“പിള്ളേർ അങ്ങ് താനേ വളർന്നോളുമെന്നേ”- ഇങ്ങനെ ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ?

“ഞാൻ മാത്രമാണോ ഏറ്റവും മോശം പേരെന്റ്”- ഇങ്ങനെ തോന്നിയിട്ടുണ്ടോ?
“പണ്ട് ചെറിയ കുട്ടികളെ കാണുമ്പോൾ എത്ര ഇഷ്ടമായിരുന്നു എനിക്ക്, പക്ഷേ സ്വന്തം കുട്ടിയെ എനിക്കെന്താ ഇപ്പോൾ അതേപോലെ സ്നേഹിക്കാൻ കഴിയാത്തത്”- എന്നു ചിന്തിക്കാറുണ്ടോ?

താഴെ പറയുന്ന കാര്യങ്ങൾ വായിച്ച് നിങ്ങൾ സ്ട്രെസ്സ് അനുഭവിക്കുന്ന മാതാപിതാക്കൾ ആണോ എന്നു തിരിച്ചറിയാം...

1.    ഒരു മാതാവ്‌/ പിതാവ് എന്ന നിലയിൻ സന്തോഷവാൻ/ സന്തോഷവതി അല്ല.
2.    ഞാൻ എന്റെ കുട്ടിക്ക് വേണ്ടി ചെയ്യുന്നതൊന്നും അത്ര പോരാ എന്ന ചിന്തയാണ് എപ്പോഴും.
3.    എന്റെ കുട്ടിയോട് എനിക്ക് മാനസിക അടുപ്പം ഇല്ല.
4.    എന്റെ കുട്ടിക്കൊപ്പം സമയം ചിലവഴിക്കാൻ എനിക്ക് കഴിയുന്നില്ല.
5.    കുട്ടി ജനിച്ചതിനുശേഷം എനിക്ക് ഭാവിയെപ്പറ്റി വലിയ ആശങ്കയാണ്.
6.    ജീവിതത്തിൽ ഏറ്റവും അധികം മാനസിക സമ്മർദ്ദം എനിക്ക് കുട്ടിയെ വളർത്തുന്നതിലാണ്.
7.    കുട്ടി ജനിച്ചതിനുശേഷം ഒഴിവ് സമയം തീരെ കിട്ടാതെയായി.
8.    ഒരു മാതാവ്‌/പിതാവ് ആയശേഷം വലിയ സാമ്പത്തികക്ലേശം ഞാൻ അനുഭവിക്കുന്നു.

ഞാൻ നല്ല മാതാവോ പിതാവോ അല്ല എന്ന ചിന്ത കുറ്റബോധം ഉണ്ടാക്കുന്ന അവസ്ഥ പല മാതാപിതാക്കളിലും ഉണ്ട് എന്നതാണ് വാസ്തവം. ജോലിയും കുട്ടികളുടെ കാര്യങ്ങളും എല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടായി പലരും പറയാറുണ്ട്, കൂടുതലും അമ്മമാർ. ഇപ്പോൾ ഓൺലെെൻ ക്ലാസ്സുകളും മറ്റും നടക്കുമ്പോൾ മാതാപിതാക്കൾക്ക്  പ്രത്യേകിച്ച് അമ്മമാർക്ക് വലിയ സ്ട്രെസ്സ് ആണ് ഉള്ളത്. Attention Deficit Hyperactivity disorder(ADHD)- ശ്രദ്ധക്കുറവ്, അടങ്ങി ഇരിക്കാൻ ബുദ്ധിമുട്ട് എന്നീ ബുദ്ധിമുട്ടുകൾ ഉള്ള കുട്ടികളെ ഓൺലൈൻ ക്ലാസ്സുകളിൽ ഇരുത്തുക എന്നത് തന്നെ വലിയ മാനസിക സമ്മർദ്ദം  മാതാപിതാക്കളിൽ ഉണ്ടാക്കുന്നുണ്ട്.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക...

