞ്ചിന്‍റെ തൊലിക്ക് പോലും ധാരാളം ഗുണങ്ങളുണ്ട്. വിറ്റാമിൻ സി കൊണ്ടു സമ്പുഷ്ടവും ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയുമാണ് നമ്മൾ വലിച്ചെറിയുന്ന ഈ തൊലി. ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഓറഞ്ച് ഏറെ നല്ലതാണ്. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചു കിട്ടുന്ന പൊടി ആണ് ചർമസംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഓറഞ്ച് ഉപയോഗിച്ച് കിടിലൻ ഫേസ് പാക്കുകൾ വീട്ടിൽ ഉണ്ടാക്കാം.

1.  ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി(മുഖത്ത് പുരട്ടുന്നത്) ഒരു സ്പൂൺ ‌തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക.  10 മിനിറ്റ് വരെ മുഖത്ത് സൂക്ഷിച്ചശേഷം റോസ് വാട്ടർ  ഉപയോഗിച്ചു കഴുകി കളയുക. വെയിലേറ്റ് ഇരുണ്ട മുഖത്തിനു ഉത്തമമാണ് ഈ ഫേസ് പാക്ക്. ആഴ്ചയിൽ രണ്ടുതവണ ഈ  ഫേസ് പാക്ക് ഉപയോഗിക്കാം.

2. ഒരു വലിയ സ്പൂണ്‍ ഓറഞ്ച് പള്‍പ്പെടുക്കുക. ഇതിലേക്ക് ഒരു വലിയ സ്പൂണ്‍ ചന്ദനം പൊടിച്ചതും  അര ചെറിയ സ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് കഴുകികളയാം. ആഴ്ചയില്‍ രണ്ട് ദിവസം ഈ ഫേസ് പാക്ക് ഇടുന്നത് ചര്‍മത്തിന് തിളക്കം നല്‍കും. 

3.നാലോ അഞ്ചോ ഓറഞ്ച് അല്ലിയും രണ്ട് കഷണം പപ്പായയും കുഴമ്പ് രൂപത്തിലാക്കിയെടുക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും ഇടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകികളയാം. ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ ചര്‍മത്തിന്‍റെ നിറം വര്‍ധിക്കും.

4. ഒരു വലിയ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ ഒരു വലിയ സ്പൂണ്‍ മുള്‍ട്ടാണിമിട്ടിയും സമം റോസ് വാട്ടറും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി നാല്‍പത് മിനിറ്റിന് ശേഷം കഴുകി വൃത്തിയാക്കണം. ആഴ്ചയില്‍ ഒരു തവണ ഈ ഫേസ് പാക്കിട്ടാല്‍ ബ്ലാക്ഹെഡ്സും വൈറ്റ് ഹെഡ്സും നീങ്ങി ചര്‍മം വൃത്തിയാകും.

5. ഒരു വലിയ സ്പൂണ്‍ ഓറഞ്ച് നീരും സമം നാരങ്ങാനീരും എടുക്കുക. ഇതില്‍ ഒരു പഴത്തിന്‍റെ കഷണം കുഴമ്പാക്കിയത് ചേര്‍ത്തു മിശ്രിതമാക്കണം. മുഖം വൃത്തിയായി കഴുകി വെള്ളം ഒപ്പിയെടുത്ത ശേഷം ഈ പാക്ക് മുഖത്ത് പുരട്ടുക. മൂന്ന് മിനിറ്റ് മസാജ് ചെയ്യണം. പതിനഞ്ച് മിനിറ്റിന് ശേഷം വൃത്തിയായി കഴുകുക. മുഖം വെട്ടിതിളങ്ങും.

click me!