Latest Videos

ഉപേക്ഷിക്കപ്പെട്ട പട്ടിക്കുട്ടിയും കൂടെ ചങ്ക് പൊള്ളിക്കുന്നൊരു കത്തും!

By Web TeamFirst Published Jan 2, 2020, 11:40 PM IST
Highlights

വെറുതെ അലഞ്ഞുതിരിയുന്ന രീതിയിലല്ല പട്ടിക്കുട്ടിയെ കണ്ടുകിട്ടിയത്. പള്ളിയ്ക്ക് പുറത്തായി സുരക്ഷിതമായി കെട്ടിയിട്ട ശേഷം ആരോ ഉപേക്ഷിച്ചുപോയതാണ്. തൊട്ടടുത്ത് നിന്നായി പട്ടിക്കുട്ടിയെ ഉപേക്ഷിച്ചുപോയ ഉടമസ്ഥനെഴുതിയ ഒരു കത്തും ജീവനക്കാര്‍ക്ക് കിട്ടി. ആ കത്തിന്റെ ഉള്ളടക്കമാണ് ഉപേക്ഷിക്കപ്പെട്ട ഈ പട്ടിക്കുട്ടിയെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്രമാത്രം പ്രശസ്തനാക്കിയിരിക്കുന്നത്

പലര്‍ക്കും വളര്‍ത്തുമൃഗങ്ങളുമായുള്ള ബന്ധം മനുഷ്യരോടുള്ളതിനേക്കാള്‍ തീവ്രവും ആഴത്തിലുള്ളതുമായിരിക്കും. ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ് പട്ടികളും അവരുടെ ഉടമസ്ഥരും തമ്മിലുള്ള ബന്ധം. വീട്ടിലാര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വന്നാല്‍ എത്രമാത്രം ആശങ്കപ്പെടുമോ അത്ര തന്നെ വളര്‍ത്തുപട്ടികളുടെ കാര്യത്തിലും ആശങ്കകള്‍ കാത്തുസൂക്ഷിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്.

അത്തരക്കാരുടെ കണ്ണ് നനയിക്കുന്നൊരു വാര്‍ത്തയാണ് ഇംഗ്ലണ്ടിലെ ലാന്‍കഷയറില്‍ നിന്നും പങ്കുവയ്ക്കാനുള്ളത്. ഇവിടെ ബ്ലാക്പൂളിന് അടുത്തായി ഒരു പള്ളിയുണ്ട്.  സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്. ഇക്കഴിഞ്ഞ 18ന് രാവിലെ അവിടെ പള്ളി തുറക്കാനെത്തിയ ജീവനക്കാര്‍ക്ക് ഒരു സുന്ദരന്‍ പട്ടിക്കുട്ടിയെ കണ്ടുകിട്ടി.  

വെറുതെ അലഞ്ഞുതിരിയുന്ന രീതിയിലല്ല പട്ടിക്കുട്ടിയെ കണ്ടുകിട്ടിയത്. പള്ളിയ്ക്ക് പുറത്തായി സുരക്ഷിതമായി കെട്ടിയിട്ട ശേഷം ആരോ ഉപേക്ഷിച്ചുപോയതാണ്. തൊട്ടടുത്ത് നിന്നായി പട്ടിക്കുട്ടിയെ ഉപേക്ഷിച്ചുപോയ ഉടമസ്ഥനെഴുതിയ ഒരു കത്തും ജീവനക്കാര്‍ക്ക് കിട്ടി. ആ കത്തിന്റെ ഉള്ളടക്കമാണ് ഉപേക്ഷിക്കപ്പെട്ട ഈ പട്ടിക്കുട്ടിയെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്രമാത്രം പ്രശസ്തനാക്കിയിരിക്കുന്നത്.

തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിയെ ഉപേക്ഷിച്ചുപോകുന്നതിലുള്ള ദുഖവും ആധിയുമാണ് അതില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്. പുതിയൊരു ഉടമസ്ഥനും പുതിയൊരു ജീവിതപരിസരവും തന്റെ പട്ടിക്കുട്ടിക്കുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം കത്തിലൂടെ പങ്കുവച്ചിരിക്കുന്നു.

'ഇവനെ ഉപേക്ഷിക്കുകയെന്നത് എനിക്കെത്രമാത്രം പ്രയാസമുണ്ടാക്കിയെന്ന് പറയാനാകില്ല. നിങ്ങളിത് വിശ്വസിച്ചേ മതിയാകൂ... ഇവനാണ് എന്റെ ലോകം. പക്ഷേ ഇപ്പോള്‍ മറ്റെന്താണ് ചെയ്യേണ്ടത് എന്നെനിക്ക് അറിയില്ല. എനിക്ക് ഇവനെ സംരക്ഷിക്കാന്‍ ഇപ്പോഴൊരു വീടോ, പണമോ കയ്യിലില്ല. ജീവിതം വഴിമുട്ടി നില്‍ക്കുന്ന ഒരവസ്ഥയിലാണ് ഞാന്‍. ഇങ്ങനെയൊരവസ്ഥയില്‍ ഈ തണുപ്പിലും വിശപ്പിലും ഇവനെ കൂടെ നിര്‍ത്തുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും വയ്യ. ഇവന് പുതിയൊരു വീടുണ്ടാകും എന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒരുപാടൊരുപാട് ഇഷ്ടം.... എന്നോട് ക്ഷമിക്കണം....'- ഇതായിരുന്നു ആ കത്തിലെ വരികള്‍.

കത്ത് വായിച്ച പള്ളി ജീവനക്കാര്‍ എന്തായാലും പട്ടിക്കുട്ടിയെ കൈവിട്ടില്ല. ആര്‍ എസ് പി സി എ എന്ന മൃഗക്ഷേമ സംഘടനയില്‍ വിരം അറിയിച്ചു. അവിടെ നിന്നുള്ള വിദഗ്ധ സംഘം ആദ്യം പട്ടിക്കുട്ടിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു. ഇനി ഇതിന്റെ സംരക്ഷണം അവര്‍ ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഉപേക്ഷിച്ചെങ്കിലും ആ പട്ടിക്കുട്ടിയോട് ഉടമസ്ഥനുള്ള കരുതല്‍ കണക്കിലെടുത്ത് അയാള്‍ തിരിച്ചെത്തിയാല്‍ അതിനെ നല്‍കാനും അവര്‍ തയ്യാറാണ്. തുടര്‍ന്നും അതിന് വേണ്ട ചിലവുകള്‍ വഹിക്കാന്‍ തയ്യാറാണെന്ന് കൂടി അവര്‍ കൂട്ടിച്ചേര്‍ത്തു.

click me!