1.    എല്ലാത്തിലും 100 ശതമാനം പെർഫെക്റ്റ്‌ ആകണം എന്ന വാശി കുട്ടിയുടെ കുറവുകളെ അംഗീകരിച്ചു മെച്ചപ്പെടുത്തി എടുക്കാനുള്ള ക്ഷമ നഷ്ടമാക്കിക്കളയും. ഏറ്റവും മികച്ച മാതാപിതാക്കൾ ആവാൻ ശ്രമിച്ച് മാനസിക സമ്മർദ്ദത്തിൽ ആകാതെ ഇരിക്കുക. ഒരു പെർഫെക്റ്റ്‌ മാതാവോ പിതാവോ ആവാനുള്ള ശ്രമം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തേക്കാം. നമുക്ക് കഴിയുന്ന അത്ര മികച്ച രീതിയിൽ കുട്ടിയെ വളർത്താൻ ശ്രമിക്കാം. മറ്റ് മാതാപിതാക്കൾ എങ്ങനെയാണോ അതേപോലെ ആയിത്തീരാൻ മത്സര ബുദ്ധിയോടെ പെരുമാറുക അല്ല വേണ്ടത്. കാരണം ഓരോ കുട്ടിയും വ്യത്യസ്തരാണ്. ആദ്യത്തെ കുട്ടിയെ വളർത്തുന്ന രീതിയിൽ ആവില്ല അടുത്ത കുട്ടിയെ വളർത്തേണ്ടി വരിക. എല്ലാം തികഞ്ഞ ഒരു പേരന്റ് അല്ല എന്ന് കരുതി സ്വയം വിലകുറച്ച് ചിന്തിക്കുന്നത് ഒഴിവാക്കുക. എങ്ങനെ കുട്ടിയ്ക്ക് സമ്മർദ്ദം ഉണ്ടാക്കാതെ സ്നേഹത്തോടെ കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന രീതി സ്വീകരിക്കാൻ കഴിയും എന്നു ചിന്തിക്കുക.

2.    എന്റെ കുട്ടിയുടെ കുറവ് എന്റെ പരാജയം ആണെന്ന് ചിന്തിക്കാതെ ഇരിക്കുക. പല മാതാപിതാക്കളും ഉദാ: ഒരു അധ്യാപികയുടെ കുട്ടി ആണെങ്കിൽ ആ കുട്ടി പഠിത്തത്തിൽ പിന്നോക്കം പോയാൽ അത് ആ മാതാവിന്റെ പരാജയമാണ്, അത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത അങ്ങേയറ്റം നാണക്കേട് ഉണ്ടാക്കുന്ന അവസ്ഥയായി ആ മാതാവ് കാണുന്ന മനോഭാവം ദോഷകരമാണ്. എന്ത് കൊണ്ടാണ് കുട്ടിക്ക് പഠിക്കാൻ കഴിയാത്തത്, പഠന വൈകല്യം പോലെയുള്ള അവസ്ഥ ഉണ്ടോ, അതോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ കുട്ടിയെ അലട്ടുന്നുണ്ടോ എന്നു കണ്ടുപിടിക്കാൻ കഴിയണം. പരാജയമെന്നാൽ ജീവിതത്തിന്റെ അവസാനമാണ് എന്ന തെറ്റായ സന്ദേശം കുട്ടികൾക്ക്  നൽകാതെ ഇരിക്കുക. ഭാവിയിൽ പരാജയഭീതി, വിഷാദം, ആത്മഹത്യാപ്രവണത എന്നിവ കുട്ടികളിൽ ഉണ്ടാവാതെ തടയാൻ ശ്രമിക്കാം.

3.    കുട്ടികളെ ഭയപ്പെടുത്തി പഠിപ്പിക്കാൻ ശ്രമിക്കുന്നത് ദോഷം ചെയ്യും.Authoritative parenting- കുട്ടികളെ മനസ്സിലാക്കുന്ന മാതാപിതാക്കൾ ആവാൻ ശ്രമിക്കാം. ഭയപ്പെടുത്തി അടിമത്വത്തിൽ കുട്ടിയെ വളർത്തുന്ന രീതി വലിയ ദോഷം ചെയ്യും. ആത്മവിശ്വാസവും സമൂഹത്തിൽ ജീവിക്കുമ്പോൾ ശരി-തെറ്റുകളെപ്പറ്റി വേണ്ട അവബോധം ഉള്ളവരായിവളർത്തിയെടുക്കാൻ കഴിയുക പ്രധാനമാണ്. കുട്ടികൾക്ക്  മാർ​ഗനിർദേശം ആവശ്യമാണ്. അവർ തനിയെ അങ്ങു വളർന്നുകൊള്ളും എന്നുകരുതാൻ കഴിയില്ല. അവർക്ക് എന്തുകാര്യങ്ങളും അനുവദിച്ചുകൊടുക്കുന്ന permissive parenting ഒഴിവാക്കേണ്ടതാണ്.

