
സോഷ്യൽ മീഡിയയും ഡേറ്റിംഗ് ആപ്പുകളും പ്രണയത്തിന്റെ ഭാഷ തന്നെ മാറ്റിമറിച്ച കാലമാണിത്. 'ഗോസ്റ്റിംഗ്', 'ബ്രെഡ്‌ക്രംബിംഗ്' തുടങ്ങിയ പദങ്ങൾ നമുക്കിടയിൽ സുപരിചിതമായിക്കഴിഞ്ഞു. എന്നാൽ, 2025-26 കാലഘട്ടത്തിൽ പ്രണയബന്ധങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും വിദഗ്ദ്ധർ ഭീതിയോടെ കാണുന്നതുമായ ഒരു പുതിയ പ്രവണതയാണ് 'പേപ്പർ ക്ലിപ്പിംഗ്'. പഴയ പങ്കാളികൾ പെട്ടെന്നൊരു ദിവസം നിങ്ങളുടെ ജീവിതത്തിലേക്ക് യാതൊരു ലക്ഷ്യവുമില്ലാതെ കടന്നുവരുന്ന രീതിയാണിത്.
പഴയ മൈക്രോസോഫ്റ്റ് വിൻഡോസ് വേർഷനുകളിൽ സഹായിയായി വന്നിരുന്ന 'ക്ലിപ്പി' എന്ന പേപ്പർ ക്ലിപ്പ് ചിഹ്നത്തിൽ നിന്നാണ് ഈ പേര് വന്നത്. നമുക്ക് ആവശ്യമില്ലാത്ത സമയത്തും ഇടയ്ക്കിടെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് 'സഹായം വേണോ?' എന്ന് ചോദിക്കുന്ന ക്ലിപ്പിയെപ്പോലെയാണ് ഈ മനുഷ്യരും. നിങ്ങളുമായി ബ്രേക്കപ്പ് ആയ ഒരാൾ, അല്ലെങ്കിൽ മാസങ്ങളായി മിണ്ടാതിരുന്ന ഒരു മുൻ കാമുകനോ കാമുകിയോ പെട്ടെന്നൊരു ദിവസം ഒരു സന്ദേശമയക്കുന്നു. 'ഹേയ്, സുഖമാണോ?' എന്നോ മറ്റോ ഉള്ള വളരെ ലളിതമായ ഒരു മെസ്സേജ് ആയിരിക്കും ഇത്. എന്നാൽ നിങ്ങൾ മറുപടി നൽകിക്കഴിഞ്ഞാൽ അവർ വീണ്ടും അപ്രത്യക്ഷരാകുന്നു. നിങ്ങളുമായി വീണ്ടും പ്രണയത്തിലാവാനോ സംസാരിക്കാനോ അവർക്ക് താല്പര്യമില്ല, മറിച്ച് നിങ്ങളുടെ ജീവിതത്തിൽ അവർക്ക് ഇപ്പോഴും ഒരു സ്ഥാനമുണ്ടോ എന്ന് വെറുതെ ഒന്ന് പരിശോധിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം.
മനഃശാസ്ത്ര വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ പേപ്പർ ക്ലിപ്പിംഗിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: ഏകാന്തതയും വിരസതയും.
ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ, ന്യൂറോ സയന്റിസ്റ്റായ ഡില്ലൻ വാട്കിൻസ് പറയുന്നത് പ്രകാരം, ഗൗരവകരമായ പ്രണയബന്ധങ്ങൾക്ക് ശേഷം ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത് മാനസികമായി വലിയ ആഘാതമുണ്ടാക്കും. പഴയ ഓർമ്മകൾ വീണ്ടും വരുന്നത് നിങ്ങളുടെ സമാധാനം നശിപ്പിക്കാനും, മുറിവുകൾ ഉണങ്ങാൻ താമസമെടുപ്പിക്കാനും കാരണമാകും. നിങ്ങളുടെ വൈകാരിക സുരക്ഷിതത്വത്തെ ഇത് സാരമായി ബാധിക്കുന്നു.
വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന പ്രധാന വഴി പ്രതികരിക്കാതിരിക്കുക എന്നതാണ്. നിങ്ങളുടെ വൈകാരിക ഊർജ്ജത്തെയും സമയത്തെയും വിലമതിക്കാത്ത ഒരാൾക്ക് മറുപടി നൽകുന്നത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. മറ്റൊരു വഴി നേരിട്ട് ചോദിക്കുക എന്നതാണ്. എന്തിനാണ് ഇപ്പോൾ മെസ്സേജ് അയച്ചത് എന്ന് അവരോട് നേരിട്ട് ചോദിക്കാം. ഇത് അവരുടെ യഥാർത്ഥ ലക്ഷ്യം പുറത്തുകൊണ്ടുവരാൻ സഹായിക്കും. മിക്കപ്പോഴും ഇത്തരം ചോദ്യങ്ങൾ നേരിടുമ്പോൾ അവർ പിന്തിരിഞ്ഞു പോകാറാണ് പതിവ്.
ഏറ്റവും ദോഷകരമായ പത്ത് ഡേറ്റിംഗ് ട്രെൻഡുകളിൽ ഒന്നായി പേപ്പർ ക്ലിപ്പിംഗ് മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിങ്ങളെ സ്നേഹിക്കുന്ന അല്ലെങ്കിൽ ബഹുമാനിക്കുന്ന ഒരാൾ ഒരിക്കലും നിങ്ങളുടെ വികാരങ്ങളെ ബാക്കപ്പ് പ്ലാൻ ആയി കാണില്ല. സ്വന്തം മൂല്യം തിരിച്ചറിയുകയും ഇത്തരം താല്കാലിക സന്തോഷങ്ങൾക്കായി വൈകാരിക സമാധാനം കളയാതിരിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമെന്നാണ് റിപ്പോർട്ട് പറയുന്നത്.