4.    കുട്ടിയുടെ ചെറിയ വാശിപോലും മാതാപിതാക്കളിൽ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കിയേക്കാം. ചില കുട്ടികളെ പ്രത്യേകിച്ച് ദേഷ്യം, അനുസരണക്കേട്‌, ഉപദ്രവ സ്വഭാവം, അടങ്ങി ഇരിക്കാൻ ബുദ്ധിമുട്ട്, ബുദ്ധിക്കുറവ്, ഓട്ടിസം എന്നീ പ്രശ്നങ്ങൾ ഉള്ള കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾക്ക്  വലിയ മാനസിക സമ്മർദ്ദം ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റുള്ളവരുടെ കളിയാക്കലുകള്ക്കു  കുട്ടിയോ മാതാപിതാക്കളോ ഇരകളാവുന്ന സന്ദർഭങ്ങളും ഉണ്ട്. മാതാപിതാക്കളുടെ കുറ്റംകൊണ്ടാണ് കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായത് എന്ന രീതിയിലുള്ള കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നത് മാതാപിതാക്കളെ മാനസികമായി തളർത്താൻ ഇടയുണ്ട്. അത്തരം സാഹചര്യങ്ങളിൽ മനസ്സിനെ തളർത്തുന്ന തരം വിമർശനങ്ങൾക്ക് അമിത പ്രാധാന്യം നൽകാതെ കുട്ടി‌യ്ക്ക് ഗുണകരമായ കാര്യങ്ങളെപ്പറ്റി ചിന്തിക്കാൻ ശ്രമിക്കുക. വിമർശനം നടത്തുന്ന പലരും അത് കേൾക്കുന്നവരിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദങ്ങളെ പറ്റി ആലോചിക്കാതെയാവും സംസാരിക്കുക. പലരും സഹായിക്കാൻ എന്ന ആഗ്രഹത്തിൽ പറയുന്ന കാര്യങ്ങൾ പലപ്പോഴും മാതാപിതാക്കളുടെ ആത്മവിശ്വാസം തകർത്ത് കളയുന്ന അവസ്ഥ സൃഷ്ടിക്കുന്നതായി കാണാറുണ്ട്

5.    ശിക്ഷാ നടപടികൾ ദോഷമായി മാറിയേക്കാം. പലവിധ മാനസിക സമ്മര്ദ്ദിത്തിൽ ആയിരിക്കുന്ന മാതാപിതാക്കൾ അവരുടെ ദേഷ്യം ചിലപ്പോൾ കുട്ടികൾക്ക്  നേരെ കാണിക്കുന്ന രീതിയുണ്ട്. കുട്ടിയുടെ തെറ്റ് അദ്ധ്യാപകരോ മറ്റാരെങ്കിലും ചൂണ്ടികാണിക്കുമ്പോൾ ഉണ്ടാവുന്ന മാനസിക സമ്മർദ്ദത്തിൽ കുട്ടിയെ തല്ലി നന്നാക്കാനുള്ള ശ്രമം പല മാതാപിതാക്കളും നടത്താറുണ്ട്. Punishment- ശിക്ഷാ നടപടികൾ കുട്ടിയുടെ സ്വഭാവം നന്നാക്കാനുള്ള സാധ്യത വളരെ കുറവാണ്. തെറ്റായ സ്വഭാവം പ്രകടമാക്കാതെ ഭയന്നു കുട്ടി ആ സ്വഭാവം തടഞ്ഞു വെക്കുമെങ്കിലും എന്താണ് ശരിയായ സ്വഭാവരീതി എന്നു കുട്ടി മനസ്സിലാക്കുകയില്ല. ഉപദ്രവിക്കുന്നതിനു പകരം സ്നേഹത്തോടെ പറഞ്ഞു തിരുത്താൻ ശ്രമിച്ചെങ്കിലേ നല്ല സ്വഭാവം അവരിൽ വളര്ത്തി യെടുക്കാൻ കഴിയൂ. ഇതിനായി മികച്ച behaviour therapy മാർ​ഗങ്ങൾ ഉണ്ട്. അതിനെപ്പറ്റി കൂടുതൽ മനസിലാക്കാൻ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ സമീപിക്കുക.

6.    മറ്റു കുട്ടികളുമായി താരതമ്യം ചെയ്തു സമ്മർദ്ദത്തിൽ ആവാതെ ഇരിക്കുക. അടുത്തവീട്ടിലെ കുട്ടികളും ഒപ്പം പഠിക്കുന്ന മറ്റു കുട്ടികളുമായൊക്കെ അമിതമായി താരതമ്യം നടത്തി കുട്ടിയുടെ ആത്മവിശ്വാസം തകർക്കാതെ ഇരിക്കുക.“മറ്റുകുട്ടികൾ എല്ലാം മിടുക്കരാവും, നീ മാത്രം ഒരു പരാജയമായി മാറും. പരാജയമെന്നാൽ പിന്നെ എല്ലാത്തിന്റൊയും അവസാനമാണ്, മറ്റുള്ളവർ നിന്നെ പരിഹസിക്കും, പരിഹാസം സഹിച്ചു ജീവിക്കുന്നതിൽ അർത്ഥമില്ല”-ഈ രീതിയിൽ വലിയ സമ്മർദ്ദം കുട്ടിയിൽ ഉണ്ടാക്കുന്നത് ദോഷകരമാണ്. എന്താണ് കുട്ടിയുടെ അശ്രദ്ധയ്ക്കു കാരണം എന്നു കണ്ടെത്തുകയാണ് വേണ്ടത്.

7.    കുട്ടി പഠനത്തിൽ മാത്രം അല്ല ജീവിതത്തിലും വിജയം നേടണം. പഠനത്തിനപ്പുറം സ്വന്തം വീട്ടിൽ എന്താണ് നടക്കുന്നത്, മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി എന്താണ്, ഒരു വ്യക്തിയ്ക്ക് ജീവിക്കാൻ പ്രധാനമായും എന്തെല്ലാം കഴിവുകളാണ് വേണ്ടത്, കുട്ടികളിൽ ഉത്തരവാദിത്വബോധം എന്നാൽ എന്താണ്- ഇങ്ങനെ പല കാര്യങ്ങളും കുട്ടികളെ പഠിപ്പിക്കാൻ ഇന്ന് നമുക്ക് കഴിയുന്നുണ്ടോ? ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ അതിനെ എങ്ങനെ നേരിടാം എന്നു കുട്ടികൾക്ക് അറിയാമോ? ഇത്തരം കാര്യങ്ങളിൽ മുതിർന്നവരെ മാതൃകയാക്കാൻ കുട്ടികൾക്ക് കഴിയുന്നുണ്ടോ?

8.    കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം. മാതാപിതാക്കൾ രണ്ടുപേരും ചേർന്ന്  ഉത്തരവാദിത്വം നിർവഹിക്കണം. കുട്ടിയുടെ സ്വഭാവരൂപീകരണം മാതാപിതാക്കൾ രണ്ടു പേരുടെയും ഉത്തരവാദിത്വമാണ്. എല്ലാ ഉത്തരവാദിത്വവും ഒരാളുടെമേൽ ആകുമ്പോൾ അതു മടുപ്പുളവാക്കുകയും ദേഷ്യത്തിന്റെപ രൂപത്തിൽ അവയെല്ലാം കുട്ടിക്കുനേരെ പ്രകടമാക്കാനും സാധ്യതയുണ്ട്. മാതാപിതാക്കൾ തമ്മിൽ പൊരുത്തക്കേടുകൾ, പരസ്പര വിശ്വാസമില്ലായ്മ, ദേഷ്യംനിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ, അമിത മദ്യപാനശീലം എന്നിവപരിഹരിക്കാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിൽ വിദഗ്‌ദ്ധ സഹായം തേടുക.

9.    എനിക്ക് നേടാൻ കഴിയാതെ പോയത് കുട്ടിയിലൂടെ നേടണം എന്നു വാശിപിടിക്കരുത്. കുട്ടികളുടെ ജീവിതം മാതാപിതാക്കൾ ജീവിക്കുന്ന അവസ്ഥയാണ്‌ ചില വീടുകളിൽ. വലുതാകുമ്പോൾ കുട്ടികൾ മാതാപിതാക്കളോട് എതിർപ്പു കാണിക്കുക, അധികാര സ്ഥാനത്തിരിക്കുന്നവരോട് വാശിയോടെ പെരുമാറുക എന്നിങ്ങനെയുള്ള സ്വഭാവ പ്രശ്നങ്ങളിലേക്ക് അതു നയിക്കാൻ ഇടയുണ്ട്. കുട്ടികൾക്ക്  ആവശ്യമായ സ്വാതന്ത്ര്യം നൽകി ശരി തെറ്റുകൾ തിരിച്ചറിയാൻ അവരെ സഹായിച്ച് അനുകൂലമായ അന്തരീക്ഷം വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാം.

പല കുട്ടികളുടെയും സ്വഭാവ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് മാതാപിതാക്കൾ നേരിടുന്നവലിയ വെല്ലുവിളിയാണ്. മാതാപിതാക്കൾക്ക് ജോലിത്തിരക്കുമൂലം കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ പറ്റാതെ വരുന്നത് ഇന്നു മാതാപിതാക്കൾ നേരിടുന്ന വലിയ പ്രശ്നം ആണ്. മുൻ കാലങ്ങളിൽ അമ്മമാർ കുട്ടിൾക്കൊപ്പം മുഴവൻ സമയം ചിലവഴിക്കുമായിരുന്നു എങ്കിൽ ഇന്ന് മാതാപിതാക്കൾ രണ്ടുപേരും ജോലി ചെയ്തു എങ്കിലേ ജീവിത ചിലവുകൾ സാധ്യമാവൂ എന്ന അവസ്ഥയും ഒക്കെ ഉണ്ട്.

 ഇനി കുട്ടിയെ നോക്കാൻ മാതാപിതാക്കളിൽ ഒരാൾ ജോലി ഉപേക്ഷിച്ചേ മതിയാവൂ എന്ന സാഹചര്യത്തിൽ മിക്കപ്പോഴും അത് കുട്ടിയുടെ അമ്മ തന്നെയാവും ചെയ്യുക. പക്ഷേ മുൻ കാലങ്ങളിലെ അപേക്ഷിച്ച് സ്ത്രീകൾ നല്ല നിലയിൽ വിദ്യാഭ്യാസം നേടി മികച്ച ജോലികൾ നേടുന്ന ഈ കാലത്ത് വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ജോലിക്കു പോവാൻ കഴിയാതെ വരുന്ന അവസ്ഥയും നിരവധി അമ്മമാരിലും മാനസിക സമ്മ‌ർദ്ദത്തിന് കാരണമാകുന്നു.

 തങ്ങൾ വീടുകളിൽ തളയ്ക്കപ്പെട്ട അവസ്ഥയാണ്‌ അവരുടെ സമ്മർദ്ദത്തിനു കാരണം. പലരും ജോലി സംബന്ധമായി നാട്ടിൽ നിന്നും ദൂരെ താമസിക്കേണ്ടി വരുമ്പോൾ പണ്ടു കാലങ്ങളിലെപോലെ മുത്തശ്ശിയുടെയും മുത്തച്ഛന്റെയും ബന്ധുക്കളുടെയും ഒക്കെ സഹായം കുട്ടികളെ വളർത്തുന്ന കാര്യത്തിൽ പല മാതാപിതാക്കൾക്കും ലഭിക്കുന്നില്ല.

വല്ലാത്ത മാനസിക സമ്മർദ്ദത്തിലേക്ക് മാതാപിതാക്കൾ പോകുന്നു എങ്കിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സഹായം തേടുക. പ്രസവശേഷം അമ്മമാർ വിഷാദത്തിലേക്കും മാനസിക പ്രശ്നങ്ങളിലേക്കും ഒക്കെ പോകുന്നതായി കണ്ടാൽ ചികിത്സ തേടാൻ മടികാണിക്കാതെ ഇരിക്കുക. അംഗീകൃത ചികിത്സകാരെ മാത്രം സമീപിക്കുക. മന:ശാസ്ത്രജ്ഞരെ സമീപിക്കുമ്പോൾ അവരുടെ രജിസ്റ്റർ നമ്പർ വിദ്യഭ്യാസ യോഗ്യത എന്നിവ ഉറപ്പ് വരുത്തുക.

കൊവിഡ് ബാധിതരായ അമ്മമാര്‍ കുഞ്ഞുങ്ങളെ മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത്; വിദ​ഗ്ധർ പറയുന്നു

എഴുതിയത്:
പ്രിയ വർഗീസ്(M.Phil, MSP)
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (RCI RegNo. 40415)
PH: 8281933323
Telephone consultation only